Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
OnamNews

പഴമയുടെ ഓര്‍മ പുതുക്കി ഓണപൂക്കളം

 

പച്ചപ്പരവതാനി അണിഞ്ഞ പ്രകൃതിക്ക് മാറ്റുകൂട്ടാന്‍ വര്‍ണ്ണച്ചാര്‍ത്തായി പൂത്തുലയുന്ന പൂക്കള്‍ ഓണക്കാലത്തിന്റെ പ്രത്യേകതയാണ്. വെള്ള, ചുവപ്പ്, മഞ്ഞ തുടങ്ങിയ നിറങ്ങളില്‍ പല ഗന്ധങ്ങളില്‍ തൊടിയില്‍ പൂത്തുലയുന്ന പൂക്കളിറുക്കാനുള്ള യാത്ര ബാല്യങ്ങള്‍ക്ക് ആഘോഷമാണ്. ഈറന്‍ പുലരിയില്‍ ഇലക്കുമ്പിളില്‍ തുമ്പയും മുക്കുറ്റിയും ചിരവപ്പപ്പനും കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും ശേഖരിച്ച് പൂവിളി ചൊല്ലി നീങ്ങുന്ന കുട്ടികള്‍ ഓണക്കാലത്തെ കാഴ്ചയാണ്.

ചെത്തി മിനുക്കിയ മുറ്റത്ത് സാധാരണ വൃത്താകൃതിയിലാണ് പൂക്കളം തീര്‍ക്കുന്നത്. ചിങ്ങത്തിലെ അത്തം മുതല്‍ ഉത്രാടം വരെയുള്ള ദിവസങ്ങളില്‍ പൂക്കള്‍ കൊണ്ട് കളം നിറയ്ക്കും. തിരുവോണദിവസം പൂക്കളം മാറ്റും. ഇതിന് പൂവട നിവേദ്യമുണ്ട്. മണ്ണു കൊണ്ട് ഓണത്തപ്പനേയും വാമനമൂര്‍ത്തിയേയും ഒരുക്കിവെയ്ക്കും. ദേശഭേദമനുസരിച്ച് കളം തീര്‍ക്കുന്നതിനും മാറ്റുന്നതിനും വ്യത്യാസമുണ്ട്.

പരമ്പരാഗത പൂക്കളങ്ങള്‍ക്ക് പൂവിന്റെ ആകൃതിയും സൗന്ദര്യവുമുണ്ടാകും. ചിലയിടങ്ങളില്‍ ചിതല്‍പ്പുറ്റ് കുഴച്ചാണ് തറ ഉയര്‍ത്തുന്നത്. അതിനുമുകളില്‍ ചാണകവും ചകിരിക്കരിയും ചേര്‍ത്ത് മെഴുകിയൊരുക്കും. അവസാന നാളുകളാകുമ്പോഴേയ്ക്ക് പൂക്കളം ഉയര്‍ന്നിരിക്കും. നടുവില്‍ തുമ്പപ്പൂ. മുക്കുറ്റി കൊണ്ട് അതിരിടും. ചിലര്‍ തുമ്പയ്ക്ക് നടുവില്‍ ഈര്‍ക്കിലിയില്‍ കുത്തി ചെമ്പരത്തിയും മറ്റും കോര്‍ത്തുവയ്ക്കും.

തിരുവോണത്തിനും പൂക്കളം ഒരുക്കുന്നവരുണ്ട്. പൂക്കള്‍ ഉത്രാടത്തിനേ ഒരുക്കിവയ്ക്കും. ചിലര്‍ രാത്രിയില്‍ പൂവിടുമ്പോള്‍ മറ്റു ചിലര്‍ ഉച്ചയ്ക്ക് പൂക്കളം നിറയ്ക്കും. പൂക്കളത്തിനു മുന്നില്‍ തിടമ്പിന്റെ രൂപത്തിലും പിന്നില്‍ നെറ്റിപ്പട്ടത്തിന്റെ രൂപത്തിലും പൂവിട്ട് മുറ്റം നിറയ്ക്കും. തൊട്ടടുത്ത് വാമനസങ്കല്പത്തില്‍ ചെറിയ പൂക്കളം. മംഗളാംപൂവ് കൊണ്ട് കുടയൊരുക്കലാണ് അടുത്ത പടി. വീട്ടുമുറ്റം മുതല്‍ പടിപ്പുര വരെ അലങ്കരിക്കും.

പത്തു ദിനം കൊണ്ട് നിറച്ച പൂക്കളം മാറ്റുന്നത് സദ്യയ്ക്കു ശേഷമാണ്. പൂജാവിധികളുടെ അകമ്പടിയുണ്ടാകും. അരി, ശര്‍ക്കര (പഞ്ചസാര), പഴം എന്നിവ ചേര്‍ത്താണ് പൂവട തയ്യാറാക്കുന്നത്. ഇത് നേദിച്ച് പൂക്കളം മാറ്റും. വില്ലു കുലച്ച് അമ്പെയ്ത് പൂവട എടുക്കുന്ന ചടങ്ങും ചിലയിടങ്ങളിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button