ബെയ്ജിങ്: കഴിഞ്ഞ ജൂണ്‍ മുതല്‍ സിക്കിം അതിര്‍ത്തി മേഖലയിലെ ദോക്ലാമില്‍ മുഖാമുഖം നില്ക്കുന്ന ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പിന്മാറ്റം തുടങ്ങി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മാസങ്ങളായി നിലനിന്ന സംഘര്‍ഷത്തിനാണ് നയതന്ത്രനീക്കങ്ങളിലൂടെ പരിഹാരം കണ്ടെത്തുന്നത്.
പിന്മാറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബെയ്ജിങ്ങില്‍ എത്തുന്നതിന് ഒരാഴ്ച മുമ്പാണ്. അതിര്‍ത്തി സംബന്ധിച്ച നിലപാടുകളും താല്പര്യങ്ങളും ഉത്കണ്ഠയും ആശയവിനിമയങ്ങളില്‍ ഇരുരാജ്യങ്ങളും പങ്കുവെച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ചൈന ഇന്ത്യന്‍ സൈനികരുടെ പിന്മാറ്റം സ്ഥിരീകരിച്ചു. എന്നാൽ ചൈനയുടെ സൈനികര്‍ പിന്മാറുന്നത് സംബന്ധിച്ച സൂചനകളൊന്നും നല്‍കിയില്ല. സേന രാജ്യത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന മുന്‍നിലപാട് ആവര്‍ത്തിച്ച ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുയിങ്, സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.
ഇന്ത്യന്‍ സൈനികരും അവരുടെ ഉപകരണങ്ങളും പിന്വാങ്ങിയിട്ടുണ്ടെന്നും ദോക്ലാമില്‍ ചൈനീസ് പട്ടാളം പട്രോളിങ് തുടരുകയാണെന്നും ഹുവ പറഞ്ഞു. റോഡ് പദ്ധതി തുടരുന്നതിനെക്കുറിച്ച് വക്താവ് മൗനം പാലിച്ചു.
Post Your Comments