CinemaLatest NewsKeralaNews

ദിലീപിന് ജാമ്യം നിഷേധിക്കുന്നത് ഇത് മൂന്നാം തവണ : കോടതി കണ്ടെത്തിയ കാരണങ്ങൾ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യ ഹർജ്ജി തള്ളുന്നത് ഇത് മൂന്നാം തവണയാണ്. ആദ്യം അങ്കമാലി കോടതിയിലും ഹൈക്കോടതിയിലും അഡ്വക്കേറ്റ് രാംകുമാര്‍ വഴി ജാമ്യത്തിന് ശ്രമിച്ചു. ജൂലായ് 16ന് നല്‍കിയ അപേക്ഷയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ആദ്യം ജാമ്യം നിഷേധിച്ചത്. കോടതിയുടെ അധികാരപരിധിക്കു പുറത്തുവരുന്ന വിഷയമായതിനാലാണ് അന്ന് ജാമ്യം നിഷേധിക്കപ്പെട്ടത്. തുടര്‍ന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ജൂലായ് 24നാണ് പിന്നീട് ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചത്. ഇതും ഗൗരവമായ നിരീക്ഷണത്തോടെ ഹൈക്കോടതി തള്ളുകയായിരുന്നു.

എന്നാൽ രണ്ടു തവണയും തള്ളിയപ്പോൾ അഡ്വക്കേറ്റിനെ തന്നെ മാറ്റി. ഇത്തരമൊരു കേസില്‍ ജാമ്യം കിട്ടാന്‍ സാധ്യതയില്ലെന്ന് തുറന്നു പറഞ്ഞുകൊണ്ട് തന്നെയാണ് അഡ്വക്കേറ്റ് രാമൻ പിള്ള കേസ് ഏറ്റെടുത്തത്. ജാമ്യ ഹര്‍ജിയില്‍ എട്ടു പേജുള്ള ഉത്തരവാണ് ഹൈക്കോടതി ഇന്ന് പുറത്തുവിട്ടത്. “കേസില്‍ പന്ത്രണ്ട്, പതിമൂന്ന് പ്രതികളായ അഭിഭാഷകര്‍ മൊബൈല്‍ ഫോണ്‍ നശിപ്പിച്ച്‌ കളഞ്ഞതായി പറയുന്നു. അത് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍ മെമ്മറി കാര്‍ഡ് കണ്ടെത്തേണ്ടതുണ്ട്. അപ്പുണ്ണിയെ ചോദ്യം ചെയ്തതും ദൃശ്യ തെളിവ് കിട്ടില്ലെന്ന് ഉറപ്പായതുമൊന്നും ജാമ്യത്തിന് അനുകൂല ഘടകമല്ല.”

കേസ് അന്വേഷണം അട്ടിമറിക്കുമെന്നതും നടിയുടെ ജീവന്‍ പോലും ഭീഷണിയിലാകുമെന്നുമുള്ള വാദം പ്രോസിക്യൂഷന്‍ ശക്തിയായി ഉയര്‍ത്തി. പുതിയ ജാമ്യാപേക്ഷയില്‍ ദിലീപിന്റെ അഭിഭാഷകൻ ആക്രമിച്ചത് മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും അടക്കമുള്ളവരെ ആയിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് ദിലീപ് ആദ്യം മുതല്‍ക്കേ പറയുന്നത്. എന്നാല്‍ ഹൈക്കോടതിയിലും അങ്കമാലി കോടതിയിലും ആദ്യം സമര്‍പ്പിച്ച ജാമ്യഹര്‍ജികളില്‍ ഈ വാദം ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നില്ല. കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയില്ല.

സിനിമ മേഖലയില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. അപ്പുണ്ണി ചോദ്യം ചെയ്യലിനോട് പൂര്‍ണ്ണമായും സഹകരിച്ചിട്ടില്ല എന്നീ പ്രോസിക്യൂഷന്‍ വാദവും കോടതി പൂര്‍ണ്ണമായും മുഖവിലയ്ക്കെടുക്കുകയായിരുന്നു. സിനിമ മേഖലയില്‍ ഏറെ സ്വാധീനമുള്ള വ്യക്തിക്ക് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് കേസിനെ അട്ടിമറിക്കാന്‍ കഴിയും. കേസിന്റെ തിരക്കഥ പോലീസ് രചിച്ചതാണെന്ന് ദിലീപിന്റെ അഭിഭാഷകന്റെ വാദവും തള്ളുന്ന തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയിരുന്നു. ദിലീപിനെതിരായ കുറ്റങ്ങള്‍ പ്രാഥമികമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കുന്നുണ്ടെന്ന് ഇന്നത്തെ വിധിയില്‍ പറയുന്നുണ്ട്.

ദിലീപ് പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കൂടുതല്‍ പ്രതികള്‍ ഈ കേസില്‍ ഉണ്ടായേക്കാം. അങ്ങനെയെങ്കില്‍ അതുകൂടി കേസിനെ ബാധിച്ചേക്കാം. തുടങ്ങിയ കാര്യങ്ങളും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. ഇനി സുപ്രീം കോടതിയെ സമീപിക്കുകയാണ് ദിലീപിനുമുന്നിലുള്ള വഴി. സുപ്രീംകോടതിയും ഈ ഹര്‍ജി അംഗീകരിക്കില്ലെന്നാണ് ദിലീപിന്റെ അഡ്വക്കേറ്റിന്റെ വിലയിരുത്തല്‍. ഫലത്തില്‍ അനിശ്ചിത കാലത്തേക്ക് ജയിലില്‍ കിടക്കേണ്ട അവസ്ഥയിലാണ് ദിലീപ്. കഴിഞ്ഞ അമ്പതു ദിവസമായി ദിലീപ് ജയിലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button