അബുദാബി•ചൊവ്വാഴ്ച കൊച്ചിയില്‍ അന്തരിച്ച ബിജിബാലിന്റെ ഭാര്യ ശാന്തി മോഹന്‍ദാസ് (36) ഗള്‍ഫ് വേദികളിലും തിളങ്ങിയിരുന്ന അനുഗൃഹീത നര്‍ത്തകിയായിരുന്നു. ശാന്തി അബുദാബി കേരളാ സോഷ്യൽ സെന്റർ ബാലവേദിയുടെയും, ശക്തി ബാലസംഘത്തിന്റെയും ആദ്യകാല സജീവ പ്രവർത്തകയായിരുന്നു.
കേരള സോഷ്യൽ സെന്ററും അബുദാബി മലയാളി സമാജവും സംഘടിപ്പിച്ചു വരുന്ന കലോത്സവങ്ങളിൽ നിരവധി തവണ കലാതിലകമായി ശാന്തിയെ തെരഞ്ഞെടുത്തിട്ടുണ്ട്. അബുദാബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിച്ച ഇടശ്ശേരിയുടെ പൂതപ്പാട്ടിൽ അമ്മയായി വേഷമിട്ട ശാന്തി ശക്തിയുടെ തന്നെ ‘ശാകുന്തളം’ ബാലെയിൽ ശകുന്തളയുടെ തോഴിയായും ശാന്തി വേഷമിട്ടിരുന്നു.
നര്‍ത്തകിയും നൃത്താധ്യാപികയുമായ ശാന്തിയെ മുഖ്യ കഥാപാത്രമാക്കി ബിജിപാൽ സംവിധാനം ചെയ്ത “കയ്യൂരുള്ളൊരു സമരസഖാവിന് …………….” എന്ന് തുടങ്ങുന്ന ആൽബം ഏറെ പ്രശസ്തമാണ്. ബിജിബാലിന്റെ സംഗീതത്തില്‍ സകലദേവ നുതെ എന്ന പേരില്‍ ഒരു ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. ജനുവരിയില്‍ ബിജിബാലിന്റെ സംഗീതത്തില്‍ സകലദേവ നുതെ എന്ന പേരില്‍ ഒരു ആല്‍ബം പുറത്തിറക്കിയിരുന്നു. വീട്ടില്‍ കുട്ടികളെ നൃത്തവും അഭ്യസിപ്പിക്കാറുണ്ടായിരുന്നു. ഇതിനിടെയാണ് ദുരന്തം തേടിയെത്തിയത്.
വീട്ടില്‍ തലകറങ്ങി വീണ ശാന്തി ഒരാഴ്ചയായി കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. കോമ അവസ്ഥയിലായിരുന്ന ശാന്തിയുടെ മരണം വൈകുന്നേരം നാല് മണിയോടെയാണ് സ്ഥിരീകരിച്ചത്.
2002 ലാണ് ബിജിബലും ശാന്തിയും വിവാഹിതരായത്. രണ്ട് മക്കളുണ്ട്. ദേവദത്തും ദയയും. ഇളയമകള്‍ ദയ ഈസ്റ്റ് കോസ്റ്റിന്റെ ബാനറില്‍ പുറത്തിറങ്ങിയ ‘ജിലേബി’യിലെ “സൈക്കിള്‍ വന്നു ബെല്ലടിച്ചു…” എന്ന ഗാനമടക്കം ഏഴോളം ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.
Post Your Comments