സഹപ്രവർത്തക കുശലം ചോദിക്കുകയായിരുന്നു…എന്റെ അച്ഛന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഒക്കെ ചോദിച്ച ശേഷം അവർ സഹോദരന്റെ അവസ്ഥ പറഞ്ഞു..ഗൾഫിൽ നിന്നും സുഖമില്ലാതെ വന്നതല്ലിയോ ..ഇപ്പോ കിടപ്പു തന്നെ..എന്തിനും ഏതിനും പരസഹായം വേണം!
എനിക്കറിയാം ,ആ സഹോദരനെ …പെങ്ങൾ അനുഭവിക്കുന്ന പ്രൗഢിയുടെ നല്ലൊരു പങ്കു ആ സഹോദരന്റെ സമ്മാനങ്ങൾ ആയിരുന്നു..വീട് വെയ്ക്കാൻ കൊടുത്ത ഭാരിച്ച തുക…!തുടങ്ങി കുട്ടികളുടെ കളിക്കോപ്പ് വരെ അദ്ദേഹം കൊടുത്തതാണ്..എന്ത് ചോദിച്ചാലും ,
വലിയേട്ടൻ കൊണ്ട് വന്നു..എന്ന് അഭിമാനത്തോടെ പറയുന്ന സഹോദരി..
പുള്ളി അവധിക്കു വന്നാൽ രണ്ടു ദിവസം കൂടുമ്പോൾ പെങ്ങളുടെ അടുത്ത് എത്തണം..
എന്റെ വലിയേട്ടന് ഞാൻ ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണമേ ഇഷ്‌ടമാകു..
നാത്തൂന് പാചകം ഒന്നും അത്ര വശമില്ല..ഏട്ടത്തിക്ക് വല്യ കാര്യപ്രാപ്തി ഒന്നുമില്ല..
കേട്ടിരിക്കുന്ന എനിക്ക് ഇല്ലാത്ത വലിയേട്ടനെ വേണമെന്ന് തോന്നും..
ഏട്ടന്റെ അടുത്ത് ആരുണ്ട്..?ആരുണ്ടാകാനാ…ഭാര്യ ഉണ്ട്..അവര് നോക്കും പോലെ ആര് നോക്കിയാൽ ശെരിയാകും..?സുധ പോകില്ലേ..?നമ്മുക്ക് ഒരു കുടുംബം ഇല്ലേ..ഇടയ്ക്കിടയ്ക്കു അങ്ങോട്ട് പോയാൽ എന്റെ വീട്ടിലെ കാര്യം അവതാളത്തിൽ ആകും..ഭാര്യ ഉണ്ടല്ലോ..അല്ലേലും ഏട്ടത്തി ചെയ്യും പോൽ ഒന്നും നമ്മള് ചെയ്‌താൽ ശെരി ആകില്ല..!സാമ്പത്തികം ഒന്നും ഇല്ല ഏട്ടന്..ഇത്ര നാളും എന്തെടുക്കുക ആയിരുന്നോ..എന്തോ..അവരുടെ വീട്ടുകാർ സഹായിക്കട്ടെ..
നാത്തൂന്റെ വീട്ടുകാരെ ആണ് ഉദ്ദേശിക്കുന്നത്..ഇപ്പോഴെങ്കിലും അവർക്കു ഭാര്തതാവിനെ അവകാശത്തോടെ കിട്ടി..!!സത്യത്തിൽ കേരളത്തിലെ ചില ജില്ലകളിലെ എഴുതപ്പെടാത്ത നിയമങ്ങൾ തലപെരുപ്പിക്കാറുണ്ട്..മകൾക്കു ഒന്ന്..മരുമകൾക്ക് മറ്റൊന്ന്..!
വീട്ടിൽ ചില്ലറ സഹായം ചെയ്യാൻ വരുന്ന സ്ത്രീ ഇടയ്ക്കു കടം ചോദിക്കും..കൊടുത്തു കഴിഞ്ഞാൽ ആ തുക കയ്യിൽ തിരുകി പിടിച്ചു കുറച്ചു നേരം കണക്കു കൂട്ടുന്നത് കാണാം..ദീർഘമായ നെടുവീർപ്പ് ഉയരും..ഇത് കൊണ്ടും ഒന്നും ആയില്ല..അതാണ് ആ ദീർഘശ്വസത്തിന്റെ പിന്നിൽ…മകളെ കെട്ടിച്ചു വിട്ട കടം..സ്വർണ്ണവും പണവും ഇനിയും കൊടുക്കാനുണ്ട്..അതങ്ങനെ നിൽക്കെ അവള് ഗർഭിണി ആയി..ആ വിവരം അറിയിച്ചതിനു ചെറിയ ഒരു ആചാരം..മരുമകന് തുണി., വാച്ച് ..അവനെന്ന ആണിനെ പ്രസവിച്ച അമ്മയ്ക്കും സമ്മാനം..പിന്നെ അങ്ങോട്ട് ബഹുരസം..മൂന്നാം മാസം , അഞ്ചാം മാസം ,ഏഴാം മാസം…
ഇരുപത്തിയെട്ടു , കൊച്ചിന്റെ ഒന്നാം പിറന്നാൾ…!!അങ്ങനെ ഓട്ടം…ഇടയ്ക്കു ഇടയ്ക്കു ഉത്സവങ്ങളും മറ്റു ആഘോഷങ്ങളും ..ആ ദിവസങ്ങളിൽ എനിക്ക് സഹായി ഇല്ല..
മോൾടെ വീട്ടിൽ നിന്നും വരുന്നു ..വമ്പൻ സദ്യ ആണോ ?ഞാൻ ചോദിക്കും..പിന്നെ വേണ്ടേ..നമ്മുടെ കൊച്ചിന്റെ ഗമ കാക്കേണ്ടേ.. ഇച്ചിരി മുന്‍പേറു തരണേ സാറെ,.
നിങ്ങൾ അങ്ങോട്ട് ചെല്ലുമ്പോഴും ഇങ്ങനെ ഒക്കെ ആണോ..?
ചോദ്യം ആ പാവപെട്ട സ്ത്രീയ്ക്ക് അത്ഭുതം ആണ്..
നമ്മള് പെൺവീട്ടുകാർ അല്ല്യോ….!
അതുമല്ല , അതൊക്കെ അവരുടെ നാട്ടുനടപ്പാ..!
പരാതി ഇല്ല , പരിഭവം ഇല്ല..
മോൾടെ അമ്മായി മ്മടെ ആങ്ങള ഒരു ആവശ്യത്തിന് കൊല്ലത്തിനു വരുന്നുണ്ട്..
പുള്ളിക്ക് കായല് മീനാ ഇഷ്‌ടമെന്നു മോൾടെ അമ്മായിമ്മ വിളിച്ചു പറഞ്ഞു..പോയി വാങ്ങണം..ഇന്ന് ഞാൻ വരില്ല ..!
ഇടയ്ക്കു ഇങ്ങനെയും കേൾക്കാം…
മരുമകൻ അങ്ങനെ വരില്ല..
അച്ചി വീട്ടിലെ പൊറുതി കുറച്ചിൽ ആണ്..!
നന്നായി , ഞാൻ മനസ്സിൽ ഓർക്കും..
മെല്ലിച്ച ശരീരത്തിൽ ഒരൽപം ആരോഗ്യമേ ബാക്കിയുള്ളു..
അതവിടെ ഇരുന്നോട്ടെ..
ഇതിന്റെ ഇടയ്ക്കു സ്ത്രീധന കടമൊരു സുനാമി പോലെ ഉയരും..
പെൺകൊച്ചു നിലവിളിച്ചു ഓടി വരും..
മോൾടെ വീട്ടിൽ ഒന്ന് പോയി അവധി പറയട്ടെ എന്നും പറഞ്ഞു ‘അമ്മ ഓടുന്നത് കാണാം..
ഈ ജീവിതത്തിന്റെ ഇടയ്ക്കു ഭാര്യ എന്നാൽ
കൂടെ കിടക്കാനും വെച്ച് വിളമ്പാനും ഒരാൾ..
അവളോട് സ്നേഹം കാണിക്കുന്നതെങ്ങാനും വീട്ടുകാർ കണ്ടാലോ..
അച്ചി കോന്തൻ..
തലയിണ മന്ത്രം..!
ഇത് സാമ്പത്തികമായി അൽപ്പം താഴ്ന്നു നിൽക്കുന്ന ഒരു കുടുംബത്തിൽ നടക്കുന്ന കാര്യം എങ്കിൽ
ഇതിന്റെ പല മുഖങ്ങൾ എല്ലാ തലത്തിലും ഉണ്ട്..
ഇതിനെ കാൾ ഭീകരാവസ്ഥ..
ഭാര്യയുടേം ഭാര്തതാവിന്റെയും ഇടയ്ക്കു എന്നും വന്മതിലുകൾ ആണ്..
ഈ പുരുഷൻ അടിതെറ്റി ഒന്ന് വീണാലോ..
എന്നാൽ, അച്ചി വീട്ട് സ്വന്തം തന്നെ ആകും..
ഭാര്യയെ പോലെ ആര് നോക്കിയാൽ ശെരിയാകും..?
അതവളുടെ കടമ..!!
അത് വരെ പറ്റി നിന്നവരൊക്കെ പിന്നെ വല്ലപ്പോഴും വരുന്ന വിരുന്നുകാരായി..
പിന്നെ അതുപോലും ഇല്ലാതെ ആകും..
പരാതി ഒന്നും ഇല്ല..
ഇതാ നാട്ടു നടപ്പ്..!!
Post Your Comments