വനിതാ ഖാസിമാര്‍ എന്നത് അത്ര പരിചിതമല്ലാത്ത ഒന്നാണെങ്കിലും ഇസ്ലാമിക നിയമത്തില്‍ സ്ത്രീകള്‍ ഖാസിമാരാകരുത് എന്ന നിബന്ധന ഒരിടത്തുമില്ലെന്ന് ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന്‍ സ്ഥാപകരിലൊരാളായ സാക്കിയ സൊമാന്‍ പറയുന്നു. ലിംഗസമത്വം കൊണ്ടുവരാന്‍ വനിതാ ഖാസിമാര്‍ക്ക് കഴിയുമെന്നാണ് തങ്ങളുടെ വിശ്വാസം. സ്ത്രീകളുടെ കടന്നുവരവോടെ കൂടുതല്‍ ഉത്തരവാദിത്തത്തോടെ തങ്ങളുടെ ജോലി ചെയ്യാനും പക്ഷപാതം അവസാനിപ്പിക്കാനും പുരുഷ ഖാസിമാരും തയ്യാറാകുമല്ലോ എന്നാണ് ഇവരുടെ ചോദ്യം.
2016ലാണ് ദാരുല്‍ ഉലൂം നിസ്വാന്‍ എന്ന പദ്ധതിക്ക് കീഴില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്കാന്‍ ബിഎംഎംഎ തീരുമാനിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 30 പേര്‍ പദ്ധതിയുടെ ഭാഗമായെങ്കിലും പരിശീലനം പൂര്‍ത്തിയാക്കിയത് 13 പേര്‍ മാത്രം. അങ്ങനെ കഴിഞ്ഞ ഏപ്രിലില്‍ 13 പേര്‍ക്കും ഖാസി നിയമനം നല്കി. ഗാര്‍ഹിക പീഡനവും വിദ്യാഭ്യാസമില്ലായ്മയും ദാരിദ്ര്യവും ഒക്കെച്ചേര്‍ന്ന് ജീവിതം ദുരിതമായവരായിരുന്നു ഇവരെല്ലാം. തലാഖ്,ഹലാല തുടങ്ങിയ കാര്യങ്ങളില്‍ ഖാസിമാരുടെ പങ്ക് വളരെ വലുതാണ്. ഭൂരിപക്ഷം ഖാസിമാരും ഖുറാന്‍ നിയമങ്ങളെ അവഗണിച്ചാണ് മുത്തലാക്കിന് അനുമതി നല്കുന്നത് എന്നും സാക്കിയ സൊമാന്‍ പറയുന്നു.
വിവാഹവും വിവാഹമോചനവും സംബന്ധിച്ച് ഖുറാന്‍ വ്യക്തമായ ധാരണകള്‍ നല്കുന്നുണ്ടെന്ന് മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ.ഖുറേഷി പറയുന്നു. ഇതിനെക്കുറിച്ച് ശരിയായി മനസ്സിലാക്കാതെയോ വ്യക്തിതാല്പര്യങ്ങളുടെ പേരിലോ പല മൊല്ലാക്കമാരും ഇതിനെയൊക്കെ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.
മുസ്ലീം വ്യക്തിനിയമങ്ങള്‍ പുരുഷന്മാര്‍ക്ക് മാത്രമേ അനുകൂലമാകൂ എന്ന തെറ്റിദ്ധാരണയാണ് മിക്ക സ്ത്രീകള്‍ക്കുമുള്ളത് എന്ന് ഖാസി ജഹനാര അഭിപ്രായപ്പെടുന്നു. വിവാഹത്തിനോ മരണത്തിനോ മൊല്ലാക്കമാരുടെ അടുത്തേക്ക് പോവുക പതിവാണ്. പക്ഷേ, അവരോട് മനസ്സിലുള്ളത് തുറന്നു പറയാന്‍ സ്ത്രീകള്‍ തയ്യാറാവില്ല. അഥവാ ആരെങ്കിലും എതിരഭിപ്രായം പറഞ്ഞാല്‍ അപരാധികളാക്കുമോ എന്ന ഭയവും പലര്‍ക്കുമുണ്ട്. അത്തരം അനുഭവങ്ങള്‍ ചിലര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ട്.
മുസ്ലീം വനിതകള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുകയും അവരെ ശാക്തീകരിക്കുകയുമാണ് ഏക പോംവഴിയെന്ന് ബിഎംഎംഎ പറയുന്നു. അതാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. യുവതികളെ മാത്രം ബോധവല്‍ക്കരിക്കുക എന്നത് കൊണ്ട് മാറ്റം പൂര്‍ണമാവില്ല. പുരുഷന്മാരും പുനര്‍ചിന്തനത്തിന് തയ്യാറാവണമെന്നും ജഹനാര ഉള്‍പ്പടെയുള്ള വനിതാ ഖാസിമാര്‍ അഭിപ്രായപ്പെടുന്നു.
Post Your Comments