Latest NewsNewsGulf

ജോലിക്കായി ഗള്‍ഫിലേയ്ക്ക് പോകുന്ന പെണ്‍കുട്ടികളും യുവതികളും അറിയാന്‍

 

ദുബായ് : ജോലി തേടി ഗള്‍ഫിലേയ്ക്ക് ജോലിയ്ക്കായി പോകുന്ന പെണ്‍കുട്ടികളുടേയും യുവതികളും അറിയുന്നതിന് ..ഗള്‍ഫില്‍ മലയാളികളുള്‍പ്പെടുന്ന പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണ്. അടുത്തിടെയാണു പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെടുത്തിയ കോഴിക്കോടു സ്വദേശിനിയെ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലേക്കു മടക്കി അയച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കുടുംബത്തിനു കൈത്താങ്ങാകാന്‍ വേണ്ടി ജീവിതസ്വപ്നങ്ങളുമായി ഗള്‍ഫ് നാടുകളിലെത്തുന്ന സാധാരണക്കാരായ മലയാളി സ്ത്രീകളാണ് പെണ്‍വാണിഭ സംഘങ്ങളുടെ കെണിയില്‍ പെടുന്നത്. കേരളത്തിലടക്കം ഏജന്റുമാരെ ഏര്‍പ്പെടുത്തിയാണ് സെക്സ് റാക്കറ്റുകള്‍ വലവിരിക്കുന്നത്. ഇതില്‍ കുരുങ്ങി ഗള്‍ഫിലെത്തുകയും മാനസികവും ശാരീരികവുമായ പീഡനമേറ്റ് നരകതുല്യം ജീവിക്കുകയും ചെയ്യുന്ന ഒട്ടേറെ പാവപ്പെട്ട പെണ്‍കുട്ടികളും യുവതികളുമുണ്ട്. തങ്ങളെ രക്ഷപ്പെടുത്താന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെയാണ് ഇവര്‍ കഴിയുന്നത് .

യുഎഇ അടക്കം ഗള്‍ഫ് രാജ്യങ്ങളിലെല്ലാം മനുഷ്യക്കടത്തിനെതിരെയുള്ള നിയമം കര്‍ശനമാണ്. ഇരകള്‍ക്ക് സഹായ പദ്ധതികളുമായി യുഎഇ മുന്നോട്ട് വരുമ്പോള്‍, അവര്‍ക്ക് തണലൊരുക്കാന്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും മുന്നിലുണ്ട്. ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും പെണ്‍കുട്ടികളേയും യുവതികളേയും പറഞ്ഞുപറ്റിച്ച് യുഎഇയിലെത്തിച്ച് അനാശാസ്യത്തിന് പ്രേരിപ്പിക്കുന്ന സംഭവങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പെണ്‍വാണിഭം യുഎഇയില്‍ വന്‍ കുറ്റകൃത്യങ്ങളുടെ ഗണത്തില്‍പ്പെടുത്തി. 25 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി നിയനിര്‍മാണം നടത്തുകയും ചെയ്തു. നിയമത്തില്‍ ഭേദഗതി വരുത്തിയ ശേഷം ഇത്തരം കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട് 25 വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ച്, ജയിലില്‍ കഴിയുന്നവരുടെ കൂട്ടത്തില്‍ ഒട്ടേറെ മലയാളികളുമുണ്ട്. യുഎഇ നിയമമനുസരിച്ച് മനുഷ്യക്കടത്തും വലിയ കുറ്റമാണ്. ഇരുപത്തിയഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. മനുഷ്യക്കടത്ത് പല ഉദ്ദേശ്യങ്ങളുമായാണ്.

അനാശാസ്യ കേന്ദ്രങ്ങളുടെ നടത്തിപ്പ് ജയില്‍ശിക്ഷയും ഒരു ലക്ഷം ദിര്‍ഹം പിഴയും നാടുകടത്തലും ലഭിക്കാവുന്ന കുറ്റമാണ്. പൊലീസും പ്രോസിക്യൂഷനും കോടതികളും വളരെ ഗൗരവത്തോടെയാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത്. എവിടെയെങ്കിലും ഇത്തരത്തില്‍ അനാശാസ്യ പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കണം.

പെണ്‍കുട്ടികളും യുവതികളും വീണ്ടും ചതിച്ചുഴിയില്‍ പതിക്കാന്‍ പ്രധാനകാരണം ലോകത്തെക്കുറിച്ചുള്ള അജ്ഞതയാണ്. വിദേശത്ത് ജോലി ചെയ്യാനുള്ള അതിയായ ആഗ്രഹവുംകാരണമാകുന്നു. വീസ നല്‍കാമെന്ന് ആരെങ്കിലും പറയുന്നത് കേട്ടാല്‍ ഉടന്‍ ഏതു രാജ്യത്തേക്കാണ്, എന്ത് തൊഴിലാണ്, ഏത് സ്ഥാപനത്തിലേയ്ക്കാണ് എന്നൊന്നും അന്വേഷണം നടത്താതെ ഒറ്റചോദ്യത്തില്‍ അന്വേഷണം അവസാനിപ്പിക്കും: ശമ്പളം എത്ര ലഭിക്കും എന്നതാണ് ആ ചോദ്യം.

ശമ്പളത്തേക്കാള്‍ ഉപരിയായി ചെല്ലുന്ന രാജ്യത്തെപ്പറ്റിയും സ്ഥാപനത്തേക്കുറിച്ചും ഏതു തരത്തിലുള്ള ജോലിയാണ് ലഭിക്കാന്‍ പോകുന്നത് എന്നതും വ്യക്തമായി മനസ്സിലാക്കണം. അല്ലാതെയുള്ള എടുത്തുചാട്ടം നല്ലതിനല്ല. ഇന്നത്തെ അവസ്ഥയില്‍ ഏതു കമ്പനിയേക്കുറിച്ചുള്ള വിവരവും നിഷ്പ്രയാസം ലഭ്യമാണ്.

1, വീസ നല്‍കുന്ന കമ്പനിയേതാണ്
2, എത്ര വര്‍ഷമായി ഈ കമ്പനി പ്രവര്‍ത്തിക്കുന്നു
3, മാനേജ്‌മെന്റ് ഏത് രാജ്യക്കാരാണ്
4, വാഗ്ദാനം നല്‍കുന്ന കമ്പനിയില്‍ തന്നെയാണോ ജോലി
5, ആളുകളെ മറ്റു കമ്പനികളിലേയ്ക്ക് സപ്ലൈ ചെയ്യുന്ന കമ്പനിയിലേക്കാണോ പോകുന്നത്
6, – ശമ്പള കുടിശ്ശിക വരുത്തുന്ന കമ്പനിയാണോ
7, എത്ര തൊഴിലാളികള്‍ ജോലി ചെയ്യുന്നു
തുടങ്ങിയ വിവരങ്ങളും മനസിലാക്കിയിരിക്കുന്നത് ചൂഷണത്തില്‍ അകപ്പെടാതിരിക്കുന്നതിന് സഹായകമാകും. റിക്രൂട്ടിങ് ഏജന്‍സികള്‍ വഴി വീസ ലഭിക്കുന്നവരായാലും ഇത്തരത്തിലുള്ള അന്വേഷണങ്ങള്‍ നടത്തുന്നത് ഉചിതമാണ്.

മനുഷ്യക്കടത്ത് സംഘത്തിന്റെയും പെണ്‍വാണിഭക്കാരുടെയും കെണിയില്‍പ്പെട്ട് ദുരിതത്തിലാകുന്ന ഇരകളെ ആശ്വസിപ്പിക്കാനും അവരെ സമാധാനപരമായ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനും മനോവീര്യം വീണ്ടെടുക്കാനും ഒട്ടേറെ പദ്ധതികള്‍ യുഎഇ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

ചൂഷണത്തിരയായ സ്ത്രീകള്‍ക്ക് പ്രത്യേക കൗണ്‍സിലിങ് ഏര്‍പ്പെടുത്തുകയും അവരെ അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയും ചെയ്യുന്നു. പിന്നീട്, അവരെ നാട്ടിലേയ്ക്ക് കയറ്റിവിടാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തും ആവശ്യമായ സംരക്ഷണം നല്‍കിയും ബോധവത്കരണം നടത്തിയും അവരുടെ മാനസിക നില മെച്ചപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുത്തും പുതു ജീവിതം നല്‍കുന്നു.

യുവതികളെ പറഞ്ഞയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏജന്‍സികളെ കണ്ണടച്ച് വിശ്വസിച്ച് പെണ്‍കുട്ടികളേയും യുവതികളേയും ഗള്‍ഫിലേയ്ക്ക് പറഞ്ഞയക്കുമ്പോള്‍ രക്ഷിതാക്കളും ബന്ധക്കളും ചുരുക്കം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിന്നീട് ദുഃഖിക്കേണ്ടി വരില്ല. പെണ്‍കുട്ടികളെയും യുവതികളും പുറപ്പെടും മുന്‍പ് ഗള്‍ഫിലുള്ള ബന്ധുക്കളേയോ പരിചയക്കാരേയോ കാര്യം അറിയിക്കുക. ഗള്‍ഫിലെ വിമാനത്താവളങ്ങളില്‍ നിന്ന് അവരെ കൂട്ടിക്കൊണ്ടുപോകാന്‍ ആരെയെങ്കിലും ഏര്‍പ്പാടാക്കുക. ഏത് കമ്പനിയിലേയ്ക്ക് അല്ലെങ്കില്‍ സ്ഥാപനത്തിലേയ്ക്കാണ് യുവതികള്‍ ചെല്ലുന്നതെന്ന് അവരെക്കൊണ്ട് പരിശോധിപ്പിച്ച് ഉറപ്പുവരുത്തുക. ഏജന്‍സിമാരുടെ ഫോണ്‍ നമ്പരും അവര്‍ പറയുന്ന സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലവും ഏതാണെന്ന് ഉറപ്പുവരുത്തുക. ഇതെല്ലാം ശ്രദ്ധിച്ചാല്‍ പെണ്‍കുട്ടികള്‍ ചതിക്കുഴികളില്‍ നിന്നും രക്ഷപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button