കണ്ണൂര്‍: സഹകരണവകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാറുടെ മരണം കൊലപാതകമായിരുന്നു എന്നു സൂചിപ്പിക്കുന്ന നിര്‍ണായക തെളിവുകള്‍ പോലീസിന്. സഹകരണവകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട തെളിവുകളാണ് പോലീസിന് ലഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികളായ അഡ്വ: ശൈലജയ്ക്കും ഭര്‍ത്താവ് കൃഷ്ണകുമാറിനുമെതിരേയുള്ള തെളിവാണ് കണ്ടെത്തിയത്. കൊലപാതകത്തിലേക്കു വിരല്‍ചുണ്ടുന്ന തെളിവുകള്‍ പയ്യന്നൂര്‍ ക്രൈം ഡിച്ചാറ്റ്മെന്റ് ഡി.വെ.എസ്.പി: ഫ്രാന്‍സിസ് ഷെല്‍ബിന് സി.ഐ: എം.പി. ആസാദ് കൈമാറിയിട്ടുമുണ്ട്.
പ്രതികള്‍ വയോധികനെ ഇല്ലാതാക്കി സ്വത്തു തട്ടിയെടുക്കാന്‍ നടത്തിയ അതിസമര്‍ഥമായ നീക്കമായിരുന്നു ഇതെന്നും അന്വേഷണസംഘം കണ്ടെത്തി. ഇവര്‍ സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ത്തുള്ള കൊലപാതകമാണ് ആസൂത്രണം ചെയ്തത്. മരിക്കുമ്പോള്‍ ബാലകൃഷ്ണന് 80 വയസുണ്ടായിരുന്നു. ഡിസ്ചാര്‍ജ് വാങ്ങിക്കുമ്പോള്‍ ബാലകൃഷ്ണന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 346 എം.എം(മില്ലിമോളാര്‍) ആയിരുന്നു. തിരുവന്തപുരത്ത് നിന്നു തളിപ്പറമ്പിലേക്കു ഇത്രയും ഗുരുതരാവസ്ഥയിലുള്ള വയോധികനെ ഡിസ്ചാര്‍ജ് വാങ്ങിച്ച് കൊണ്ടു പോയതു മരണ സാധ്യത മുന്നില്‍ക്കണ്ടാണെന്നാണ് പോലീസ് നിഗമനം.
ആധുനിക സജ്ജീകരണങ്ങളുള്ള ഐ.സി.യു. ആംബുലന്‍സില്‍ മാത്രമേ കൊണ്ടുപോകാവൂ. പരിചരണത്തിന് നഴ്സും വേണം. എന്നാല്‍ ഇതിന് പകരം മൃതദേഹം കൊണ്ടുപേകാന്‍ മാത്രം ഉപയോഗിക്കുന്ന ആംബുലന്‍സിലാണ് ബാലകൃഷ്ണനുമായി പുറപ്പെട്ടത്. ആംബുലന്‍സിന് ഏറ്റവും സുഗമമായി യാത്രചെയ്യാന്‍ കഴിയുന്നത് ദേശീയപാതയിലൂടെയാണ്. അതിന് പകരം ഇടുങ്ങിയ ചെറു റോഡുകളിലൂടെയാണ് യാത്ര ചെയ്തത്.
യാത്രയ്ക്കിടയില്‍ ബാലകൃഷ്ണന്‍ മരിക്കണമെന്നു കണക്കുകൂട്ടിയാണ് ഇങ്ങനെയൊരു പദ്ധതി തയാറാക്കിയതെന്ന നിഗമനത്തിലാണ് പോലീസ്. ഗുരുതരമായി പ്രമേഹം ബാധിച്ച ബാലകൃഷ്ണന് എല്ലാദിവസവും കരിക്കില്‍വെള്ളം നല്‍കിയതും ഇയാളെ മരണത്തിലേക്ക് നയിക്കാനായിരുന്നുവെന്നാണ് കണ്ടെത്തല്‍. രോഗം ബാധിച്ച് അവശനിലയിലായ ഇയാളെ തിരുവന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കൃഷ്ണകുമാറായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 2011 ഓഗസ്റ്റ് 18 നാണ്. എന്നാല്‍, സെപ്റ്റംബര്‍ 12 ന് ഡിസ്ചാര്‍ജ് വാങ്ങിച്ചു. നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങിച്ചാണ് ഇവര്‍ നാട്ടിലേക്കെന്ന പേരില്‍ കൊണ്ടുവന്നത്.
ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം ക്രൈം ഡിറ്റാച്ച്‌മെന്റ് ബ്യൂറോ ഡിെവെ.എസ്.പി. ഫ്രാന്‍സിസ് കെല്‍വിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. കണ്ണൂര്‍, പഴയങ്ങാടി, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലായി നടക്കുന്ന അന്വേഷണമായതിനാല്‍ ലോക്കല്‍ പോലീസിനു പരിമിതിയുണ്ടെന്നും അതിനാല്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും അന്വേഷണച്ചുമതലയുള്ള പയ്യന്നൂര്‍ സി.ഐ: എം.പി. ആസാദ് ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments