പട്ന: ശ്രീജന് അഴിമതി സിബിഐ അന്വേഷിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആവശ്യപ്രകാരമാണ് 800 കോടി രൂപയുടെ അഴിമതി കേസ് സിബിഐ ഏറ്റെടുത്തത്. ബീഹാറിലെ ഭഗല്‍പൂര്‍ ജില്ല കേന്ദ്രീകരിച്ച് 800 കോടിയിലധികം രൂപയുടെ സര്‍ക്കാര്‍ ഫണ്ട് സര്‍ക്കാരിതര സംഘടനകളുടെ അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്തുവെന്നാണ് ആരോപണം.
ഭഗല്‍പൂരില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നതിന് സ്ഥാപിച്ച സര്‍ക്കാരിതര സംഘടനയായ ശ്രീജന് മഹിള വികാസ് സഹയോഗ് സമിതിയിലൂടെയാണ് ഫണ്ട് കൈമാറ്റം ചെയ്തിരുന്നത്. തട്ടിപ്പ് നടത്തിയത് സമിതി സ്ഥാപക മനോരമ ദേവിയാണ്. ഇത്രയും രൂപ പത്തു വര്‍ഷത്തിനിടെയാണ് വെട്ടിച്ചത്. ഇതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്ക് ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്നാണ് ആരോപണം.
പ്രതിപക്ഷം ബീഹാര്‍ പോലീസ് അന്വേഷിച്ചിരുന്ന കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐക്ക് നിതീഷ് കത്തയച്ചത്. 2003ല്‍ ആര്‍ജെഡി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ മുഖ്യമന്ത്രി റാബ്റി ദേവിയാണ് ശ്രീജന് ഫണ്ട് കൈമാറാന്‍ തീരുമാനമെടുത്തത്. മതിയായ ഫണ്ട് ഇല്ലാത്തതിനാല്‍ ഭഗല്‍പൂര്‍ ബാങ്കിന് സര്‍ക്കാര്‍ നല്കിയ ചെക്ക് മടക്കിയപ്പോഴാണ് അഴിമതിയെക്കുറിച്ച് സൂചന ലഭിച്ചത്.
Post Your Comments