മക്കാവൂ: കനത്ത നാശം വിതച്ച് ഹാറ്റോ ചുഴലിക്കാറ്റ്. തെക്കൻ ചൈനയിലും ഹോങ്കോങ്ങിലുമാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇതുവരെ 16 പേരാണ് പ്രാദേശിക സമയം ബുധനാഴ്ച രാവിലെ വീശിത്തുടങ്ങിയ ചുഴലിക്കാറ്റിൽ മരിച്ചത്.
പുനരധിവാസകേന്ദ്രങ്ങളിലേക്കു 27,000 പേരെ മാറ്റിയിട്ടുണ്ട്. മണിക്കൂറിൽ 200 കിലോ മീറ്റർ വേഗതയിലാണ് വടക്കുപടിഞ്ഞാറൻ മേഖലയിൽനിന്ന് കാറ്റു വീശിയത്. സമൂഹമാധ്യമങ്ങളിലൂടെ ശക്തമായ കാറ്റിൽ ജനങ്ങളും വാഹനങ്ങളും കെട്ടിടങ്ങളുമെല്ലാം പറന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. കാറ്റിനു പിന്നാലെയെത്തിയ കനത്ത മഴയിൽ നഗരം പകുതിയിലധികം വെള്ളത്തിലായ അവസ്ഥയിലാണ്.
അതേസമയം ഇതുവരെ നാശനഷ്ടങ്ങളുടെ കണക്കുകൾ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ 20 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ കാറ്റാണ് ഹാറ്റോയെന്ന് രാജ്യാന്തര വാർത്ത ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു. തെക്കൻ ചൈന, ഹോങ്കോങ്, മക്കാവൂ തീരങ്ങളിലാണ് ഹാറ്റോ വീശിയടിച്ചത്. കാറ്റിന്റെ ശക്തിയാൽ ആളുകൾക്ക് പുറത്തുപോലും ഇറങ്ങിനിൽക്കാനാകാത്ത അവസ്ഥയായിരുന്നു.
Post Your Comments