
കോട്ടയം: കുമരകം ഗ്രാമവാസികള്‍ക്ക് തലവേദയായി കള്ളടിച്ച് ഫിറ്റായി പരാക്രമം കാണിക്കുന്ന കുരങ്ങന്‍. കുമരകം ബോട്ട് ജെട്ടി ഭാഗത്ത് കറങ്ങിനടക്കുന്ന കുടിയനായ കുരങ്ങൻ പരാക്രമങ്ങൾ കാട്ടിക്കൂട്ടുകയാണ്. കുരങ്ങന്‍ ഒരു മാസം മുന്‍പാണ് ബോട്ട് ജെട്ടി ഭാഗത്തെത്തിയത്.
കുരങ്ങന്റെ പ്രധാന വിനോദം പ്രദേശത്തെ തെങ്ങുകളില്‍ കയറി കുടം പൊക്കി കള്ളു കുടിക്കുന്നതാണ്. കുടി കഴിഞ്ഞാല്‍ സമീപത്തെ കടകളില്‍ കയറി പഴം തിന്നുകയും ചെയ്യും. ഇതോടെ കടക്കാര്‍ പഴക്കുല പുറത്തിറക്കാതെയായി. ഇത് രണ്ടും കഴിഞ്ഞാല്‍ കരിക്കു പറിക്കാനായി നേരെ തെങ്ങിലേക്കാണ്. കരിക്കു പറിക്കും, ഇതു പൊളിക്കാന്‍ കഴിയാതെ വന്നാല്‍ താഴേക്കിടും. കുമരകം ബോട്ടു ജെട്ടി ഭാഗത്താണ് കുരങ്ങിന്റെ ശല്യം രൂക്ഷമായത്.
ബോട്ട് ജെട്ടി ഭാഗത്തെ കടക്കാര്‍ വാനരശല്യം കാരണം വാഴക്കുലകള്‍ പുറത്തുതൂക്കാറില്ല. കുമരകം ഭാഗത്ത് ഒരു മാസം മുന്‍പെത്തിയ കുരങ്ങന്‍, കള്ളിന്റെ ലഹരിയറിഞ്ഞതോടെ ഇവിടം വിട്ട് പോകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ, ഈ ഭാഗത്തെത്തിയിരുന്ന മറ്റൊരു കുരങ്ങനെ വനംവകുപ്പ് ജീവനക്കാര്‍ കെണിവെച്ച് പിടികൂടിയിരുന്നു. ഇത്തരത്തില്‍ കള്ളു കുടിയനായ കുരങ്ങനെ കൂടി പിടികൂടി ശല്യം ഒഴിവാക്കി തരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Post Your Comments