കൊച്ചി•പൊതുനിരത്തുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങളെ കേന്ദ്രീകരിച്ചുള്ള പരിശോധന കര്‍ശനമാക്കും. അനധികൃത മയക്കുമരുന്ന് വില്പനയും വിപണനവും തടയുന്നതിനായി കൊച്ചി നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കോര്‍പറേഷന്റെ ജനകീയകമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൊതുനിരത്തുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന സജീവമാണെന്ന നഗരസഭാ കൗണ്‍സിലര്‍മാരുടെ അഭിപ്രായത്തെത്തുടര്ന്നാണിത്. പ്രത്യക്ഷത്തില്‍ കണ്ടെത്താത്ത വിധം രഹസ്യമായാണ് മയക്കുമരുന്നിന്റെ വിപണനവും വിതരണവും പുതിയ തലമുറ കൈകാര്യം ചെയ്യുന്നത്. അതിനാല്‍ ജനകീയ പങ്കാളിത്തത്തോടു കൂടി മാത്രമേ മയക്കുമരുന്നിന്റെ ഉപയോഗം തടയാനാവൂ എന്ന് യോഗത്തില്‍ അദ്ധ്യക്ഷനായ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എ ബി സാബു പറഞ്ഞു.
പോലീസുമായി ചേര്‍ന്ന് എക്സൈസ് വിഭാഗം പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ വ്യാപകമായ പരിപാടികള്‍ വിമുക്തി പദ്ധതിയുടെ കീഴില്‍ കൂടുതല്‍ കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും യോഗം തീരുമാനിച്ചു. നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വ്യാപകമായിത്തീരുന്നുവെന്ന വസ്തുത ഭയപ്പെടുത്തുന്നതാണ്. നഗരത്തിന്റെ വികസന പദ്ധതിയില്‍ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യം കൂടി ഉള്‍പ്പെടുത്തണമെന്ന് എക്സൈസ് ഡെപ്യൂട്ടികമ്മീഷണര്‍ കെ എ നെല്‍സണ്‍ പറഞ്ഞു.
നഗരസഭാ പരിധിയില്‍ മാര്‍ച്ച് മാസം മുതല്‍ 118 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എറണാകുളം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ബെന്നി ഫ്രാന്‍സിസ് യോഗത്തില്‍ അറിയിച്ചു. 49 എന്‍ഡിപിഎസ് കേസുകളും 597 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 168 പ്രതികളെ അറസ്റ്റു ചെയ്തു. 225 ലിറ്റര്‍ വിദേശമദ്യവും 15 കിലോഗ്രാം കഞ്ചാവും 82 ടാബ്ലെറ്റും 330 ലിറ്റര്‍ വാഷും 362 കിലോഗ്രാം പുകയിലയും മാര്‍ച്ച് മാസം മുതല്‍ എക്സൈസ് പിടിച്ചെടുത്തു. 250 ലിറ്റര്‍ സ്പിരിറ്റ്, 10 ലിറ്റര്‍ വൈന്‍, 313 ലിറ്റര്‍ ബിയര്‍ എന്നിവയും എക്സൈസ് പിടിച്ചവയില്‍ ഉള്‍പ്പെടുന്നു.
മയക്കുമരുന്നിന്റെ വിതരണശൃംഖല കണ്ടെത്തി അമര്‍ച്ച ചെയ്യണമെന്നും മയക്കുമരുന്നിനെതിരായ ബോധവത്കരണ പരിപാടി ജനകീയ പങ്കാളിത്തത്തോടെ താഴെത്തട്ടിലെത്തിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വിവിധ കൗണ്‍സിലര്‍മാര്‍ തങ്ങളുടെ വാര്‍ഡുകളിലെ മയക്കുമരുന്ന് ലഭ്യതയുണ്ടെന്നു സംശയിക്കപ്പെടുന്ന പ്രദേശങ്ങളുടെ പട്ടിക ഉദേ്യാഗസ്ഥര്‍ക്ക് നല്കി.
കോര്പറേഷന് സെക്രട്ടറി എ എസ് അനുജ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. വി കെ മിനിമോള്‍, നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി മാത്യു, കൗണ്‍സിലര്‍മാരായ വി പി ചന്ദ്രന്, സീനത്ത് റഷീദ്, ഷീബ ലാല്‍, ജിമിനി, ജോണ്സണ് മാഷ്, കെ ജെ ബേസില്‍, ജയന്തി പ്രേമനാഥ്, ബിന്ദു ലെവിന്‍, സുനിത അഷ്റഫ്, ഗീത പ്രഭാകരന്, പി.ഡി മാര്ട്ടിന്, ടി കെ ഷംസുദ്ധീന്, കെ കെ കുഞ്ഞച്ചന്, കെ ആര് പ്രേംകുമാര്‍ രാഷ്ട്രീയ കക്ഷി നേതാക്കളായ പി എ ജിറാര്‍, സി ജി രാജഗോപാല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments