Latest NewsNewsInternational

മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നയം തിരുത്തി ട്രംപിന്റെ പുതിയ പ്രസ്താവന

വാഷിങ്ടണ്‍ : അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യത്തെ കുറച്ച്‌ കൊണ്ടുവന്ന മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നയം തിരുത്തിയാണ് ട്രംപിന്റെ പ്രസ്താവന. പതിനാറുവര്‍ഷമായി തുടരുന്ന സൈനികസാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യം. അഫ്ഗാനിസ്ഥാനിലും അതിര്‍ത്തിമേഖലകളിലും വലിയ സുരക്ഷാഭീഷണിയാണ് നേരിടുന്നത്. അഫ്ഗാനിസ്ഥാനിലേക്ക് എത്ര സൈനികരെയാണ് അയക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, നാലായിരം സൈനികരെ കൂടിയാണ് ഉടന്‍ അഫ്ഗാനിലേക്ക് അയക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് പെന്റഗണ്‍ അറിയിച്ചു. ഭീകരര്‍ക്ക് സ്വൈര്യവിഹാരമൊരുക്കുന്ന പാകിസ്ഥാന്റെ നടപടിയെ അമേരിക്കയ്ക്ക് അധികനാള്‍ സഹിക്കാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു.

കൂടുതല്‍ സൈന്യത്തെ അഫ്ഗാനിലേക്ക് അയക്കുമെന്നും അഫ്ഗാനിസ്ഥാനിലെയും ദക്ഷിണേഷ്യയിലെയും സൈനികനയം വ്യക്തമാക്കി ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാന് നല്‍കുന്ന സുരക്ഷാ സഹായം ‘ബ്ളാങ്ക് ചെക്ക് അല്ല’. ഞങ്ങള്‍ രാജ്യനിര്‍മിതിക്കല്ല അവിടെ പോകുന്നത്. ഭീകരരെ വധിക്കാനാണെന്നും ട്രംപ് പറഞ്ഞു. പെട്ടെന്നുള്ള സേനാപിന്മാറ്റം അഫ്ഗാനില്‍ വലിയ ശൂന്യതയുണ്ടാക്കും. ഐഎസ്, അല്‍ ഖായ്ദ പോലുള്ള ഭീകരര്‍ അവിടെ സജീവമാകും.

എന്നാല്‍, അവര്‍ ഞങ്ങള്‍ എതിരിട്ടുകൊണ്ടിരിക്കുന്ന ഭീകരവാദികള്‍ക്ക് വീടൊരുക്കുകയാണ്. അതില്‍മാറ്റം വരേണ്ടതുണ്ട്. അത് ഉടനെ മാറ്റുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. സമാധാനത്തോടും ജനാധിപത്യത്തോടും അര്‍പ്പണബോധമുണ്ടെന്ന് പാകിസ്ഥാന്‍ തെളിയിക്കേണ്ട സമയമാണിത്.അഫ്ഗാനിസ്ഥാനിലെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പംനിന്നാല്‍ പാകിസ്ഥാന് നേട്ടമുണ്ടാകും. പക്ഷേ അവരത് ചെയ്യുന്നില്ല. പാകിസ്ഥാന് അമേരിക്ക ദശലക്ഷക്കണക്കിന് ഡോളറുകള്‍ നല്‍കി സഹായിക്കുന്നു.

അതേസമയം അമേരിക്ക സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ അഫ്ഗാനിസ്ഥാന്‍ അമേരിക്കയുടെ ശ്മശാനമാകുമെന്ന് താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് പ്രതികരിച്ചു. ട്രംപ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെപോലെ ധാര്‍ഷ്ട്യമുള്ളയാളാണെന്ന് താലിബാന്‍ കമാന്‍ഡര്‍ പറഞ്ഞു. ട്രംപ് അമേരിക്കന്‍ സൈനികരെ പാഴാക്കിക്കളയുകയാണ്. രാജ്യത്തെ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും അവര്‍ പ്രതികരിച്ചു. അഫ്ഗാനിസ്ഥാനിലെ ഭീകരവാദികളെ അടിച്ചമര്‍ത്താന്‍ പിന്തുണയ്ക്കുമെന്ന ട്രംപിന്റെ പ്രസ്താവനയെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗാനി സ്വാഗതംചെയ്തു. അമേരിക്കയോട് അദ്ദേഹം നന്ദി അറിയിച്ചു.

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ അമേരിക്ക ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയുമായി കൂടുതല്‍ വ്യാപാരപങ്കാളിത്തം വേണം. അഫ്ഗാന്‍ മേഖലയില്‍ ഇന്ത്യയുടെ സഹായവും വേണം. സാമ്പത്തിക- വികസനമേഖലയിലടക്കം ഇന്ത്യയുടെ കൂടുതല്‍ സഹായം അഫ്ഗാനിസ്ഥാന് വേണം. ദക്ഷിണേഷ്യയിലും പസഫിക് മേഖലയിലും സമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്താന്‍ ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button