ചെന്നൈ: ഡൗൺ സിൻഡ്രം ബാധിച്ച യുവാവിനെ രണ്ടുമണിക്കൂർ പോലീസാക്കി ചെന്നൈ പോലീസ്. ഖത്തർ ഫൗണ്ടേഷനിൽ ഉദ്യോഗസ്ഥനായ തിരുവല്ല ആമല്ലൂർ നെല്ലിമൂട്ടിൽ സ്വദേശി ഡോ. രാജീവ് തോമസിന്റെ മകനായ സ്റ്റെവിൻ എന്ന പത്തൊൻപതുകാരനാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടത്തിക്കൊടുക്കാൻ ചെന്നൈ പോലീസ് സഹായിച്ചത്.
ഭിന്നശേഷിയുള്ള കുട്ടികൾക്കായി അമ്മ സിബി ഖത്തറിൽ നടത്തുന്ന ഹോപ് സ്കൂളിലെ വിദ്യാർഥിയാണ് സ്റ്റെവിൻ. പരിമിതികളെ തോൽപിച്ചു കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ ഈ മിടുക്കൻ നേടിയെടുത്തു. രാജീവും കുടുംബവും ചെന്നൈ അശോക് നഗറിലാണ് താമസിച്ചു വന്നിരുന്നത്. ഇത്തവണ ഖത്തറിൽ നിന്ന് അവധിക്കെത്തിയപ്പോൾ മകന്റെ ആഗ്രഹം അറിയിച്ച് ചെന്നൈ പൊലീസ് കമ്മിഷണർ എ.കെ.വിശ്വനാഥനു രാജീവ് കത്തയക്കുകയും രണ്ടു ദിവസത്തിനകം അശോക്നഗർ എസിപി വിൻസെന്റ് ജയരാജും ഇൻസ്പെക്ടർ സൂര്യലിംഗവും വീട്ടിലെത്തി യൂണിഫോമിന്റെ അളവെടുക്കുകയും ചെയ്തു.
തുടർന്ന് എസ്ഐയുടെ യൂണിഫോം അണിഞ്ഞ് കഴിഞ്ഞ ദിവസം സ്റ്റെവിൻ അശോക്നഗർ ജീപ്പിന്റെ മുൻസീറ്റിലിരുന്നു രണ്ടു കോസ്റ്റബിൾമാർക്കൊപ്പം നഗരത്തിലേക്കിറങ്ങി രണ്ട് മണിക്കൂർ പൊലീസുകാരനായി ജീവിച്ച് തന്റെ ഏറ്റവും വലിയ ആഗ്രഹം നടന്ന സന്തോഷത്തിലാണ് സ്റ്റെവിൻ വീട്ടിലേക്ക് മടങ്ങിയത്.
Post Your Comments