ഗോരഖ്പുർ : ഗോരഖ്പുരില്‍ ശുചീകരണത്തിന് നേരിട്ടിറങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 20 മുതൽ 25 വരെ ‘സ്വച്ഛ് ഉത്തർപ്രദേശ്’ എന്ന പേരിലാണ് ശുചിത്വ പരിപാടി സംഘടിപ്പിക്കുന്നത്. ഗോരഖ്പുർ ബിആർഡി മെഡിക്കൽ കോളജിൽ മസ്തിഷ്ക ജ്വരത്തിന് ചികിൽസയിലായിരുന്ന ഏഴുപത്തിയഞ്ചോളം കുഞ്ഞുങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ മരിച്ചത്.
പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ആദിത്യനാഥ്, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചു. ഡൽഹിയിൽ ഒരു യുവരാജാവുണ്ട്. അദ്ദേഹത്തിന് സ്വച്ഛ് അഭിയാന്റെ പ്രാധാന്യം മനസിലാവില്ല. ഗോരഖ്പുരിനെ എന്തിനാണ് അദ്ദേഹം വിനോദസഞ്ചാര കേന്ദ്രമാക്കുന്നതെന്നും യോഗി ആദിത്യനാഥ് ചോദിച്ചു.
മസ്തിഷ്ക ജ്വരത്തിനെതിരായ ശക്തമായ നടപടകളുമായി ഞാൻ മുന്നോട്ടു പോവുകയാണ്. രോഗം വന്നിട്ട് ചികിൽസിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. അതിന് ആദ്യം വേണ്ടത് ശുചിത്വമാണ്. ശുചിത്വമില്ലായ്മയാണ് മസ്തിഷ്ക ജ്വരത്തിന് കാരണം. അസുഖംമൂലം കുട്ടികൾ മരിക്കാൻ കാരണം മുൻ സർക്കാരാണ്.
കഴിഞ്ഞ 12–15 വർഷം യുപി ഭരിച്ച സർക്കാരുകൾ ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സ്വാർഥ താൽപര്യങ്ങൾക്കായി നശിപ്പിച്ചു. അവർ അഴിമതിയെ സ്ഥാപനവൽക്കരിക്കുകയും സൗകര്യങ്ങൾ ജനങ്ങൾക്ക് അന്യമാക്കുകയും ചെയ്തു. ഗ്രാമപ്രദേശങ്ങളിൽ ശുചിമുറികൾ നിർമിക്കാൻ 12,000 രൂപ അനുവദിക്കും. ജനങ്ങളെ ശുചിത്വത്തെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം നൽകണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Post Your Comments