ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം, ഭീകരവാദം, നക്‌സലിസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം അഞ്ച് വര്‍ഷത്തിനകം പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ‘ഇന്ന് രാജ്യം നേരിടുന്ന ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. ഭീകരവാദം, നക്‌സലിസം, കശ്മീര്‍ വിഷയം തുടങ്ങിയവ. ഇതേക്കുറിച്ച് അധികമൊന്നും പറയേണ്ടതില്ല.
എന്നാല്‍, നവഭാരതം കെട്ടിപ്പടുക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ശക്തി പകരാന്‍ 2022നകം ഇവയെല്ലാം പരിഹരിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു. 1942ല്‍ ‘ക്വിറ്റ് ഇന്ത്യ’ പ്രതിജ്ഞയെടുത്ത നമ്മുടെ പൂര്‍വികര്‍ക്ക് 1947ല്‍ ബ്രിട്ടിഷുകാരെ തുരത്താന്‍ സാധിച്ചെങ്കില്‍, 2017ല്‍ ‘നവഭാരത പ്രതിജ്ഞ’യെടുക്കുന്ന നമുക്ക് എന്തുകൊണ്ട് 2022 ആകുമ്പോഴേക്കും നവഭാരതം കെട്ടിപ്പടുത്തുകൂടെന്നും അദ്ദേഹം ചോദിച്ചു.
‘നവഭാരത രൂപീകരണ’വുമായി ബന്ധപ്പെട്ട് ‘വാഗ്ദാനങ്ങളില്‍നിന്ന് പൂര്‍ത്തീകരണത്തിലേക്ക്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് 2022നകം രാജ്യത്തെ വലയ്ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന ഉറപ്പ് മന്ത്രി നല്‍കിയത്.
2018നകം ഇന്ത്യ-ബംഗ്ലദേശ് അതിര്‍ത്തി സമ്പൂര്‍ണമായി അടച്ചു സംരക്ഷിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പുതിയ വാഗ്ദാനങ്ങളുമായുള്ള ആഭ്യന്തര മന്ത്രിയുടെ രംഗപ്രവേശം. പട്ടിണി, അഴിമതി, ഭീകരവാദം, വര്‍ഗീയത, ജാതീയത തുടങ്ങിയ വെല്ലുവിളികളില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനും രാജ്യത്തെ ഏറ്റവും വൃത്തിയായി സംരക്ഷിക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments