ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.മന്ത്രി തോമസ് ചാണ്ടിക്കെതിരെ കുരുക്കു മുറുകുന്നു. സത്യവാങ്മൂലത്തിൽ തോമസ് ചാണ്ടി സ്വത്തുവിവരം മറച്ചുവച്ചതായുള്ള വിവരാവകാശ രേഖകള്‍ പുറത്ത്
ലേക് പാലസ് റിസോർട്ടിലെ സ്വത്തിനെ കുറിച്ച് മന്ത്രി തോമസ് ചാണ്ടി സത്യവാങ് മൂലത്തില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ 150 കോടി ലേക് പാലസിൽ മുടക്കിയെന്ന് തോമസ് ചാണ്ടി നിയമസഭയിൽ പറഞ്ഞിരുന്നു. മന്ത്രിയുടെ പേരിൽ ലേക് പാലസിൽ 13 കെട്ടിടങ്ങളാണുള്ളത്. നാമനിർദേശപത്രികയിൽ തോമസ് ചാണ്ടിയുടെ പേരില്‍ 92 കോടി സ്വത്ത് മാത്രമാണുള്ളത്.
2.മാനേജരെ ഭീഷണിപ്പെടുത്തിയതിന് ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിനെതിരെ കേസ്
ജയിലില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയതായി നിസാമിന്റെ മാനേജര്‍ നല്‍കിയിരിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഒരു ഫയല്‍ അടിയന്തരമായി ജയിലില്‍ എത്തിക്കണമെന്നും കേസ് നടത്തിപ്പിന് പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു നിസാം വിളിച്ചത്. തൃശൂര്‍ സിറ്റി പൊലീസിനാണ് സംഭാഷണത്തിന്റെ ശബ്ദരേഖ അടക്കം കിംഗ്‌സ് സ്‌പേസസ് എന്ന നിസാമിന്റെ സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരന്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുരുവായൂര്‍ എസിപിക്കാണ് അന്വേഷണചുമതല.
3.ഇന്ത്യന്‍ സേനയ്ക്കു കരുത്തു പകരാന്‍ അപ്പാച്ചെ ഹെലികോപ്ടറുകള്‍ എത്തുന്നു
യുഎസ് നിര്‍മ്മിതമാണ് അപ്പാച്ചെ ഹെലികോപ്ടറുകള്‍. ലോകത്തിലെ ഏറ്റവും മികച്ച ടാങ്കര്‍ വേട്ടക്കാരനായാണ് ഇവയെ അറിയപ്പെടുന്നത്. 1200 തവണ നിറയൊഴിക്കാനാവുന്ന 30 മില്ലിമീറ്റര്‍ പീരങ്കിയാണ് അപ്പാച്ചെയുടെ പ്രത്യേകത. വീണ്ടും ഇന്ധനം നിറയ്ക്കാതെ 611 കിലോമീറ്റര്‍ പറക്കാന്‍ അപ്പാച്ചെ ഹെലികോപ്ടറുകള്‍ക്ക് കഴിയും . മണിക്കൂറില്‍ 311 കിലോമീറ്ററാണ് പരമാവധി വേഗത.
4.കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടും മലയാളികള്‍ ബ്ലുവെയ്ല്‍ ഗെയിം കളിക്കുന്നതായി വെളിപ്പെടുത്തല്‍
കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടും നിരവധി മലയാളികള്‍ ബ്ലുവെയ്ല്‍ ഗെയിം കളിക്കുന്നതായാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. നാല് ഘട്ടങ്ങള്‍ പിന്നിട്ട ഇടുക്കി മുരിക്കാശേരി സ്വദേശി യുവാവാണു സുഹൃത്തിനോടു ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പങ്കുവച്ചത്. കളി തുടങ്ങിയാല്‍ പിന്മാറാനാവില്ലെന്നും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നാണ് യുവാവ് പറയുന്നത്. ഇയാൾ ഇപ്പോള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1.നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയിലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ സമയം നീട്ടി ചോദിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
2.നടി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും അടക്കമുളളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ഇവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
3.പി.സി.ജോര്‍ജിന്റെ പ്രസ്താവനകള്‍ക്കെതിരെ ആക്രമണത്തിനിരയായ നടി. പി.സി ജോര്‍ജിന്റെ പ്രസ്താവനകളില്‍ ദുഃഖവും അമര്‍ഷവും ഉണ്ടെന്ന് നടി വനിതാ കമ്മീഷനെ അറിയിച്ചു.
4.സംസ്ഥാനത്ത് ബ്ലുവെയില്‍ ഗെയിം കളിച്ചുളള മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇത് സംബന്ധിച്ച് ലഭിച്ച പരാതികളില്‍ അന്വേഷണം നടക്കുകയാണ്. മരണകാരണം ബ്ലുവെയില്‍ ആണെന്നതിന് കൃത്യമായ തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.
5. ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പാളും പൊലീസിന് നൽകിയ റിപ്പോർട്ട് പുറത്ത്. ആശുപത്രിയിൽ 15 വെന്റിലേറ്റർ ഒഴിവുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
6.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉള്‍ക്കൊള്ളാനാകാത്തതിനാലാണ് പാര്‍ട്ടിക്കും ആര്‍എസ്എസിനുമെതിരെ രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തുന്നതെന്ന് ബിജെപി.
7.വ്യാജ വിവാഹ രേഖ ചമച്ച് സ്വത്ത് തട്ടിയ കേസില്‍ മുഖ്യപ്രതികളായ അഡ്വ. ശൈലജയും ഭര്‍ത്താവും കീഴടങ്ങി. കൊടുങ്ങല്ലൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച തളിപ്പറമ്പിലെ റിട്ടയേഡ് ഡപ്യൂട്ടി രജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിലാണ് ഇരുവരും കീഴടങ്ങിയത്.
8.സ്പെയിനിലെ ബാഴ്സലോണ നഗരത്തിലുണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
9.ഡല്‍ഹിയില്‍ ശുദ്ധവായുവിന്റെ അളവ് കുറയുന്നതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. വാഹനങ്ങളുടെ സാന്ദ്രത കൂടുന്നതാണ് ഡല്‍ഹിയുടെ അന്തരീക്ഷത്തെ കൂടുതല്‍ മലിനമാക്കുന്നതിന് കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
10.മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ പ്രഭാഷണം നടത്താന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സി തന്നെ അനുവദിക്കുന്നില്ലെന്ന് വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക്.
11.ഭീകരാക്രമണ രീതികളുടെ സ്വഭാവം മാറി യൂറോപ്പ്; ജനക്കൂട്ടത്തിനിടയിലേക്ക് വാഹനങ്ങള്‍ ഇടിച്ചു കയറ്റിയുള്ള ആക്രമണ രീതിയാണ് തീവ്രവാദികള്‍ പുതുതായി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
Post Your Comments