Latest NewsKeralaNews

അരലക്ഷത്തിലധികം ഹൃദയങ്ങള്‍ക്ക് ആശ്വാസമേകി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാത്ത് ലാബ്

തിരുവനന്തപുരം•51,000 രോഗികള്‍ക്ക് ആഞ്ചിയോഗ്രാം, ആഞ്ചിയോ പ്ലാസ്റ്റി എന്നിവ ചെയ്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തിന്റെ കാത്ത് ലാബ് ഹൃദ്രോഗികള്‍ക്ക് ആശാകേന്ദ്രമാകുന്നു. ഏറ്റവും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര ഗുണമേന്മയുള്ള മികച്ച ചികിത്സാ സൗകര്യമാണ് ഈ കാത്ത് ലാബ് നല്‍കുന്നത്.

24 മണിക്കൂറും വിശ്രമമില്ലാതെയാണ് ഈ കാത്ത് ലാബ് പ്രവര്‍ത്തിക്കുന്നത്. ഇക്കഴിഞ്ഞ വര്‍ഷം 3600 ആഞ്ചിയോപ്ലാസ്റ്റി, 170 പേസ് മേക്കര്‍, 50 ലേറെ ഹൃദയ സുഷിരമടയ്ക്കല്‍ എന്നിവ നടത്തി. ഇതുകൂടാതെ ഹൃദയ പേശികള്‍ക്ക് പ്രവര്‍ത്തന മാന്ദ്യം അനുഭവിക്കുന്ന രോഗികള്‍ക്ക് സി.ആര്‍ടി., കാര്‍ഡിയാക് അറസ്റ്റ് അനുഭവിക്കുന്ന രോഗികള്‍ക്ക് ഐ.സി.ഡി. ഇംപ്ലാന്റേഷന്‍ എന്നിവയും ഈ കാത്ത് ലാബ് വഴി നടത്തുന്നു. ഇതുകൂടാതെ കാലുകളിലെ രക്തക്കുഴലുകളില്‍ ബ്ലോക്ക് സംഭവിച്ച് അതിയായ വേദനയും ഉണങ്ങാത്ത മുറുവുകളുമായി പ്രയാസപ്പെടുന്ന അനവധി പ്രമേഹ രോഗികള്‍ക്ക് കൈകാലുകള്‍ക്കുള്ള ആഞ്ചിയോപ്ലാസ്റ്റിയും ചെയ്യുന്നു. അങ്ങനെ അനവധി രോഗികള്‍ക്ക് വേദനാജനകമായ കാലുമുറിക്കല്‍ (ആമ്പ്യൂട്ടേഷന്‍) ഒഴിവാക്കാന്‍ സാധിക്കുന്നു.

1997 ലാണ് മെഡിക്കല്‍ കോളേജില്‍ ആദ്യ കാത്ത് ലാബ് സര്‍ക്കാര്‍ സ്ഥാപിച്ചത്. ഇത് കേടായതിനെ തുടര്‍ന്ന് 2009ല്‍ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ കാത്ത് ലാബ് ആരംഭിച്ചു. ഇന്ത്യയിലെ ഏതൊരു മുന്തിയ സ്വകാര്യ ആശുപത്രിയെയും വെല്ലുന്ന തരത്തിലുള്ളതാണ് ഇവിടത്തെ കാത്ത് ലാബ്. ഓരോ രോഗിക്കും കോര്‍പ്പറേറ്റ് ആശുപത്രികളില്‍ ഉപയോഗിക്കുന്ന ഹാര്‍ഡ് വെയര്‍, മുന്തിയയിനം സ്റ്റെന്റുകള്‍, മരുന്ന് പുരട്ടിയ ബലൂണുകള്‍, റോട്ടാബ്ലേറ്റര്‍, എഫ്.എഫ്.ആര്‍., ഡിസ്‌പോസിബിള്‍ ഡ്രേപ്‌സുകള്‍, ഗൗണുകള്‍ എന്നിവായാണ് ഇവിടെയുപയോഗിക്കുന്നത്.

കാര്‍ഡിയോളജി വിഭാഗത്തിനായി രണ്ട് തീവ്ര പരിചരണ യൂണിറ്റുകളിലായി 21 കിടക്കകളുണ്ട്. കാത്ത് ലാബിലെ രോഗികളുടെ തീവ്രപരിചരണത്തിനായി കാത്ത് ലാബ് ഐ.സി.യുമുണ്ട്. ആഞ്ചിയോഗ്രാം, ആഞ്ചിയോപ്ലാസ്റ്റി എന്നിവയ്ക്കുള്ള രോഗികളെ നേരിട്ട് അഡ്മിറ്റാക്കാനായി കെ.എച്ച്.ആര്‍.ഡബ്ലിയു.എസിന്റെ കീഴില്‍ 84 മുറികളുമുണ്ട്.

വര്‍ഷത്തില്‍ 365 ദിവസവും ഇടവേളകളില്ലാതെ 24 മണിക്കൂറും ഈ കാത്ത് ലാബ് പ്രവര്‍ത്തിക്കുന്നു. കാര്‍ഡിയോളജി വിഭാഗം മേധാവിയുള്‍പ്പെടെ യൂണിറ്റ് മേധാവികളായ മറ്റ് സീനിയര്‍ പ്രൊഫസര്‍മാരുടേയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് എമര്‍ജന്‍സി ആഞ്ചിയോ പ്ലാസ്റ്റിയുള്‍പ്പെടെയുള്ള കേസുകള്‍ നടത്തുന്നത്.

അല്‍പം ശ്രദ്ധിച്ചാല്‍ ജീവന്‍ രക്ഷിക്കാം

ഹൃദയാഘാതം ഉള്ളവര്‍ നേരത്തെ ചികിത്സതേടിയെത്താത്തതാണ് പലരേയും സങ്കീര്‍ണതയിലേക്ക് നയിക്കുന്നതെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സുനിത വിശ്വനാഥ് പറഞ്ഞു. നടുനെഞ്ചില്‍ വേദന, കഴപ്പ്, ഭാരം, മുറുക്കം എന്നിവയാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇടതു കൈ, തോള്, കഴുത്ത്, താടിയെല്ല് എന്നിവയിലേക്കും വേദന വ്യാപിക്കാം. ചിലപ്പോള്‍ വെറുമൊരു തളര്‍ച്ച മാത്രമായിരിക്കാം അനുഭവപ്പെടുക. ക്രമാതീതമായ വിയര്‍പ്പും നെഞ്ചിടിപ്പും ഉണ്ടാകാം. പ്രായമായ ആള്‍ക്കാര്‍, പ്രമേഹമുള്ളവര്‍ എന്നിവര്‍ ഉള്‍പ്പെടെ ചിലര്‍ക്ക് ചിലപ്പോള്‍ വേദന ഉണ്ടാകണമെന്നില്ല. മുകളില്‍ പറഞ്ഞ ലക്ഷണങ്ങളോടൊപ്പം പതിവില്ലാത്ത ക്ഷീണം, ശ്വാസംമുട്ടല്‍ എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഇ.സി.ജി. സംവിധാനമുള്ള തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തേണ്ടതാണ്. ഹൃദയാഘാതം സ്ഥിരീകരിച്ചാല്‍ കാത്ത് ലാബും ഐ.സി.യു. സംവിധാനവുമുള്ള ആശുപത്രിയില്‍ എത്രയും വേഗം എത്തേണ്ടതാണ്.

ഹൃദയാഘാതം സംഭവിച്ച് 6 മണിക്കൂറിനുള്ളില്‍ തന്നെ അടഞ്ഞ രക്തക്കുഴല്‍ തുറന്ന് രക്തചംക്രമണം പുന:സ്ഥാപിക്കുന്നതാണ് രോഗിക്ക് ഏറ്റവും ഉചിതം. എങ്കില്‍ മാത്രമേ മരണ നിരക്ക് പരമാവധി കുറയ്ക്കാന്‍ സാധിക്കുകയുള്ളു. ഹൃദയാഘാതം സംഭവിച്ച് ആദ്യത്തെ ഒരു മണിക്കൂറായ സുവര്‍ണ മണിക്കൂറിനുള്ളില്‍ (ഗോള്‍ഡന്‍ അവര്‍) ചികിത്സ നേടാനായാല്‍ മരണനിരക്ക് 50 ശതമാനം വരെ കുറയ്ക്കാനാകും. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദയാഘാതത്തിന് എമര്‍ജന്‍സി ആഞ്ചിയോപ്ലാസ്റ്റി ചെയ്തവരുടെ മരണ നിരക്ക് 5 ശതമാനം മാത്രമായിരുന്നു. ക്ലോട്ട് അലിയിക്കുന്ന ചികിത്സ ലഭിച്ചവരുടെ മരണ നിരക്ക് 10 ശതമാനവുമായിരുന്നു. ഇത് പാശ്ചാത്യ നാടുകളിലെ നിരക്കിന് സമാനമാണ്.

ഹൃദയത്തിന് ശുദ്ധരക്തം നല്‍കുന്ന കോറോണറി ധമനികള്‍ പെട്ടെന്ന് അടഞ്ഞ് പോകുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാക്കുന്നത്. കൊറോണറി ധമനികളിലൂടെ പ്രത്യേകതരം വയര്‍ കടത്തിവിട്ട് ബ്ലോക്കുള്ള ഭാഗം ബലൂണുപയോഗിച്ച് വികസിപ്പിച്ച് സ്റ്റെന്റ് ഘടിപ്പിക്കുന്ന പ്രകൃയയാണ് ആഞ്ചിയോപ്ലാസ്റ്റി. അതിസങ്കീര്‍ണമായ ബ്ലോക്കുകള്‍ മൂന്ന് രക്തക്കുഴലുകളിലുമുള്ളപ്പോഴാണ് സാധാരണ ബൈപാസ് സര്‍ജറി നടത്തുന്നത്.

പാവപ്പെട്ട രോഗികള്‍ക്കായി കേരള സര്‍ക്കാരിന്റെ ആര്‍.എസ്.ബി.വൈ., ചിസ് പ്ലസ്, സീനിയര്‍ ചിസ് പ്ലസ്, കാരുണ്യ തുടങ്ങിയ ചികിത്സാ പദ്ധതികള്‍ ഉള്ളതു കൊണ്ടാണ് ഇത്രയേറെ രോഗികള്‍ക്ക് ചികിത്സാ സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ സാധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button