കോട്ടയം: കേരളത്തിലെ പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും കസ്റ്റഡി മരണങ്ങള്‍ക്കുമെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി നിരാഹാര സത്യഗ്രഹം നടത്തും. 21ന് രാവിലെ 10 മുതല്‍ 22ന് രാവിലെ 10 മണി വരെ 24 മണിക്കൂര്‍ സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്നതില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന വിവരം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പിന്നോക്ക ക്ഷേമ മന്ത്രിക്കും കത്തയച്ചതായി കൊടിക്കുന്നില്‍ സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പീഡനങ്ങളും അതിക്രമങ്ങളും തടയാന്‍ ബാധ്യതപ്പെട്ട പോലിസുകാര്‍ തന്നെ നിരപരാധികളായ ദലിതരെയും ആദിവാസികളെയും അന്യായമായി അറസ്റ്റുചെയ്ത് ലോക്കപ്പിലാക്കി ക്രൂരമായി മര്‍ദിക്കുകയാണ്.
തൃശൂരില്‍ പോലിസിന്റെ ക്രൂരമായ പീഡനത്തില്‍ മനംനൊന്ത് വിനായകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തിട്ടില്ല. വിനായകന്റെ കുടുംബത്തിന് ഒരുകോടി രൂപയും ജ്യേഷ്ഠന് സര്‍ക്കാര്‍ ജോലിയും നല്‍കണം. ലോക്നാഥ് ബെഹ്റ ഡിജിപിയായിരിക്കുന്ന കാലത്തോളം ദലിത് വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും എംപി കൂട്ടിച്ചേര്‍ത്തു.
Post Your Comments