ജിദ്ദ : സൗദിയില്‍ തൊഴില്‍ തട്ടിപ്പിനിരായ മലയാളികള്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. ശമ്പള കുടിശിക പോലും കിട്ടാതെയാണ് പതിനൊന്നു യുവാക്കള്‍ ദുരിതജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
കോട്ടയത്തുള്ള ജോര്‍ജ് എന്ന വിസാ ഏജന്റിന് ലക്ഷങ്ങള്‍ നല്‍കി ഏറണാകുളത്തുള്ള ട്രാവല്‍ ഏജന്‍സി വഴി 11 മാസം മുമ്പാണ് യുവാക്കള്‍ സൗദിയിലെത്തിയത്. എല്ലാവരും എഞ്ചിനീയറിംഗ് ബിരുദധാരികളായിരുന്നു. ദമാമില്‍ മാന്‍പവര്‍ സപ്ലൈ കമ്പനിയുടെതായിരുന്നു വിസ. കരാര്‍ പ്രകാരമുള്ള ജോലിയോ ശമ്പളമോ ലഭിച്ചില്ലെന്ന് ഈ തൊഴിലാളികള്‍ പരാതിപ്പെടുന്നു. ശമ്പളം ലഭിച്ചത് നാല് മാസം മാത്രം. ആഹാരത്തിനു പോലും വകയില്ലാതെ 11 മാസം തള്ളിനീക്കി. പിടിച്ചു നില്‍ക്കാനാകാത്ത സാഹചര്യം വന്നപ്പോഴാണ് നാട്ടിലേക്ക് പോകാന്‍ വഴി തേടി ജിദ്ദയിലെത്തിയത്.
കമ്പനിയില്‍ നിന്നും ശമ്പളവും ഫൈനല്‍ എക്‌സിറ്റും വൈകുന്ന സാഹചര്യത്തിലാണ് ജിദ്ദാ കെ.എം.സി.സി ഈ പ്രശ്‌നത്തില്‍ ഇടപെടുന്നത്. കെ.എം.സി.സി പ്രവര്‍ത്തകര്‍ ഇവര്‍ക്ക് ആഹാരം എത്തിച്ചു നല്‍കി. കമ്പനിയുടെ ജിദ്ദാ ഓഫീസുമായി സംസാരിച്ചു ഫൈനല്‍ എക്‌സിറ്റും, നാട്ടിലേക്കുള്ള വിമാന ടിക്കറ്റും സംഘടിപ്പിച്ചു. എഴുമാസത്തെ ശമ്പള കുടിശിക കിട്ടാതെ കഴിഞ്ഞ ദിവസം ഈ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. വിസയ്ക്ക് മുടക്കിയ പണം തിരിച്ചു കിട്ടിയില്ലെങ്കില്‍ വിസാ എജന്റിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് യുവാക്കള്‍.
Post Your Comments