കണ്ണൂര്‍: ചൊക്ലി പുളിയമ്പ്രത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതിയുടെ മൊഴി കേട്ട് നാട്ടുകാർ രോഷാകുലരായി. കഴിഞ്ഞ തിങ്കളാഴ്ച മരിച്ച റീജയുടേത് സ്വാഭാവിക മരണമല്ല എന്ന അന്വേഷണത്തിനൊടുവിലാണ് അന്‍സാര്‍ അറസ്റ്റിലായത്. വൈകീട്ട് നാലുമണിയോടെയാണ് പുളിയനമ്പ്രത്തെ ചാക്കേരി താഴെക്കുനിയില്‍ റീജയെ വീട്ടിനടുത്തുള്ള കേളോത്ത് താഴെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.
തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ മീന്‍വാങ്ങാനായി വീട്ടില്‍നിന്നിറങ്ങിയതാണ് റീജ. ഇവര്‍ പോകുന്നത് കണ്ട അന്‍സാര്‍ പിന്നാലെ കൂടി. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് റീജയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഇതിനെ റീജ പ്രതിരോധിച്ചു. മല്‍പ്പിടിത്തത്തില്‍ ഇരുവരും തോട്ടിലേക്ക് വീണു. വെള്ളത്തിലേക്ക് കമഴ്ന്നടിച്ചുവീണ റീജയെ അന്‍സാര്‍ മുഖമമര്‍ത്തിപ്പിടിച്ച് കൊലപ്പെടുത്തി. അനക്കമില്ലാതായപ്പോള്‍ സമീപത്തുള്ള ഒരു തെങ്ങിന്റെ ഓല ശരീരത്തിന് മുകളിൽ എടുത്തുവെച്ച് സ്ഥലംവിട്ടു.
റീജയുടെ വസ്ത്രങ്ങൾ കീറിയതും ശരീരത്തിലെ പരിക്കുകളും കണ്ടു പോലീസിനും നാട്ടുകാർക്കും സംശയം ഉണ്ടാക്കുകയായിരുന്നു. തോട്ടില്‍ മുങ്ങിമരിക്കാന്‍മാത്രം വെള്ളമുണ്ടായിരുന്നില്ല. റീജയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയുടെ പകുതിഭാഗവും മോതിരവും അന്‍സാര്‍ കൈക്കലാക്കിയിരുന്നു. ഇവ രണ്ടും പെരിങ്ങത്തൂര്‍ കടവത്തൂര്‍ റോഡിലെ ഒരു മരക്കച്ചവടക്കടയിലെ മരങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചു. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലും പല ദിവസങ്ങളിലും ഈ യുവാവ് റീജയെ പിന്തുടര്‍ന്നതായി പൊലീസിന് വിവരം ലഭിച്ചു.
ബന്ധുക്കളുടെ മൊഴിയെ തുടര്‍ന്ന് പൊലീസ് ഇയാളെ നിരീക്ഷിച്ചു. ഇതുവച്ചാണ് സംഭവം സാധാരണ മരണമല്ലെന്ന് പൊലീസ് കണ്ടെത്തിയത്. തനിക്കു സംഭവിച്ച ഒരു കൈയബദ്ധം ആണെന്നാണ് പോലീസിനോട് അൻസാർ പറഞ്ഞത്. ഇത് നാട്ടുകാരെ രോഷാകുലരാക്കി. തെളിവെടുക്കാൻ കൊണ്ടുവന്നപ്പോൾ പ്രതിക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന സൂചന ഉള്ളതുകൊണ്ട് കനത്ത സുരക്ഷയിൽ ആയിരുന്നു തെളിവെടുക്കൽ. ഒരു മകളും മകനും ആണ് റീജയ്ക്കുള്ളത്.
Post Your Comments