തൃശൂര്‍: ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസില്‍ 38 കൊല്ലം തടവ് ശിക്ഷ വിധിച്ചതോടെ 5000 കോടിയുടെ ആസ്തികള്‍ തട്ടിയെടുക്കാന്‍ വ്യവസായിയുടെ സഹോദരങ്ങള്‍ ശ്രമം തുടങ്ങി. ഇതോടെ ജയിലിലുള്ള നിസാം ഇടപെടലുകള്‍ വീണ്ടും സജീവമായി. തന്റെ സ്വത്തുക്കളുടെ പവര്‍ ഓഫ് അറ്റോര്‍ണി സഹോദരന്‍ അബ്ദുള്‍ റസാഖിന് എഴുതി നല്‍കിയിരുന്നു. ഇതുപയോഗിച്ച് സ്വത്തുകള്‍ തട്ടിയെടുക്കാനാണ് ശ്രമം. ഇത് തിരിച്ചറിഞ്ഞാണ് മുഹമ്മദ് നിസാം സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് സൂചന. കണ്ണൂര്‍ ജയിലിലെ ലാന്‍ഡ് ലൈനില്‍ നിന്നായിരുന്നു ഫോണ്‍വിളി. നിസാമിനെ കൂടുതല്‍ വെട്ടിലാക്കാനായി ഈ ഫോണ്‍ വിളി പൊലീസില്‍ പരാതിയാക്കുകയാണ് സഹോദരങ്ങള്‍. ഇതോടെ കിങ്‌സ് ഗ്രൂപ്പിലെ തമ്മിലടി മറനീക്കി പുറത്തുവരികയാണ്.
കിങ്സ്സ് പേസ് സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരനാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. നിസാം ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയുള്‍പ്പടെയാണ് ചന്ദ്രശേഖരന്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിസാമിന്റെ ഉടമസ്ഥതയിലുള്ള കിങ് സ്‌പേസ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനത്തില്‍ കുറെ വര്‍ഷങ്ങളായി മാനേജരായി പ്രവര്‍ത്തിച്ചു വരികയാണ് ചന്ദ്രശേഖരന്‍. ഓഫീസിലെ ഒരു ഫയല്‍ ഉടന്‍ കണ്ണൂരിലെ സെന്‍ട്രല്‍ ജയിലില്‍ എത്തിക്കണമെന്നായിരുന്നു നിസാം ഫോണിലൂടെ ആവശ്യപ്പെട്ടത്. സംസാരിക്കുന്നതിനെ തന്നെ അസഭ്യം പറഞ്ഞതായും ഭീഷണിപ്പെടുത്തിയതായും ചന്ദ്രശേഖരന്‍ പരാതിയില്‍ പറയുന്നുണ്ട്.
രണ്ടര വര്‍ഷത്തിനിടെ ഇരുപത് തവണ ജയിലില്‍ പോയി കണ്ടെന്നും അപ്പോഴെല്ലാം വളരെ മോശമായാണ് നിസാം പെരുമാറിയത്. തന്റേയും കുടുംബത്തിന്റേയും ജീവന് ഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ സഹോദരന്മാര്‍ക്കൊപ്പം നിന്ന് സ്വത്ത് തട്ടിയെടുക്കാനാണ് ഇയാള്‍ ശ്രമിക്കുന്നതെന്നാണ് നിസാമിന്റെ സംശയം. ഈ സാഹചര്യത്തിലാണ് ഫയല്‍ മടക്കി ചോദിച്ചത്. തന്റെ സ്വത്തുക്കളുടെ പവര്‍ ഓഫ് അറ്റോര്‍ണിയാണ് നിസാം മടക്കി ചോദിക്കുന്നതെന്നാണ് സൂചന. നിസാമിന്റെ ഭാര്യയേയും മറ്റും സ്ഥാപന നടത്തിപ്പില്‍ നിന്ന് പൂര്‍ണ്ണമായും അകറ്റി വ്യവസായ സാമ്രാജ്യം സ്വന്തമാക്കാനാണ് അബ്ദുള്‍ റസാഖിന്റെ ശ്രമം. സെക്യൂരിറ്റിക്കാരനെ വണ്ടിയിടിച്ച് കൊന്ന കേസില്‍ നിസാമിനെ 36 കൊല്ലത്തേക്കാണ് ശിക്ഷിച്ചത്. ഇതോടെ ജീവിതാന്ത്യം വരെ നിസാം ജയിലില്‍ കിടക്കുമെന്നും ഉറപ്പായി. ഈ സാഹചര്യത്തിലാണ് ആസ്തി മുഴുവന്‍ തട്ടിയെടുക്കാന്‍ നിസാം കരുതലോടെ ശ്രമം നടത്തിയത്.
പണത്തിന് മുകളില്‍ കിടന്നുറങ്ങിയ അഢംബരത്തിന്റെ അവസാന വാക്കായ വ്യവസായി ആയിരുന്നു മുഹമ്മദ് നിസാം എന്ന തശ്ശൂര്‍ സ്വദേശി. ഈ പണത്തിന്റെ ഹുങ്ക് തലയ്ക്ക് പിടിച്ചപ്പോഴാണ് ചന്ദ്രബോസ് എന്ന സാധാരണക്കാരനെ ആഡംബര വാഹനം ഇടിപ്പിച്ചും മര്‍ദ്ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയത്. എന്നാല്‍, ചന്ദ്രബോസ് വധക്കേസ് കേരള മനസ്സാക്ഷിയെ തന്നെ ഉണര്‍ത്തുന്ന കേസായി മാറിയപ്പോള്‍ മാളിക മുകളേറിയ ഈ മന്നന് ഗോതമ്പുണ്ട തിന്ന് അഴിയെണ്ണാനായി യോഗം. പണം കൊടുത്ത് കോടതി വിധിയെയും വിലയ്ക്കു വാങ്ങാമെന്ന ശ്രമത്തിന്റെ പരാജയം കൂടിയാണ് നിസാമിനെതിരായ കോടതി വിധിയില്‍ വ്യക്തമാക്കുന്നത്. അപ്പോഴും പ്രതീക്ഷയിലായിരുന്നു നിസാം. അതും അവസാനിക്കുകായണ്. സഹോദരങ്ങള്‍ പോലും നിസാമിനെ കൈവിടുകയാണ്. അതിന്റെ തെളിവാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.
70 കോടി രൂപയുടെ ഇരുപതിലേറെ ആഡംബര കാറുകള്‍ മാത്രം നിസാമിന് ഉണ്ടായിരുന്നു. മകനെ സ്‌കൂളില്‍ കൊണ്ടുപോകാന്‍ മാത്രമായി ഒരു ഫെരാരി നിസാമിനുണ്ട്. ആറു കോടിയിലധികം വിലയുള്ള റോള്‍സ്‌റോയ്‌സ് ഫാന്റം രണ്ട്, മൂന്നു കോടി വിലയുള്ള ബന്റ്‌ലി, കോടികളുടെ പട്ടികയിലുള്ള മേബാക്ക്, ലംബോര്‍ഗ്‌നി, ജാഗ്വാര്‍, ആസ്റ്റന്‍ മാര്‍ട്ടിന്‍, റോഡ് റെയ്ഞ്ചര്‍, ഹമ്മര്‍, പോര്‍ഷേ, ഫെരാരി, ബി.എം.ഡബല്‍യു എന്നിവയുടെ വിവിധ മോഡലുകള്‍ നിസാമിനുണ്ട്. നിസാം ബൈക്കുകള്‍ അലങ്കരിക്കാന്‍ ഉപയോഗിച്ചത് അസ്ഥികൂടങ്ങള്‍ വരെയായിരുന്നു എന്നതും പുറത്തുവന്ന വാര്‍ത്തകളായിരുന്നു. പ്ലാസ്റ്റിക് നിര്‍മ്മിത അസ്ഥികൂടങ്ങളുടെ മാതൃക ബൈക്കില്‍ ചാര്‍ത്തിയായിരുന്നു നിസാമിന്റെ യാത്രകള്‍. തലയോട്ടിയും വാരിയെല്ലും കാലുകളും ഉള്‍പ്പെടെ ബൈക്കോളം നീളമുള്ള അസ്ഥികൂടം. പുകക്കുഴല്‍ മറച്ച് ഇരുമ്ബ് ചങ്ങലകളാല്‍ ബലമായി ഘടിപ്പിച്ചിരിക്കുന്നു. പഴയ തലമുറയുടെ ഹരമായ രാജ്ദൂത് ബൈക്കില്‍ അസ്ഥികൂടവും ചാര്‍ത്തിയാണ് തൃശൂരിലെ ഗ്രാമങ്ങളിലൂടെ നിസാം അതിവേഗത്തില്‍ പാഞ്ഞിരുന്നത്. അസ്ഥികൂടം ചാര്‍ത്തിയ ബൈക്കിനൊപ്പം കാറുകള്‍ വാങ്ങിക്കൂട്ടിയും നിസാം ലഹരികാട്ടി. കോടികള്‍ വിലമതിക്കുന്ന കാറുകള്‍ക്ക് ഇഷ്ടനമ്പറായ 777 ലഭിക്കാനും ലക്ഷങ്ങള്‍ മുടക്കി.
തൃശൂര്‍, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ വസതികളിലാണ് ഈ വാഹനങ്ങള്‍ ഉള്ളത്. കൊലക്കേസില്‍ അറസ്റ്റിലായതോടെയാണ് നിസാമിന്റെ സാമ്പത്തിക കരുത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. കാറുകളോടുള്ള കമ്പവും പുറത്തുവന്നു. സംസ്ഥാനത്ത് ഇരുപതിലധികം ആഡംബര കാറുകള്‍ കൈവശമുള്ള ഏക വ്യവസായി നിസാമായിരിക്കുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് 5000 കോടിയോളം രൂപയുടെ ആസ്തിയുമുണ്ടായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളും തിരുനല്‍വേലിയില്‍ ബീഡികമ്പനിയും നടത്തുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. നിസാം അകത്തായതോടെ ഈ സ്ഥാപനങ്ങളുടെ എല്ലാം നിയന്ത്രണം സഹോദരങ്ങള്‍ക്കായി. ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു നിസാമിന് ഒട്ടേറെ ബിസിനസുകളുണ്ടായിരുന്നു . 38 കൊല്ലത്തോളം നിസാമിന് ജയിലില്‍ കിടിക്കേണ്ടി വരുന്ന തരത്തിലായിരുന്നു ചന്ദ്രബോസ് വധക്കേസിലെ ശിക്ഷാ വിധി. ഇത് അനുസരിച്ച് എണ്‍പത് വയസ്സുവരെ ജയിലില്‍ കിടക്കണം. ഇത് മനസ്സിലാക്കിയാണ് സഹോദരങ്ങള്‍ സ്വത്തില്‍ കണ്ണ് വച്ചത്.
എന്നാല്‍ ഇതെല്ലാം ജയിലില്‍ കിടന്ന് നിസാം മനസ്സിലാക്കി. തന്നേയും തന്റെ ഭാര്യയേയും ഒഴിവാക്കി സ്വത്തുക്കള്‍ അടിച്ചെടുക്കാനുള്ള നീക്കത്തോട് പ്രതികരിച്ചു. സ്ഥാപനത്തില്‍ നിസാം നിയോഗിച്ച വിശ്വസ്തര്‍ ഇപ്പോഴുമുണ്ട്. ഇവരാണ് നിസാമിന്റെ അനുമതിയില്ലാതെ കമ്പനികളില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയിച്ചത്. ഇത് ചോദ്യം ചെയ്തു. സഹോദരര്‍ ചതിക്കില്ലെന്നായിരുന്നു വിശ്വാസം. എന്നാല്‍ സമര്‍ത്ഥമായി കരുക്കള്‍ നീക്കിയ സഹോദരന്‍മാര്‍ നിസാമിന്റെ ഫോണ്‍ പോലും റിക്കോര്‍ഡ് ചെയ്തു. അകല്‍ച്ച തുടങ്ങിയതോടെ നിസാമിനെ ഒറ്റാന്‍ സഹോദരങ്ങള്‍ തീരുമാനിച്ചു. അങ്ങനെ അഴിക്കുള്ളിലെ ഫോണ്‍ വിളി പുറം ലോകത്ത് എത്തി. ഇത് വിവാദവുമായി. എന്നാല്‍ എങ്ങനേയോ ആ കേസ് ഒതുക്കി തീര്‍ത്തു. കഴിഞ്ഞ വര്‍ഷം പൊലീസ് അകമ്പടിയോടെ ബെംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു ഭീഷണിയെന്നു കോള്‍ വന്ന സമയം വ്യക്തമായിരുന്നു. ഇത് ഏറെ വിവാദവുമുണ്ടാക്കി. എല്ലാം കെട്ടടങ്ങിയെന്ന സ്ഥിതി വന്നപ്പോഴാണ് വീണ്ടും ഫോണ്‍ വിളി വിവാദത്തില്‍ നിസാം കുടുങ്ങുന്നത്.
ഇത്തവണ ജയിലില്‍ നിന്നാണ് വിളി. ലാന്‍ഡ് ഫോണില്‍ നിന്നാണ് മാനേജരെ വിളിച്ചിരിക്കുന്നത്. ജയിലില്‍ നിന്ന് അത്യാവശ്യ ഫോണുകള്‍ ചെയ്യാന്‍ തടവ് പുള്ളികള്‍ക്ക് അധികാരമുണ്ട്. ഇതാണോ നിസാം വിനിയോഗിച്ചതെന്ന് പൊലീസ് പരിശോധിക്കും. ഗുരുവായൂര്‍ എഎസ്പിക്കാണ് അന്വേഷണ ചുമതല. ഏതായാലും നിസാമിനെ എങ്ങനേയും പുറത്തു കൊണ്ടു വരാനുള്ള ഭാര്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ നീക്കം. നാട്ടുകാരെ കൊണ്ട് ഒപ്പിട്ടു വാങ്ങിയും മാനസികരോഗിയെന്ന് വ്യക്തമാക്കിയുമെല്ലാം പുറത്തിറക്കാനുള്ള നീക്കം പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെ നിസാം പാവമാണെന്ന മാനുഷിക അഭ്യര്‍ത്ഥനയുമായി ഭാര്യ രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് സഹോദരങ്ങളുടെ വിശ്വസ്തന്‍ പുതിയ പരാതിയുമായി എത്തുന്നത്.
Post Your Comments