കൊച്ചി ; അറവു മാലിന്യങ്ങൾ കർശന നിർദേശവുമായി ഹൈക്കോടതി. “അറവു മാലിന്യങ്ങൾ ശരിയായി സംസ്കരിക്കുന്നുണ്ടെന്നും ഇവ ഇറച്ചിയുത്പന്നങ്ങളായി വീണ്ടും മാർക്കറ്റിലെത്തുന്നില്ലെന്ന് നഗരസഭ ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. തിരുവല്ല നഗരസഭയിലെ ഇറച്ചിക്കച്ചവടം കരാറെടുത്തവർക്ക് അറവു മാലിന്യം കൈകാര്യം ചെയ്യാൻ അവകാശമുണ്ടെന്ന സിംഗിൾ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്തു നഗരസഭ നൽകിയ അപ്പീലിലായിരുന്നു ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചത്.
“ഇറച്ചി കച്ചവടത്തിനായി ലൈസൻസ് എടുത്തവർക്ക് ഇറച്ചി വിൽക്കാൻ മാത്രമാണ് അനുമതിയെന്നും അറവു മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക ലൈസൻസ് വേണമെന്നും” നഗരസഭ വാദിച്ചു. ഇറച്ചി വിൽക്കാൻ ലൈസൻസ് ഉണ്ടെന്നതുകൊണ്ട് അറവുമാടുകളുടെ കൊമ്പും കുളമ്പും കുടലുമുൾപ്പെടെയുള്ള മാലിന്യം നീക്കം ചെയ്യാൻ ഇവർക്ക് അവകാശമില്ല. അറവു മാലിന്യങ്ങൾ ഇറച്ചിക്കൊപ്പം കലർത്തി വിൽക്കാനുള്ള സാധ്യതയുണ്ട്. വിലക്കുറവായതിനാൽ ഇത്തരം മാലിന്യങ്ങൾ ജനങ്ങൾ വാങ്ങുമെന്നും അറവുമാലിന്യങ്ങൾ ഭക്ഷിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും” നഗരസഭ വ്യക്തമാക്കി.
”എന്നാൽ ഇതിനായി ലൈസൻസ് വേണമെന്ന് അറിയില്ലായിരുന്നെന്നും ഇറച്ചിക്കായി അറവുമാടുകളെ വാങ്ങുന്നവർക്ക് അവശിഷ്ടങ്ങളിൽ അവകാശമുണ്ടെന്നും കച്ചവടക്കാർ” വ്യക്തമാക്കി.
Post Your Comments