ബെര്‍ലിന്‍: പാപ്പര്‍ ഹര്‍ജി നല്കി പ്രമുഖ എയർ ലൈൻസ് കമ്പനിയായ എയര്‍ ബെര്‍ലിന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രധാന ഓഹരി ഉടമകളായ എത്തിഹാദ് എയര്‍വെയ്സ് ഇനി ധന സഹായം നല്‍കില്ലെന്നു വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.
2016 ല്‍ 782 മില്യണ്‍ യറോ നഷ്ടം കമ്പനി കണക്കാക്കിയിരുന്നു. പാപ്പര്‍ ഹര്‍ജിയെ തുടര്‍ന്ന് 150 മില്യണ്‍ യൂറോയുടെ സര്‍ക്കാര്‍ വായ്പ ലഭിച്ചിട്ടും കമ്പനിക്ക് പിടിച്ചുനില്ക്കാന് സാധിക്കുന്നില്ല. സര്‍ക്കാര്‍ മൂന്നു മാസത്തേക്കുള്ള ഇടക്കാലാശ്വാസ്വമായിട്ടാണ് ഈ തുക നൽകിയത്. ഇതിനിടെ കമ്പനിയുടെ ചില ഭാഗങ്ങള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ചു ലുഫ്താന്‍സ അധികൃതരുമായും യൂറോവിംഗ്സുമായും എയർ ബെർലിൻ ചർച്ച നടത്തുന്നതായും റിപ്പോർട്ടുണ്ട്.
നിരന്തരം സര്‍വീസുകള്‍ തടസപ്പെടുത്തുന്നതു കാരണം ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കമ്പനിക്ക് 1.2 ബില്യണ്‍ യൂറോയോളം നഷ്ടം രേഖപ്പെടുത്തിയിരുന്നു. നിലവില്‍ എയർ ബെർലിന്റെ 29.2 ശതമാനം ഓഹരികളാണ് എത്തിഹാദിന്റെ പക്കലുള്ളത്. പാപ്പര്‍ ഹര്‍ജി നല്‍കാനുള്ള തീരുമാനം നിരാശാജനകമെന്ന് എത്തിഹാദ് അധികൃതർ പ്രതികരിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ 250 മില്യണ്‍ യൂറോ എത്തിഹാദ് ഇടക്കാല സഹായധനമായി നല്‍കിയെങ്കിലും കമ്പനിക്ക് പിടിച്ച് നിൽക്കാനായില്ല.
Post Your Comments