KeralaLatest NewsNewsIndiaInternational

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

1.മന്ത്രി തോമസ് ചാണ്ടിയ്ക്ക് നിലംനികത്തി പാര്‍ക്കിംഗ് സ്ഥലമാക്കാന്‍ അനുമതി നല്‍കിയത് ആലപ്പുഴയിലെ മുന്‍ കളക്ടര്‍. മൂന്ന് വര്‍ഷം മുമ്പാണ് 250 ലേറെ മീറ്റര്‍ നീളത്തില്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ച് തോമസ് ചാണ്ടി നെല്‍വയല്‍ നികത്തിയത്.

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന കുറുവേലി പാടശേഖരത്താണ് നിയമ ലംഘനം നടന്നത്. കല്ല് കെട്ടാനുള്ള ഉത്തരവ് മുന്‍ കളക്ടര്‍ എന്‍. പത്മകുമാര്‍ നല്‍കിയതോടെ തോമസ് ചാണ്ടി അവിടെ പണി തുടങ്ങി. വയല്‍ നികത്തി പണിത പാര്‍ക്കിംഗ് സ്ഥലത്തിന് ഏകദേശം 15 മീറ്റര്‍ വീതിയും 250 മീറ്റര്‍ നീളവുമുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് 250 ലേറെ മീറ്റര്‍ നീളത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ച് തോമസ് ചാണ്ടി വയല്‍ നികത്തിയത്.

2.രാജ്യത്തിന്റെ 7,516 കിലോമീറ്റർ കടൽത്തീരം ഉരുക്കുകോട്ട കെട്ടി കാക്കാൻ തീരസംരക്ഷണ സേന. അതിർത്തികളിൽ ചൈനയും പാക്കിസ്ഥാനും നിരന്തരം പ്രകോപനം സൃഷ്ടിക്കുന്നതിനിടെയാണ് പുതിയ തീരുമാനം.

കര, വ്യോമ, നാവിക സേനകൾ കഴിഞ്ഞാൽ രാജ്യത്തെ പ്രധാന സേനാവിഭാഗമാണ് തീരസംരക്ഷണ സേന. 2008ല്‍ നടന്ന ഭീകരാക്രമണത്തിനു ശേഷമാണ് തീരസേനയുടെ പ്രധാന്യം ഇത്രയധികം കൂടിയത്. കടൽത്തീരം നിരീക്ഷിക്കാൻ കൂടുതൽ പട്രോളിങ് വാഹനങ്ങൾ, ബോട്ടുകൾ, ഹെലികോപ്ടറുകൾ, വിമാനങ്ങൾ, അടിയന്തര ഓപ്പറേഷൻ സംവിധാനം തുടങ്ങിയവ ഒരുക്കാനാണ് ഇപ്പോള്‍ പണം അനുവദിച്ചിട്ടുള്ളത്. 175 കപ്പലുകളും 110 വിമാനങ്ങളും ഉള്ള കരുത്തുറ്റ വിഭാഗമാക്കി തീരസംരക്ഷണസേനയെ 2022ൽ ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. 1,382 ദ്വീപുകൾ, മൂന്ന് ദശലക്ഷം ചതുരശ്ര കിലോമീറ്റർ വരുന്ന എക്സ്ക്ലൂസീവ് എക്കണോമിക് സോണുകൾ എന്നിവയാണ് രാജ്യത്തിനുള്ളത്. ഇത് നടപ്പിലാകുന്നതോടെ കടലിലൂടെയുള്ള ശത്രുവിന്റെ കടന്നുകയറ്റവും ഏതുതരം ആക്രമണങ്ങളും തടയാൻ തീരസംരക്ഷണ സേനയ്ക്ക് സാധിക്കും.

3.ദക്ഷിണാഫ്രിക്കയില്‍ സ്വര്‍ണമല കണ്ടെത്തി; ഡിസംബറിൽ സ്വർണ വില 5000 രൂപയില്‍ താഴെയാകുമെന്ന് റിപ്പോര്‍ട്ടുകള്‍

60 കിലോമീറ്റർ ചുറ്റളവിൽ 4800 അടി ഉയരമുള്ള സ്വർണ മലയാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ലോകത്ത് നിലവിലുള്ള സ്വര്‍ണത്തിന്റെ നൂറിരട്ടി സ്വര്‍ണശേഖരമുള്ള മലയാണ് ദക്ഷിണാഫ്രിക്കയിലെ കാടുകളില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. സ്വര്‍ണഖനനം പൂര്‍ത്തിയായാല്‍ ഏതാണ്ട് 60 ബില്യണ്‍ കോടിയുടെ സ്വര്‍ണശേഖരം ഇവിടെ നിന്നു ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ ഖനനത്തിലൂടെ പ്രതീക്ഷിക്കുന്ന സ്വര്‍ണം ലഭിച്ചാല്‍ രാജ്യാന്തര തലത്തില്‍ സ്വര്‍ണത്തിന്റെ വില അയ്യായിരം രൂപയില്‍ താഴെയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

4.പോലീസുകാരെ ടിക്കറ്റ് വില്‍പനക്കാരാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ ; സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ്‌

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ് പങ്കെടുക്കുന്ന പരിപാടിയുടെ ടിക്കറ്റ് വില്‍പനയ്ക്കാണ് പൊലീസുകാരെ നിയോഗിച്ചത്. മുന്‍മന്ത്രി കമല്‍കിഷോര്‍ കദമിന്റെ നേതൃത്വത്തിലുള്ള മഹാത്മ ഗാന്ധി മിഷനും ഔറാംഗബാദ് പൊലീസും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗീത പരിപാടിയുടെ ഗുഡ് വില്‍ അംബാസിഡറാണ് മുഖ്യമന്ത്രിയുടെ ഭാര്യ. രജനി എന്നാണ് പരിപാടിയ്ക്ക് പേരിട്ടിരിക്കുന്നത്. ഈ പരിപാടിയുടെ ടിക്കറ്റ് വില്‍ക്കുന്നതിനായി 15 സ്റ്റേഷനുകളിലെ പൊലീസുകാരെ
നിയോഗിച്ചിട്ടുണ്ടെന്ന് ഔറാംഗബാദ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 51,000 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. 400 പേര്‍ക്ക് മാത്രമാണ് പരിപാടിയില്‍ പ്രവേശനം.ഈ ടിക്കറ്റുകള്‍ വിറ്റഴിക്കുന്നതിനാണ് പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1.ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. റിട്ട സുപ്രീംകോടതി ജഡ്ജി ആര്‍.വി രവീന്ദ്രന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

2.സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ കേസില്‍ ഒത്തുതീര്‍പ്പ് പറ്റില്ലെന്ന് പോലീസ്. സാമ്പത്തിക പ്രശ്നങ്ങൾ മാത്രമേ ഒത്തുതീര്‍ക്കാനാകൂവെന്നും അശ്ലീല സംഭാഷണവും ബോഡി ഡബിളിംഗും ക്രിമിനൽ കുറ്റമാണെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.

3.നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. സുനിയെ കോടതിയില്‍ ഹാജരാക്കാതെയാണ് അന്വേഷണ സംഘം റിമാന്‍ഡ് കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് നേടിയത്.

4.സ്വാശ്രയ മെഡിക്കല്‍ ഫീസിന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന ആരോപണവുമായി പ്രതിപക്ഷം. വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയാണ് നിയമസഭയില്‍ വി ഡി സതീശന്‍ എംഎല്‍എ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.

5.അതിരപ്പിള്ളി പദ്ധതി പ്രായോഗീകമല്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. ചിലവ് കുറഞ്ഞ കൂടുതല്‍ ഫലപ്രദമായ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതെന്ന് സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് റ്റി. ഗംഗാധരന്‍.

6.മഴയില്‍ മുങ്ങി ബെംഗളൂരു നഗരം : ഒറ്റരാത്രിയില്‍ പെയ്തത് 127 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ

7.ഞങ്ങളുടെ ലോക്‌സഭാ എംപിയെ കാണാനില്ല. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ കാണാനില്ല എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സോണിയാ ഗാന്ധിക്കെതിരെയും റായ്ബറേലിയില്‍ സമാന പോസ്റ്ററുകള്‍.

8.ചൈനീസ് നുഴഞ്ഞുകയറ്റത്തിന് ദോക് ലാ സംഘര്‍ഷവുമായി ബന്ധമുണ്ടെന്നു സൈനിക ഇന്റലിജൻസ് വിഭാഗം. മുൻകൂട്ടി തയാറാക്കിയ പദ്ധതിക്കനുസരിച്ചാണ് ചൈനയുടെ അസാധാരണ കയ്യേറ്റമെന്നും ഇന്റലിജൻസ് വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button