ന്യൂഡല്‍ഹി: തീരസംരക്ഷണ സേനയെ കരുത്തുറ്റതാക്കാന്‍ വമ്പന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന ആക്ഷന്‍ പ്ലാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. 2022 ആകുമ്പോഴേക്കും തീരസംരക്ഷണ സേനയ്ക്ക് 175 വിവിധ കപ്പലുകള്‍, 110 വിമാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. 31,748 കോടിരൂപയുടേതാണ് പരിഷ്‌കരണ പദ്ധതി. കടല്‍വഴിയുള്ള സുരക്ഷാ ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
വിശാലമായ മേഖലയുടെ സുരക്ഷിതത്വത്തിനായി 130 യൂണിറ്റുകള്‍ മാത്രമാണ് നിലവില്‍ ഉള്ളത്. ഇത്രയും യൂണിറ്റുകള്‍ക്കായി 60 കപ്പലുകള്‍, 18 ഹോവര്‍ക്രാഫ്റ്റുകള്‍, 52 ഇന്റെര്‍സെപ്റ്റര്‍ ബോട്ടുകള്‍ എന്നിവയാണുള്ളത്. നിലവില്‍ സേനയ്ക്കായി 65 ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍ നിര്‍മാണഘട്ടത്തിലാണ്. കൂടാതെ 5000 കോടി മുടക്കി 30 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള പദ്ധതിയും പരിഗണനയിലാണ്.
16 ധ്രുവ് ഹെലികോപ്റ്റര്‍, എയര്‍ ബസിന്റെ 14 ഇരട്ട എഞ്ചിന്‍ കോപ്റ്ററുകള്‍ എന്നിവയാണ് വാങ്ങുക. മാത്രമല്ല ആറ് നിരീക്ഷണ വിമാനങ്ങളും വാങ്ങും. കൂടാതെ സേനയുടെ കീഴിലുള്ള റീജിയണല്‍ ഹെഡ്ക്വാര്‍ട്ടേഴ്സുകള്‍ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ്. തീരസുരക്ഷ, ദ്വീപുകളുടെ സുരക്ഷ, തീരത്തിനു സമീമുള്ള സമുദ്രമേഖലയുടെ സുരക്ഷ, കടല്‍വഴിയുള്ള കള്ളക്കടത്ത്, കടല്‍കൊള്ള, കടലിലെ എണ്ണ ചോര്‍ച്ചമൂലമുള്ള മലനീകരണം എന്നിവ തടയല്‍ തുടങ്ങിയവയാണ് തീരസംരക്ഷണ സേനയുടെ ദൗത്യങ്ങള്‍.
7,516 കിലോമീറ്റര്‍ വരുന്നതാണ് ഇന്ത്യയുടെ തീരമേഖല. കൂടാതെ ദ്വീപുകള്‍, പ്രത്യേക സമുദ്ര സാമ്പത്തിക മേഖല എന്നിവയുള്‍പ്പെടുന്ന പ്രദേശങ്ങളും തീരസംരക്ഷണ സേനയുടെ നിയന്ത്രണത്തില്‍ വരുന്നതാണ്. ഏതാണ് 30 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശങ്ങളാണ് തീരസംരക്ഷണ സേനയുടെ കീഴില്‍ വരുന്നത്. ആകാശ നിരീക്ഷണം നടത്താനായി ആകെയുളളത് 39 ഡ്രോണിയര്‍ വിമാനങ്ങളാണ്.
19 ചേതക് ഹെലികോപ്റ്ററുകളും 4 ധ്രുവ് ഹെലികോപ്റ്ററുകളും സേനയ്ക്കുണ്ട്. എന്നാല്‍ വലിയൊരു പ്രദേശം കൈകാര്യം ചെയ്യാന്‍ ഇത് അപര്യാപ്തമാണ്. ഇത് പരിഗണിച്ചാണ് പുതിയ പദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയത്. 2011 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് തീര സുരക്ഷയുടെ കാര്യത്തിലുള്ള പഴുതുകള്‍ രാജ്യം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇതിന് ശേഷമാണ് നവീകരണ പദ്ധതികള്‍ക്ക് ജീവന്‍ വെച്ചത്. നിലവില്‍ പ്രതിരോധ വിഭാഗങ്ങളില്‍ ഏറ്റവും ചെറിയ സേനയാണ് തീരസംരക്ഷണ സേന.
Post Your Comments