Latest NewsKeralaNews

ആക്രമിക്കപ്പെട്ട നടിയോട് പി.സി.ജോർജ്: സ്വന്തം മകളോടെന്ന പോലെ ഞാനാവർത്തിക്കുന്നു , നിന്നെ ദ്രോഹിച്ചവൻ മറ്റൊരാൾ

 

കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ കത്തിന് മറുപടിയുമായി പിസി ജോർജ്ജ്. ഇരയായ നടിയെ തനിക്കറിയില്ലെന്നും അവരുടെ പേര് പറഞ്ഞാൽ അവരെ പറ്റി പറയാമെന്നും പി സി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പി സി ജോർജ്ജിന് സ്പീക്കറുടെ കടുത്ത വിമർശനവും നേരിടേണ്ടി വന്നിരുന്നു. നടൻ മുകേഷിനെയാണ് പി സി ലക്ഷ്യമിടുന്നതെന്നാണ് ഈ കത്തിൽ നിന്ന് മനസ്സിലാക്കേണ്ടത്.

പിസി ജോര്‍ജിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

സിനിമയിലെ സ്ത്രീ സംഘടനക്ക്,

നിങ്ങള്‍ പ്രസിദ്ധീകരിച്ച തലവാചകങ്ങളോടെയുള്ള കത്ത് കണ്ടു.തലവാചകങ്ങള്‍ക്ക് താഴെയുള്ള കത്ത് അവസാനിക്കുന്ന ഭാഗത്ത് പേരില്ലാത്തതിനാലാണ് കത്ത് പ്രസിദ്ദീകരിച്ച നിങ്ങളെ അഭിസംബോധന ചെയ്ത് ഈ കുറിപ്പ് തുടങ്ങുന്നത്.
കുഞ്ഞുങ്ങളെ,അമ്മമാരെ,

(1)കൊച്ചിയില്‍വച്ച്‌ ആക്രമിക്കപ്പെട്ട നിങ്ങളുടെ സഹപ്രവര്‍ത്തകയായ നടിക്കു നീതി ലഭിക്കണമെന്നും ആ നടിയോടൊപ്പമാണ് ഞാനെന്നുമുള്ള എന്റെ നിലപാട് വിശദീകരണം ആവശ്യമില്ലാത്തവിധം ശക്തവും ഉറച്ചതുമാണ്.

(2)കൊച്ചിയില്‍ ഒരു സിനിമാനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ടിരിക്കുന്ന ദിലീപിന്റെ ജീവിതവും തൊഴിലും തകര്‍ക്കാന്‍ ആസൂ്ര്രതിതമായ ഗൂഢാലോചന നടന്നു എന്ന് ഞാനുയര്‍ത്തിയ സംശയത്തിലും പ്രതികരണങ്ങളിലും അണുവിട വ്യത്യാസപ്പെടുത്താതെ ഉറച്ചു നില്‍ക്കുകയാണെന്ന വിവരം നിങ്ങളെ അറിയിക്കുന്നു.

(3) പള്‍സര്‍സുനി എന്ന ക്രിമിനലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍വച്ച്‌ ഒരു സിനിമാനടിയെ ആക്രമിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നയുടന്‍ നടിയെ ആക്രമിച്ചവരെയും ഈ ആക്രമണത്തിനു ആരെങ്കിലും ഇവരെ നിയോഗിച്ചതാണെങ്കില്‍ അവരെയും ശരീരം മുഴുവന്‍ കാന്താരി മുളകരച്ച്‌ തേച്ചുപിടിപ്പിച്ച്‌ അനുഭവിപ്പിച്ചിട്ടേ ജയില്‍ശിക്ഷക്ക് അയക്കാവു എന്നാണ് ഞാന്‍ പറഞ്ഞത്.അതില്‍ ഒരുമാറ്റവും വരുത്തിയിട്ടില്ലെന്നും അറിയിക്കട്ടെ.

(4) നടി ആക്രമിക്കപ്പെട്ടതിനുശേഷം കൊച്ചിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മലയാള സിനിമയിലെ ഒരു പ്രശസ്ത നടി പ്രഖ്യാപിച്ചിരുന്നു.അവര്‍ക്കങ്ങനെ ആരോപിക്കുവാനുള്ള സ്വാതന്ത്യമുണ്ട്.അത് ഗൗരവതരമായി പരിശോധിക്കുകയും വേണം.പക്ഷേ നടി പരാമര്‍ശിച്ച ഗൂഢാലോചന നടത്തിയത് സിനിമ നടനായ ദിലീപ് തന്നെയാണെന്നും, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് ഇന്നു 5 മാസങ്ങള്‍ പൂര്‍ത്തിയായിട്ടും വിശ്വസനീയമായ ഒരു തെളിവുമില്ലാതെ ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടത് ശരിയാണെന്നും പി.സി.ജോര്‍ജ് പറഞ്ഞോണ്ടിരുന്നോണം എന്ന് പ്രതീക്ഷിക്കുന്നവരോടെല്ലാം ഞാനൊരു മഠയനല്ലാത്തതു കൊണ്ട് എനിക്കതിനു സൗകര്യമില്ലെന്നു പറഞ്ഞത് നിങ്ങളോടും ആവര്‍ത്തിക്കട്ടെ.

(5) ആലപ്പുഴയില്‍ ഞാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ ഒരു ഭാഗം മാത്രം കണ്ട് എന്റെ വാക്കുകളെ വിലയിരുത്താതെ ആ പത്രസമ്മേളനത്തിലെ ദൃശ്യങ്ങള്‍ മുഴുവനും കണ്ട് ധാരണകളിലെത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു
ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്ത് ജയിലില്‍ കിടക്കുന്ന ഒരച്ഛന്റെ മകളും,ഭര്‍ത്താവിന്റെ ഭാര്യയും,മകന്റെ അമ്മയും സ്ത്രീകളാണെന്ന യാഥാര്‍ത്ഥ്യം മറ്റാരും കണ്ടില്ലെങ്കിലും പി.സി.ജോര്‍ജിനു കാണാതിരിക്കാനാവില്ല.അത്തരം നിലപടുകള്‍ ഞാന്‍ എന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമാക്കിയതു കൊണ്ടാണ് നിങ്ങളില്‍ പലര്‍ക്കും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണും,ഫെമിനിസം പ്രസംഗിക്കുന്ന പലര്‍ക്കും അംഗത്വമോ അനുഭാവമോ ഉള്ള രാഷ്ട്രീയ പാര്‍ട്ടികളെയും മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി 28000ല്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ എന്നെ ജനങ്ങള്‍ തിരഞ്ഞെടുത്ത് കേരള നിയമസഭയിലെത്തിച്ചതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്ന കാര്യവും അറിയിക്കട്ടെ.

പള്‍സര്‍ സുനിയുടെയും കൂട്ടാളികളുടെയും ആക്രമണത്തിനു ഇരയായ ആ മകള്‍ക്കുണ്ടായ ദുരനുഭവത്തിലും വേദനയിലും അങ്ങേയറ്റം വേദനിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ആ മകള്‍ക്ക് നീതി കിട്ടണമെന്ന ഉറച്ച നിലപാടിനൊപ്പം ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നുള്ള പ്രതിബദ്ധതാ പുര്‍ണ്ണമായ നിലപാടു കൂടി ഞാന്‍ ചേര്‍ത്തുവച്ചിട്ടുണ്ട്.

(6)ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന നടന്‍ ദിലീപാണ് പള്‍സര്‍ സുനി എന്നെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയതെന്ന് ആക്രമണത്തിനു വിധേയയായ നടി ഒരിടത്തും പറഞ്ഞതായി എനിക്കറിയില്ല.ആ നടി എന്തെങ്കിലും വിധത്തിലുള്ള പരാതി ഈ സംഭവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പറഞ്ഞിരുന്നെങ്കില്‍ ഞാനൊരിക്കലും ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന നിലപാടില്‍ എത്തില്ലായിരുന്നു.ആക്രമണത്തിനിരയായ നടി ദിലീപിനെതിരെ പരാതി പറയാത്തിടത്തോളം കാലം എന്റെ നിലപാടുകളില്‍ ഞാന്‍ ഉറച്ചു നില്‍ക്കുമെന്നും അറിയിക്കുന്നു. പൊലീസ് നടപടികളില്‍ വീഴ്ചയുണ്ടാകാന്‍ പാടില്ല എന്ന ഉറച്ച ആവശ്യം എന്റെ പൊതുപ്രവര്‍ത്തനത്തിന്റെ മുഖമുദ്രയായി ഞാന്‍ കൊണ്ടു നടക്കുന്നതാണ്.പൊലീസ് നടപടിയിലെ വീഴ്ച ചൂണ്ടിക്കാണിക്കുന്ന ആര്‍ക്കെതിരെയും ആസൂത്രിതവും വ്യക്തമായ ലക്ഷ്യങ്ങളോടെയുമുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുക സ്വാഭാവികമായ പ്രവണതയാണ്.

അതിനായി സമര്‍ത്ഥമായ നീക്കങ്ങള്‍ നടത്തി പൊലീസ് വീഴ്ചയെ മറച്ചു പിടിക്കേണ്ടതും ജനങ്ങളുടെ ശ്രദ്ധയെ അതില്‍നിന്നും തിരിച്ചു വിടേണ്ടതും ആരെക്കാളും ആവശ്യം പൊലീസിലെ ഫൂലന്‍ദേവിമാരുടെയും അവരെ പ്രേരിപ്പിച്ച്‌ തെറ്റുകള്‍ ചെയ്യിക്കുന്ന ഇന്ദ്രാണിമാരുടെയും അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി പിന്നില്‍ നില്‍ക്കുന്ന നേതാക്കന്മാരുടെയും ആവശ്യമാണ്.
ജനശ്രദ്ധ പതിയുന്ന ഒരു വിഷയത്തില്‍ പൊലീസ് സ്വീകരിക്കുന്ന നടപികളെക്കുറിച്ചുള്ള നിയമപരമായ വിശ്വാസ്യത പൊതുസമൂഹത്തിനു നഷ്ടപ്പെടുമ്ബോള്‍ പൊതുശ്രദ്ധ തിരിയുന്ന അനുബന്ധ വിഷയത്തിലേക്ക് ചര്‍ച്ചകളെ വഴി മാറ്റി വിടേണ്ടത് പൊലീസിന്റെയും പൊലീസിന്റെ ചരട് കൈയിലുള്ളവരുടെയും ആവശ്യമാണ്.അത്തരത്തില്‍ ഈ കേസില്‍ പ്രവര്‍ത്തിക്കുകയും ഇടപെടുകയും ചെയ്യുന്നവരുടെ സാമീപ്യവും ബുദ്ധിയും ഉപദേശ നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിക്ക് ആ മകളു നല്‍കിയതായി പറഞ്ഞ് നിങ്ങള്‍ പ്രസിദ്ധീകരിച്ച പരാതിയിലെ വാചകങ്ങളില്‍ ഞാന്‍ കാണുന്നത് എന്റെ സുദീര്‍ഘമായ അനുഭവസമ്ബത്തു കൊണ്ടാണ്.

അതിന് എന്നെ കുറ്റപ്പെടുത്തരുത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കുറ്റം ചുമത്തി ഒരു സിനിമ നടന്‍ ജയിലിലെത്തിയ കേസിലാണ് ഞാന്‍ പ്രതികരിച്ചു കൊണ്ടിരിക്കുന്നത്.അത് ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചാണെന്നു വരുത്തിത്തീര്‍ക്കേണ്ടത് ഒരു നടിക്കു സംഭവിച്ച ദുരന്തത്തെ ചില നിക്ഷിപ്ത താത്പര്യങ്ങളോടെ പ്രയോജനപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചവരുടെ ആവശ്യമാണ്.കാരണംഅവരുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ അവര്‍ നടത്തിയ പരിശ്രമങ്ങളെല്ലാം പൊളിയുകയാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

കേരളത്തിലെ പുതിയ ഭരണക്കാരുടെ ഔദാര്യത്തില്‍ ഒരു ബ്രാന്‍ഡ് അമ്ബാസിഡര്‍ സ്ഥാനമോ, മത്സരിക്കാന്‍ ഒരു നിയമസഭാ സീറ്റോ ,ഒരു പ്രമോഷനോ ,ഇത്തിരി പണമോ ഒക്കെ പ്രതീക്ഷിച്ച്‌ ഒരു നടനെ നശിപ്പിക്കാന്‍ പ്രതികാര ദാഹിയായ വടയക്ഷിണിയുടെ മനസ്സുള്ളവര്‍ക്കൊപ്പം ചേര്‍ന്നവരെല്ലാം നിയമത്തെയും ജനങ്ങളെയും വിശ്വസിപ്പിക്കാന്‍ കഴിയാതെ പതറുകയാണ്.ഒരു നടന്റെ ജീവിതവും തൊഴിലും നശിപ്പിച്ച്‌ പകവീട്ടാനുള്ള കുതന്ത്രത്തിന് കൂട്ടൂചേര്‍ന്നവരുടെയെല്ലാം ആവശ്യം അയാള്‍ക്കെതിരായ ഗൂഢാലോചനാ കേസില്‍ ഞാന്‍ നിശബ്ദനാകണം എന്നാണ്..അതിനാണ് ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്നുവെന്ന പുതിയ പ്രചാരണം..

ആദ്യം ഇടതുപക്ഷ ഫെമിനിസ്റ്റുകള്‍…പിന്നെ സിനിമയിലെ സ്ത്രീ സംഘടന..ശേഷം ഇടതു വനിതകളുടെ സമുന്നത നേതാവ് എം.സി. ജോസഫൈന്‍…ഇപ്പോള്‍ നടിയുടെ കത്തുമായി സംഘടന വീണ്ടും…. വിദേശത്തുവച്ച്‌ മാധ്യമങ്ങളുടെ മുന്നില്‍ വച്ചുള്ള ഒരു പൊതുപരിപാടിയില്‍ പി.സി.ജോര്‍ജിനെ പേരെടുത്തു പറഞ്ഞുള്ള ഒരു പൊട്ടിക്കരച്ചില്‍….ദിലീപിനെ നശിപ്പിക്കാന്‍ പ്രതികാര നീക്കങ്ങളുമായി പിന്നില്‍ നില്‍ക്കുന്ന ദുഷ്ട മനസ് ആദ്യം പ്ളാന്‍ ചെയ്തത് ഇതാണെന്നാണ് അറിഞ്ഞത്…നിയമപരമായി അത് പ്രശ്നമാകുമെന്ന് കേരളത്തില്‍ നിന്ന് ഉപദേശം കടല്‍ കടന്നതിനാലാണ് ഇപ്പോള്‍ പുതിയ നമ്ബറുകള്‍…ഇതുകൊണ്ട് ഞാനൊരു കാലത്തും നെറികേടിന് കുടപിടിക്കുകയോ നിരപരാധിയെ ശക്ഷിക്കണമെന്നോ പറയില്ല.

മകളേ,
സ്വന്തം മകള്‍ക്ക് നീതി ലഭിക്കണമെന്ന് അതിരറ്റ് ആഗ്രഹിക്കുന്ന ഒരു പിതാവിന്റെ മനസ്സോടെ ഞാന്‍ നിനക്കൊപ്പമാണ്.ഇന്‍ഡന്‍ ഭരണഘടനയും നിയമസംവിധാനവും ശക്തമാണ് നീ അതില്‍ വിശ്വസിക്കുക.നിനക്ക് നീതി ലഭിക്കുക തന്നെ ചെയ്യും
ഒപ്പം, നിനക്ക് നേരിട്ട ദുരനുഭവങ്ങളെ കഴുകന്റെ മനസ്സുള്ളവര്‍ സ്വാര്‍ത്ഥലാഭത്തിനും പ്രതികാരത്തിനും വേണ്ടി ദുര്‍വിനിയോഗം ചെയ്യാതിരിക്കുവാന്‍ കണ്ണും കാതും മനസ്സും തുറന്നിട്ട് ജാഗ്രത പുലര്‍ത്തുക.ഒപ്പം,ആര്‍ക്കെങ്കിലും ആരോടെങ്കിലുമുള്ള പകയും വ്യക്തിവിരോധവും തീര്‍ക്കാനുള്ള കുതന്ത്രങ്ങളുടെ ഇരയായിക്കൂടി നീന്നെ മാറ്റാതിരിക്കാന്‍ സര്‍വ്വേശരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
കുഞ്ഞേ കണ്ണു തുറന്നു കാണുക..ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമയെന്തെന്നറിയാതെ ഇപ്പോഴും ഒരു മൂന്നാംകിട യുവജന രാഷ്ട്രീയക്കാരന്റെ മനസുള്ളവരും പി.സി.ജോര്‍ജിനെ സംസ്കാരം പഠിപ്പിക്കുവാന്‍ കുറിപ്പുമായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കുരുക്ഷേത്ര യുദ്ധകാരണം ഉദ്ധരിച്ചാണ് ഉദ്യമം…അന്യന്റെ ഭാര്യയെ തട്ടിക്കൊണ്ടുവന്നവന്‍.. ..അവനാണ് നിന്നെയും ആക്രമിച്ചത്…അവനെ ഡ്രൈവറാക്കി കൊണ്ടുനടന്ന് അവന്റ സകല വൃത്തികേടിനും കുടപിടിച്ചവന്‍ തൊട്ടടുത്ത് ഞാനിരിക്കുന്ന സ്ഥലത്ത് ഇരുന്നിട്ടും ഈ മാന്യന്‍ അത് കണ്ടില്ല. എന്നിട്ടാണ് സംസ്കാരസീമ പഠിപ്പിക്കാനുള്ള ശ്രമം. ഇത്തരം പൊള്ളത്തരങ്ങള്‍ കണ്ണു തുറന്നു കാണുക.. സഹായിക്കാന്‍ ശ്രമിക്കുന്നവരെയും, പി.സി.ജോര്‍ജിനെയും ശരിയായി വിലയിരുത്തുക…

അതിന് ദൈവം അനുഗ്രഹിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button