കാട്ടാക്കട: റേഷൻ കാർഡ് വാങ്ങാനെത്തിയ അമ്മയും മകനും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ സപ്ലൈ ഓഫിസ് ജീവനക്കാരിക്ക് പരിക്കേറ്റു. അമ്മയും മകനും തമ്മിലുണ്ടായ പിടിവലിയുടെ ഇടയിൽ പെട്ട സപ്ലൈ ഓഫിസ് ജീവനക്കാരി ശോഭയ്ക്കാണ് മർദ്ദനമേറ്റത്. ഇവർ കാട്ടാക്കട സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിൽസയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണു സംഭവം. പൂവച്ചൽ സ്വദേശിയായ മാതാവും മകനും ഓഫിസിൽ റേഷൻ കാർഡ് വാങ്ങാനെത്തി. കാർഡ് തനിക്കു വേണമെന്ന ആവശ്യത്തിൽ ഉണ്ടായ പിടിവലിക്കിടെയാണു ശോഭയ്ക്കു മർദനമേറ്റതെന്നു സപ്ലൈ ഓഫിസ് ജീവനക്കാർ പറഞ്ഞു. മകൻ സപ്ലൈ ഓഫിസിലെ ക്ലാർക്ക് ആയ ശോഭയെ തള്ളി താഴെയിടുകയായിരുന്നു.
സംഭവത്തിൽ പൂവച്ചൽ സ്വദേശി ഹുസൈനെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരിയുടെ മൊഴി ലഭിച്ചാൽ കേസെടുക്കുമെന്നു കാട്ടാക്കട പൊലീസ് അറിയിച്ചു.
Post Your Comments