സ്വാതന്ത്ര്യ ദിനത്തിൽ ആർ എസ്എസ് സർസംഘചാലക് ദേശീയ പതാക ഉയർത്തുന്നത് തടയാനുള്ള കേരള സർക്കാരിന്റെ ശ്രമവും ഉത്തരവും അക്ഷരാർഥത്തിൽ ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയായിരുന്നു. സ്വാതന്ത്ര്യ ദിനത്തിന്റെ തലേ രാത്രിയിൽ വളരെ വൈകി ഒരു ജില്ലാ കളക്ടർ ഇത്തരമൊരു ഉത്തരവ് ആർഎസ്എസിനും ഒരു സ്കൂളിനും കൈമാറുന്നു. അതും ഒരു അർദ്ധരാത്രിയിൽ.സർക്കാർ എയ്‌ഡഡ് വിദ്യാലയങ്ങളിൽ ദേശീയ പതാകയുയർത്താൻ ജനപ്രതിനിധിയോ സ്കൂൾ അധികൃതരോ സർക്കാർ ഉദ്യോഗസ്ഥരോ ആവണമെന്നതാണ് നിർദ്ദേശം. അതാവട്ടെ മോഹൻജി ഭഗവത്തിന്റെ പരിപാടി അട്ടിമറിക്കാനായി തല്ലിക്കൂട്ടിയ ഉത്തരവാണോ എന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു. അതെന്തായാലും നിശചയിച്ചതു പോലെ ആർഎസ്എസ് സർസം ഘചാലക് പാലക്കാട്ടെ കർണകിയമ്മൻ സ്കൂളിൽ ദേശീയ പതാകയുയർത്തി. അത് തടയുമെന്ന് പറഞ്ഞവർ സ്കൂളിന് വെളിയിൽ കാത്തിരുന്ന് സ്വയം നാണം കെട്ടു. ഇന്ത്യയിൽ ഇന്നും ഇതൊക്കെ സംഭവിക്കുന്നു എന്നതാണ് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്. കേരളത്തിൽ ഇതിനൊക്കെ ചിലർ തയ്യാറാവുന്നു എന്നതും ഗൗരവതരമാണ് . ഇതിനെയൊക്കെ എങ്ങിനെ അപലപിക്കണം എന്നതറിയില്ല.
സംഘടനാപരവും രാഷ്ട്രീയവുമായ അഭിപ്രായവ്യത്യാസങ്ങൾ പലർക്കും ഉണ്ടാവാം. നയപരിപാടികളിൽ ഭിന്നതയുണ്ടാവാം. എതിർപ്പ് അതിന്റെ മൂർധന്യത്തിലാവാം. ഇതൊക്കെ സ്വാഭാവികമാണ്. എന്നാൽ അതിന്റെ പേരിൽ ഒരു മഹത്തായ ദേശീയ പ്രസ്ഥാനത്തിന്റെ തലവനോട് സ്വാതന്ത്ര്യ ദിനത്തിൽ ദേശീയപതാക ഉയർത്തരുത് എന്ന് ഒരു സംസ്ഥാന ഭരണകൂടം ആജ്ഞാപിക്കുന്നത്, അതിനായി പ്രത്യേക ഉത്തരവിറക്കുന്നത് ……. അതും വളരെ വൈകി, പരിപാടിയുടെ തലേന്ന് അർധരാത്രി കഴിഞ്ഞു കൊണ്ടുപോയി കൊടുക്കുന്നത്. 1975 ജൂണിൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അർധരാത്രിക്ക് ശേഷമാണ് എന്നത് ചരിത്രത്തിന്റെ ഭാഗമാണ്. അതുതന്നെയല്ലേ ഇന്നിപ്പോൾ ഇടത് ഭരണത്തിൽ കേരളത്തിൽ മറ്റൊരു രൂപത്തിൽ അരങ്ങേറുന്നത്?.
ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമാണ്. അവിടെ ദേശീയ പതാക ഉയർത്താൻ ജനങ്ങൾക്ക് അധികാരമുണ്ട്. ഇക്കാര്യം വളരെയേറെ മുൻപൊക്കെ ചർച്ചചെയ്തതാണ്. 2002 ലാണ് ഇത് ഒരു വിവാദമായത്. അന്ന് ഒരു കോൺഗ്രസ് എംപി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിൽ ദേശീയ പതാകയുയർത്തി. അത് നിയമപരമല്ല എന്നതായിരുന്നു അന്നുയർന്ന ആക്ഷേപം. അങ്ങിനെയാണ് പ്രശ്നം കോടതിയിലെത്തിയത്. അവസാനം ദൽഹി ഹൈക്കോടതി പറഞ്ഞത്, ദേശീയ പതാക അവനവന്റെ സ്ഥാപനത്തിൽ ഉയർത്തുന്നത് ന്യായമാണ്, അത് ഭരണഘടനാവിരുദ്ധമല്ല, നിയമവിരുദ്ധമല്ല എന്നാണ്. ആ നിയമപ്രശ്നം സുപ്രീംകോടതിയിലുമെത്തിയിരുന്നു. ഇതിനിടെ കേന്ദ്രസർക്കാർ ഒരു അന്തർ മന്ത്രാലയ സമിതി ഉണ്ടാക്കി. ദേശീയ പതാക അനിയന്ത്രിതമായി ഉപയോഗിക്കാം എന്നതായിരുന്നു അതിന്റെ ശുപാർശ. സുപ്രീംകോടതിയും ഇക്കാര്യത്തിൽ അതെ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ദേശീയ പതാക ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന വ്യവസ്ഥകൾ കർശനമായി പാലിക്കപ്പെടണം എന്നതും വ്യക്തമാക്കപ്പെട്ടു. അതിന്റെ വെളിച്ചത്തിലാണ് 2002 -ൽ ഒരു ഫ്ലാഗ് കോഡിന് രൂപം നൽകുന്നത് . അതുവരെ പുറപ്പെടുവിച്ചിട്ടുള്ള വിവിധ ഉത്തരവുകൾ എല്ലാം കണക്കിലെടുത്താണ് ഈ കോഡ് രൂപീകരിച്ചത്.
ഇതൊക്കെ കേരള സർക്കാരിന് അറിയാത്തതല്ല. ഒരു ഐഎഎസ് ഉദ്യോഗസ്ഥ അത് തിരിച്ചറിയേണ്ടതുമാണ്. പക്ഷെ ഒരു ജില്ല കളക്ടർ അവസാന നിമിഷത്തിൽ മോഹൻജി ഭഗവത്തിന്റെ സ്വാതന്ത്ര്യദിന പരിപാടി കലക്കാനും തടയാനും രംഗത്തുവന്നു. “വിനാശ കാലേ വിപരീത ബുദ്ധി” എന്നൊക്കെ വിശേഷിപ്പിക്കേണ്ടത് ഇതിനെയാണ്. സാധാരണ നിലക്ക് ഒരു ചെറിയ വിദ്യാലയത്തിൽ ദേശീയ പതാകയുയർത്തുന്നതിലൂടെ തീരേണ്ട ഒരു പരിപാടി ഇന്നിപ്പോൾ ദേശീയ- അന്താരാഷ്ട്ര ശ്രദ്ധയിൽ എത്തിയിരിക്കുന്നു. ഇന്നിതിപ്പോൾ രാജ്യമാസകാലം ചർച്ചചെയ്യപ്പെടുന്നു എന്നത് ചെറിയകാര്യമല്ലല്ലോ.
പാലക്കാട്ടെ ഒരു സ്വകാര്യ വിദ്യാലയം അവരുടെ ജൂബിലി വർഷത്തോടനുബന്ധിച്ചാണ് ആർഎസ്എസ് സർസംഘചാലകിനെ ക്ഷണിച്ചത്. അതിന്റെ മാനേജ്‌മെന്റിൽ ആർഎസ്എസ് അനുകൂലികളുണ്ടുതാനും. അദ്ദേഹത്തിന് പാലക്കാട്ട് എത്താൻ കഴിഞ്ഞത് ഇപ്പോഴാണ്. അതറിഞ്ഞപ്പോൾ എന്നാൽ സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയുയർത്താൻ മോഹൻജി ഭഗവത് വരട്ടെ എന്നതായി അഭ്യർഥന. അതായിരുന്നു സ്കൂൾ അധികൃതരുടെ ആഗ്രഹം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പാലക്കാട് സന്ദർശനം എന്നതിനാൽ ആർഎസ്എസ് നേതാവ് അത് അംഗീകരിക്കുകയും ചെയ്‌തു. ഈ തീരുമാനം മാസങ്ങൾക്ക് മുൻപേ ഉണ്ടായതാണ്. അത് പരസ്യമാവുകയും ചെയ്തു. ഇത് തിരിച്ചറിഞ്ഞാണ് കേരളം സർക്കാർ ഇത്തരമൊരു നീക്കം നടത്തിയത്. ആർഎസ്എസ് മേധാവി കേരളത്തിൽ വന്നു് ദേശീയ പതാകയുയർത്തണ്ട എന്നതാവാം സിപിഎമ്മും സർക്കാരും ചിന്തിച്ചത്. എന്നാൽ അവർക്കറിയാം സ്കൂൾ മാനേജ്‌മെന്റിൽ സമ്മർദ്ദം ചെലുത്തി അത് ഒഴിവാക്കാൻ കഴിയില്ല എന്ന്. അതുകൊണ്ട് രാത്രിവൈകി ഉണ്ടായ കുബുദ്ധിയാവണം ഈ ഉത്തരവ്.
ഇതിനുമുൻപും സർസംഘചാലക് കേരളത്തിൽ വന്നപ്പോഴൊക്കെ വിവാദങ്ങൾ ഉണ്ടാക്കാൻ സിപിഎം ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം വരുന്നത് കുഴപ്പമുണ്ടാക്കാനാണ് എന്ന പ്രതീതിസൃഷ്ടിക്കാനായിരുന്നു കുൽസിത ശ്രമങ്ങൾ. എന്തെല്ലാമാണ് അന്ന് ആരോപിക്കപ്പെട്ടത് എന്നത് ആവര്തിക്കെണ്ടതില്ല. ആർഎസ്എസിന്റെ പരിപാടികളെക്കുറിച്ചുള്ള ധാരണയില്ലാത്തതും മുറി വിവരങ്ങൾ ഉള്ളതുമൊക്കെ അതിനു വഴിവെക്കുന്നുണ്ടാവാം. സംഘത്തിന്റെ പ്രാന്തീയ ബൈഠക്കിലും പരിശീലന ശിബിരങ്ങളിലും മറ്റും എന്താണ് ചർച്ചചെയ്യുന്നത് , എന്താണ് നടക്കാറുള്ളത് എന്നതറിയാതെ പുറത്തുനിന്നുകൊണ്ട് സ്വയം ഓരോ ചിന്തകൾ സൃഷ്ടിക്കുന്നതാണ് പ്രശ്നം. അതുകൊണ്ടു അവരെ ആക്ഷേപിക്കണ്ട. അവർ അതുചെയ്‌തോട്ടെ. ഞാൻ സൂചിപ്പിച്ചത്, ഇത്തരത്തിൽ വിവരക്കേടുകൾ സിപിഎം പലപ്പോഴും മുൻപും നടത്തിയിട്ടുണ്ട് എന്നതാണ്. അതിന്റെ തുടർച്ചയായി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. പിന്നെ ആർഎസ്എസിനെ എതിർത്താൽ, ആർഎസ്എസിനെ വിമർശിച്ചാൽ മുസ്ലിം വോട്ടുകൾ കിട്ടുമെന്ന് കണക്കുകൂട്ടലും ഇതിനൊക്കെ പിന്നിലുണ്ടാവാം. അതാണല്ലോ അബ്ദുൽ നാസർ മദനിയെ പിന്തുണയ്ക്കാനും പുകഴ്ത്തിപ്പാടാനുമൊക്കെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടുകൂടിയാണ് സഖാവ് സീതാറാം യെച്ചൂരിയെപ്പോലുള്ള ഒരു നേതാവ് കാശ്മീരിൽ ഹുറിയത് നേതാക്കളുടെ വീടിനുമുന്നിൽ പോയി കാത്തിരിക്കുന്നത്. അതുകൊണ്ടാണ് ജെഎൻയു പോലുള്ള കാമ്പസുകളിൽ പാക്കിസ്ഥാന് ജയ് വിളിക്കാൻ തയ്യാറാവുന്നതും അതിനൊക്കെ മുതിര്ന്നവരെ പിന്തുണക്കുന്നതും. കുറച്ച് വോട്ടിനായി ഏത് ദേശവിരുദ്ധ പ്രവർത്തനവുമാവാം എന്നതാവണം അവർ ചിന്തിക്കുന്നത്. അവരോട് സഹതപിക്കാനല്ലേ കഴിയൂ.
ഇവിടെ ഒന്നുകൂടി സ്മരിക്കേണ്ടതുണ്ട്. കഴിഞ്ഞ കേരളം ഫിലിം ഫെസ്റ്റിവലിനിടെ ഉണ്ടായകാര്യമാണിത്. ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണം എന്ന സുപ്രീംകോടതിവിധി മറികടക്കാൻ കേരളം ചെയ്തതൊക്കെ നമ്മുടെ മുന്നിലുണ്ട്. പോലീസും സർക്കാരും ചെയ്തു എന്ന് പറയുന്നില്ല. എന്നാൽ അത്തരം വാദഗതികൾ ഉന്നയിച്ചവർക്കൊപ്പം സിനിമ രംഗത്തെ കേരള സർക്കാരിന്റെ പ്രതിനിധികൾ പറഞ്ഞതും പ്രവർത്തിച്ചതും കാണാതെ പോകാനാവില്ല. ഒരു തരത്തിൽ കോടതിവിധിയെ അധിക്ഷേപിക്കലായി അത് ; മറ്റൊരു തരത്തിൽ പറഞ്ഞാൽ അത് ദേശീയ വികാരങ്ങളെ ആക്ഷേപിക്കലുമായി. അതിനൊക്കെ മൂകസാക്ഷിയായി നിന്ന ഭരണകൂടം ഇന്നിപ്പോൾ ദേശീയപതാക ഉയർത്തുന്നത് തടയാൻ അര്ധരാത്രികളിൽ നടത്തുന്ന പെടാപ്പാടുകൾ നാണക്കേട് തന്നെ. ദേശീയതയോടും ദേശീയ നിലപാടുകളോടും സിപിഎമ്മും കമ്മ്യൂണിസ്റ്റ് പാർട്ടികളും പുലർത്തുന്ന സമീപനം തന്നെയാണ് തിരിച്ചറിയേണ്ടത്.
ഇവിടെ നാം കാണാതെ പോകരുതാത്ത ഒരുകാര്യം കൂടിയുണ്ട്. ആരാണ് മോഹൻജി ഭഗവത്, എന്താണ് ആർഎസ്എസ് എന്നതാണത്. ആർഎസ്എസിന്റെ സർസംഘചാലക് ആണ് അദ്ദേഹം എന്നത് പറയേണ്ടതില്ലല്ലോ. ആർഎസ്എസിനെ എതിർക്കുന്നവർക്ക് മനസിലാവുന്ന ഭാഷയിൽ ആവാം കൂടുതൽ വിശദീകരണം. നോക്കൂ…………. ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും രാഷ്ട്രത്തിന് സംഭാവന ചെയ്ത പ്രസ്ഥാനത്തിന്റെ അധിപനാണ് മോഹൻജി ഭഗവത്. ഇന്ത്യയിലെ അനവധി മുഖ്യമന്ത്രിമാർ ആ പ്രസ്ഥാനത്തിന്റെ ആശയഗതിയിലൂടെ നടന്നുപോകുന്നവരാണ്. ഏതാണ്ട് 1400 എംഎൽഎമാർ, 350 ഓളം എംപിമാർ, ഗവർണർമാർ ……… ഇവരെല്ലാം ഇന്നും ആർഎസ്എസ് പറയുന്നിടത്ത് എത്തുന്നവരും നിൽക്കുന്നവരുമാണ്. ആ ഒരു സംസ്കാരത്തിന്റെ ഭാഗമാണ്, ആ ഒരു ചിന്തയുടെ ഭാഗമാണ്. ആർഎസ്എസിൽ ഒരു ശീലമുണ്ട്………… സർസംഘചാലക് പ്രണാമം. അത് മഹത്തായ കാര്യമായാണ് എല്ലാ സ്വയം സേവകരും കാണാറുള്ളത്. അതായത് സർസംഘചാലക് പങ്കെടുക്കുന്ന പരിപാടിയിൽ വെച്ച് അദ്ദേഹത്തിന്റെ പ്രണാമം ചെയ്യുക. ലോകത്തിന്റെ വിവിധകോണുകളിലായി ലക്ഷക്കണക്കിന് പ്രവർത്തകരുടെ പ്രണാമം ഏറ്റുവാങ്ങുന്ന അദ്ദേഹത്തെ ഇവിടെ ഇങ്ങനെ ആക്ഷേപിക്കാൻ ശ്രമിക്കുന്നത്, ശ്രമിച്ചത് മോശമായി, ഒഴിവാക്കേണ്ടതായിരുന്നു. അത്രയേ ഈ വേളയിൽ പറയുന്നുള്ളൂ.
Post Your Comments