മസ്കറ്റ് ; ഒമാനില്‍ വീടുവാങ്ങാൻ ഒരുങ്ങുന്നവർക്കൊരു സന്തോഷവാർത്ത. താങ്ങാന്‍ കഴിയുന്ന നിരക്കില്‍ വീടുവാങ്ങാന്‍ കഴിയുന്ന ആദ്യ മൂന്ന് രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ ഇടം നേടി. സിഡ്നി കേന്ദ്രമായ അഷ്വര്‍ഡ് റിമോവലിസ്റ്റ്സ് എന്ന കമ്പനി ശരാശരി വാര്‍ഷിക വേതനം, വരുമാന നികുതി, വീടിന്റെ വില എന്നിവ അടിസ്ഥാനമാക്കിയുള്ള അനുപാതം പ്രകാരം തയാറാക്കിയ പട്ടികയിലാണ് സുരിനാമിനും സൗദി അറേബ്യക്കും പിന്നിലായി സുല്‍ത്താനേറ്റ് ഇടം നേടിയത്.
പട്ടികയിലേക്ക് വരുമ്പോൾ ഒന്നാം സ്ഥാനം സ്വന്തമാക്കിയ സുരിനാമിന്റെ അനുപാതം 1.87ഉം,രണ്ടാം സ്ഥാനം സ്വന്തമാക്കിയ സൗദിയുടേത് 3.03ഉം ആയപ്പോൾ 3.41നേടിയാണ് ഒമാൻ മൂന്നാം സ്ഥാനത്ത് എത്തിയത്. ബഹാമാസ്, അമേരിക്ക, ഹോണ്ടുറസ്, ബ്രൂണെ, ജമൈക്ക, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് നാലു മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളിൽ ഇടം നേടിയത്. കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ കഴിയുന്ന നഗരങ്ങളെ കുറിച്ച് ഈ വർഷമാദ്യം നടത്തിയ സര്‍വ്വേയില്‍ അല്‍ ഖോബാറിനും ജിദ്ദക്കുമൊപ്പം മസ്കറ്റും ഇടം നേടിയിരുന്നു.
സാമ്പത്തിക വൈവിധ്യവത്കരണം ലക്ഷ്യമിട്ട് വിഷന്‍ 2020 പദ്ധതിയുടെ ഭാഗമായി റിയല്‍ എസ്റ്റേറ്റ് നിയമത്തില്‍ ഭേദഗതിവരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകളില്‍ വിദേശികള്‍ക്ക് താമസയിടങ്ങള്‍ വാങ്ങാന്‍ അനുമതിയുണ്ട്. വീട് വാങ്ങുന്ന വിദേശികള്‍ക്കൊപ്പം അടുത്ത ബന്ധുക്കള്‍ക്കും വിസ ലഭിക്കും. ഇതോടൊപ്പം, ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകള്‍ക്ക് പുറത്തും വിദേശികള്‍ക്ക് വസ്തുക്കള്‍ വാങ്ങാന്‍ അനുമതി നല്കുന്ന നിയമം സര്‍ക്കാറിെന്റ പരിഗണനയില്‍ ഉണ്ടെന്നും റിപ്പോർട്ടുണ്ട്.
Post Your Comments