Latest NewsKeralaNews

30,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം അനുമതി പ്രതീക്ഷിക്കുന്നു: മന്ത്രി ഡോ. തോമസ് ഐസക്ക് 

കിഫ്ബിയില്‍ 30,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം അനുമതി പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. കിഫ്ബി ഓണ്‍ലൈന്‍ ഫണ്ട് വിതരണ സംവിധാനം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതിക്കുള്ള 493.5 കോടി രൂപയാണ് ആദ്യ ഓണ്‍ലൈന്‍ പേയ്‌മെന്റായി നല്‍കിയത്. ആരോഗ്യ വകുപ്പിന്റെ ഡയാലിസിസ് സെന്റര്‍ പദ്ധതി, പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ ആര്‍.ബി.ഡി. സി.കെ വഴി നടപ്പാക്കുന്ന അകത്തേത്തറ റെയില്‍വേ ഓവര്‍ബ്രിഡ്ജ് പദ്ധതികള്‍ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റും നല്‍കി.  ആറായിരം കോടി രൂപയുടെ പദ്ധതികള്‍ക്ക് പൂര്‍ണ അനുമതിയായതായി മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. മറ്റൊരു ആറായിരം കോടി രൂപയുടെ പദ്ധതികള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി നല്‍കിയിട്ടുണ്ട്. മൂവായിരം കോടി രൂപയുടെ പദ്ധതികള്‍ അനുമതിക്കായി ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിക്കാന്‍ തയ്യാറായിട്ടുണ്ട്. ഇതുവരെ അംഗീകരിച്ച 12500 കോടി രൂപയുടെ പദ്ധതികള്‍ക്ക് ആദ്യ ഗഡുവായി നല്‍കാനാവശ്യമായ ഫണ്ട് നിലവില്‍ കിഫ്ബിയുടെ പക്കലുണ്ട്. നബാര്‍ഡിന്റെ ഉപസ്ഥാപനമായ നിഡയാണ് 5000 കോടി രൂപ നല്‍കുന്നത്. ഹഡ്‌കോയും പണം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 9, 9.5 ശതമാനം പലിശയാണ് നല്‍കേണ്ടത്. നാലു ശതമാനം പലിശയ്ക്ക് പണം ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. വൈദ്യുതിബോര്‍ഡിന്റെ ട്രാന്‍സ്ഗ്രിഡ് പദ്ധതിയാണ് കിഫ്ബിയിലെ ഏറ്റവും വലിയ പ്രോജക്ട്. പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവുമധികം പദ്ധതികളുള്ളത്.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സഹായത്തോടെയാണ് കിഫ്ബി ഓണ്‍ലൈന്‍ ഫണ്ട് വിതരണ സംവിധാനം ഒരുക്കിയത്. പുതിയ സംവിധാനത്തിലൂടെ ബില്‍ പാസായാലുടന്‍ പണം ലഭ്യമാകും. ത്രിതല സംവിധാനത്തിലൂടെയാണ് കിഫ്ബിയിലെ പദ്ധതികള്‍ പരിശോധിക്കുന്നത്. കിഫ്ബി ബോര്‍ഡിനും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും പുറമെ വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഫണ്ട് ട്രസ്റ്റിംഗ് അഡൈ്വസറി കൗണ്‍സിലും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ലഭ്യമായ ഫണ്ട് ഉപയോഗിച്ച് 2018 മാര്‍ച്ച് 31നകം സംസ്ഥാനത്തെ എട്ടു മുതല്‍ 12 വരെയുള്ള 45,000 ക്ലാസ് മുറികളില്‍ പരിധിയില്ലാതെ ബി. എസ്. എന്‍. എല്‍ ബ്രോഡ്ബാന്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ചടങ്ങില്‍ സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രി പ്രോഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഹൈടെക് സ്‌കൂള്‍ പദ്ധതിക്കായി ആയിരം കോടി രൂപയുടെ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. എം. എബ്രഹാം, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ്, ആര്‍. ബി. ഡി. സി. കെ എം. ഡി ഡോ. ആഷ തോമസ്, കെ. എം. എസ്. സി. എല്‍ എം. ഡി നവ്‌ജ്യോത് ഘോസ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button