ചിലര്‍ തന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി നടന്‍ കമല്‍ ഹാസന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മഹാനദിയുടെ പിറവിക്ക് പിന്നിലുള്ള കാരണം വ്യക്തമാക്കവേയാണ് ഇവ പറഞ്ഞത്. കമല്‍ തന്നെയായിരുന്നു സന്താന ഭാരതി സംവിധാനം ചെയ്ത ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത്.
ചിത്രത്തിന്റെ പ്രമേയം നായകന്റെ മകളെ വേശ്യവൃത്തിക്കായി തട്ടിക്കൊണ്ടുപോകുന്നതാണ്. മഹാനദി തിയേറ്ററില്‍ മികച്ച പ്രതികരണം നേടുകയും നിരവധി പുരസ്‌കാരങ്ങൾക്ക് അർഹമാകുകയും ചെയ്തു. മഹാനദി ദേശീയ പുരസ്കാര വേദിയില്‍ തമിഴിലെ മികച്ച ചിത്രത്തിനുള്‍പ്പെടെ മൂന്ന് അംഗീകാരമാണ് നേടിയത്.
യഥാര്‍ത്ഥ ജീവിതത്തിലുണ്ടായ ഒരു സംഭവമാണ് തന്നെ മഹാനദിയിലേക്ക് നയിച്ചതെന്ന് കമല്‍ പറയുന്നു. ‘ഞാന്‍ ഇതെക്കുറിച്ച് ഇന്നുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്റെ കുട്ടികള്‍ക്ക് ഇപ്പോള്‍ ഇതു മനസ്സിലാകാനുള്ള പക്വതയായെന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്റെ വീട്ടിലെ ജോലിക്കാര്‍ ഒരിക്കല്‍ എന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു. അവളെ കടത്തി പണം തട്ടാനായിരുന്നു അവരുടെ ഉദ്ദേശം. പക്ഷെ അവരുടെ ഗൂഢാലോചന ഞാന്‍ കണ്ടുപിടിച്ചു.
ദേഷ്യം വന്ന ഞാന്‍ എന്റെ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി അവരെ കൊല്ലാന്‍ പോലും തയ്യാറായിരുന്നു. കുറച്ച് നാളുകള്‍ക്ക് ശേഷം ഒരു കഥ എഴുതാന്‍ ഞാന്‍ ഇരുന്നപ്പോള്‍ ഈ സംഭവത്തിന്റെ ആഘാതം എഴുത്തിലും പ്രതിഫലിച്ചെന്ന്’ കമല്‍ വ്യക്തമാക്കി.
Post Your Comments