പടച്ചവന്റെ സൃഷ്ടികള്‍ വ്യത്യസ്തമാണ്. ഓരോ സൃഷ്ടിക്കും ഉള്ള കഴിവ് അതിന്റെ പ്രകൃതിക്ക് യോജിച്ച രൂപത്തിലാണ് അല്ലാഹു രൂപപ്പെടുത്തിയിരിക്കുന്നത്. സഹജബോധം, പ്രകൃതി ബോധം എന്നൊക്കെ ഇതിനെ നമുക്ക് വിശേഷിപ്പിക്കാം. ഈ ജന്മവാസനക്ക് മാറ്റം വരുത്തി ജീവിക്കുവാന്‍ ആര്‍ക്കും കഴിയില്ല. വെള്ളത്തില്‍ ജീവിക്കുന്ന മത്സ്യങ്ങള്‍ക്ക് കരയില്‍ കയറി ജീവിക്കുവാനോ, കരയില്‍ ജീവിക്കുന്ന മനുഷ്യന് വെള്ളത്തിനടിയില്‍ ജീവിക്കുവാനോ; പാറിപ്പറക്കുന്ന പറവകള്‍ക്കോ, വനാന്തരങ്ങളിള്‍ ജീവിക്കുന്ന മൃഗങ്ങള്‍ക്കോ മനുഷ്യനെ പോലെ ആയുധമുപയോഗിച്ച് ജീവിതമാര്‍ഗം തേടുവാനോ സാധ്യമല്ല. ഓരോ സൃഷ്ടിയും അതിന് നല്‍കപ്പെട്ട പ്രകൃതിബോധത്തിലൂടെ ജീവിക്കുന്നു എന്നര്‍ഥം.
മനുഷ്യജീവിതത്തില്‍ സമാധാനവും സ്വസ്ഥതയും ലഭിക്കുന്നത് ധാര്‍മിക ജീവിതത്തിലൂടെയാണ്. ശരി തെറ്റുകള്‍ വേര്‍തിരിച്ച് ശരിയായത് ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണല്ലോ ധാര്‍മിക ജീവിതം കൈവരിക്കപ്പെടുന്നത്. സൃഷ്ടികളില്‍ മനുഷ്യന്‍ വിശേഷബുദ്ധിയാല്‍ ആദരിക്കപ്പെട്ടവനാണ്. മനുഷ്യന്‍ പഠനത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായി ഉയര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്ക് പോകുമ്പോള്‍ ഇതര സൃഷ്ടികള്‍ പഴയ അവസ്ഥയില്‍ തന്നെ തുടരുകയാണ് ചെയ്യുന്നത്.
പഞ്ചേന്ദ്രിയങ്ങളായ കാഴ്ച, കേള്‍വി, സ്പര്‍ശനം, രുചി, ഘ്രാണം മുതലായവയിലൂടെയാണ് സൃഷ്ടികള്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നത്. ഈ തിരിച്ചറിവിന്റെ കഴിവിനും പരിധിയും പരിമിതിയുമുണ്ട്. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ വിശേഷബുദ്ധികൊണ്ടോ കണ്ടെത്താന്‍ കഴിയാത്ത മേഖലയാണ് അദൃശ്യലോകത്തെ കുറിച്ചുള്ള അറിവ്. അല്ലാഹുവിന്റെ പാതയില്‍ ജീവിക്കുവാന്‍ നമുക്ക് കഴിയട്ടെ. ആമീന്‍ !
Post Your Comments