കൊച്ചി: രക്താര്‍ബുദംപോലുള്ള രോഗങ്ങള്‍ക്ക് അവസാന പ്രതീക്ഷയായ രക്തമൂലകോശം മാറ്റിവയ്ക്കല്‍ കാത്ത് ആയിരത്തിലധികം രോഗികള്‍. ദാതാവിനെ കാത്തിരിക്കുന്നവരിലേറെയും കുട്ടികളാണ്. ഇന്ത്യയില്‍ നിലവില്‍ 2,70,000 ദാതാക്കളാണുള്ളത്. കേരളത്തില്‍ 5246 പേരും. ഈ കണക്കുകള്‍ നിലവിലെ സാഹചര്യങ്ങളെ സഹായിക്കുന്നതല്ല.
രക്തമൂലകോശ ദാനത്തിനായി 2016 അവസാനംവരെ ആയിരത്തിനുമേല്‍ അപേക്ഷകളാണ് ലഭിച്ചതെന്ന് ദാത്രി ബ്ലഡ് സ്റ്റെം സെല്‍ ഡോണര്‍ റെജിസ്റ്ററി കേരള ഘടകം തലവന്‍ എബി സാം ജോണ്‍ പറഞ്ഞു.
എങ്ങനെ ഒരു സ്റ്റെം സെല്‍ ഡോണര്‍ ആകാം
രക്തദാനംപോലെ വളരെ എളുപ്പവും സുരക്ഷിതവുമായ പ്രക്രിയയാണ് രക്തമൂലകോശദാനം. ജനിതക സാമ്യമാണ് ഇതിനാവശ്യം. കുടുംബത്തില്‍നിന്ന് ജനിതക സാമ്യമുള്ള ദാതാവിനെ കണ്ടെത്താന്‍ സാധ്യത 25 ശതമാനംമാത്രമാണ്. ഇതിനാലാണ് നവജാത ശിശുക്കളുടെ പൊക്കിള്‍ക്കൊടിയില്‍നിന്ന് മൂലകോശങ്ങള്‍ ശേഖരിക്കാനുള്ള പദ്ധതികള്‍ ആശുപത്രി അധികൃതര്‍ ആരംഭിച്ചിരിക്കുന്നത്. ജനിതക സാമ്യം കണ്ടെത്തുന്നതിന് എട്ടുമുതല്‍ പത്ത് ആഴ്ചവരെ സമയം ആവശ്യമാണ്.
രക്തമൂലകോശദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കുന്നതിനുമുമ്പ് ഡോക്ടര്‍മാര്‍, സ്റ്റെം സെല്‍ ഡോണ്‍ രജിസ്റ്ററി, വെബ്‌സൈറ്റുകള്‍ എന്നിവയെ ആശ്രയിച്ച് പ്രക്രിയയെക്കുറിച്ച് അവബോധമുണ്ടാക്കണം. ദാതാവിന്റെ ഹ്യൂമന്‍ ലൂക്കോസൈറ്റ് ആന്റിജന്‍ (എച്ച്.എല്‍.എ.) രോഗിയുടേതുമായി ചേരുന്നുണ്ടോ എന്നു പരിശോധിക്കും. ചേരുന്നുവെങ്കില്‍ വ്യക്തിയെ ആദ്യ വിദഗ്ധ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ഹെപ്പറ്റൈറ്റിസ് ബി, എച്ച്.ഐ.വി. തുടങ്ങിയ രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തും.
ദാതാവാകുന്നതിങ്ങനെ
1. എച്ച്.എല്‍.എ. അറിയുന്നതിന് കവിള്‍ത്തടങ്ങള്‍ക്കുള്ളിലെ സെല്ലുകള്‍ ശുദ്ധമായ കോട്ടന്‍ ബഡ്‌സ് ഉപയോഗിച്ച് ശേഖരിക്കും.
2. ഈ സാമ്പിളുകള്‍ ലാബുകളില്‍ നല്‍കി എച്ച്.എല്‍.എ. കണ്ടെത്തി ഡാറ്റാബേസില്‍ സൂക്ഷിക്കും. ഈ നടപടിക്രമങ്ങളിലൂടെ ഒരു വ്യക്തി രക്തമൂലകോശ ദാനത്തിന് തയ്യാറായ ദാതാവാകും
3. ആദ്യം മൂലകോശം രക്തത്തിലേക്കെത്തിക്കാനുള്ള കുത്തിവെപ്പെടുക്കണം
4. നാലുദിവസത്തെ കുത്തിവെപ്പിലൂടെ മജ്ജയിലെ കോശങ്ങള്‍ രക്തത്തിലേക്ക് പ്രവഹിക്കും. ഇത് രക്തദാനം പോലുള്ള പ്രക്രിയയിലൂടെ രോഗിക്ക് നല്‍കും.
5. രോഗിക്ക് അനുയോജ്യമായ മൂലകോശങ്ങള്‍ വേര്‍തിരിച്ചശേഷം രക്തം തിരികെ ദാതാവിന്റെ ശരീരത്തിലേക്ക് നല്‍കും.
മൂലകോശം ദാനംചെയ്യുന്നതിനായി ദാതാവിന് ജീവിതത്തിലെ മൂന്ന് മണിക്കൂര്‍മാത്രമാണ് ആവശ്യമായി വരുന്നത്. രക്ഷിക്കുന്നത് ഒരു ജീവനും.
Post Your Comments