അന്ധവിശ്വാസം ഹരിദ്വാറിൽ അഞ്ചുവയസ്സുകാരന്റെ ജീവനെടുത്തു. കാൻസർ ബാധിതനായ കുട്ടിയുടെ മാതാപിതാക്കൾ, ‘അത്ഭുത ചികിത്സ’ പ്രതീക്ഷിച്ച് മകനെ വീണ്ടും വീണ്ടും ഗംഗയിൽ മുക്കി. ഒടുവിൽ കുട്ടി മരിച്ചു. ഹരിദ്വാറിലെ ഹർ കി പൗരിയിലാണ് സംഭവം. ഗംഗയിൽ മുക്കിയാൽ ക്യാൻസർ ഭേദമാവുമെന്ന മാതാപിതാക്കളുടെ വിശ്വാസത്തെ തുടർന്നാണ് അഞ്ച് വയസുകാരന് ജീവൻ നഷ്ടമായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഹർ കി പൗരിയിൽ ബുധനാഴ്ചയാണ് സംഭവം. ഡൽഹിയിൽ നിന്നുള്ള കുടുംബമാണ് ഗംഗാതീരത്ത് എത്തിയത്. രക്താർബുദത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരൻ്റെ അസുഖം ഗംഗാസ്നാനം കൊണ്ട് മാറുമെന്നാണ് മാതാപിതാക്കൾ വിശ്വസിച്ചിരുന്നത്. അവർ കുട്ടിയെ പുണ്യനദിയിൽ കുളിപ്പിക്കാൻ കൊണ്ടുപോയി. എന്നാൽ ഇതിനിടെ കുട്ടി ശ്വാസംമുട്ടി മരിച്ചു.
കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടു എന്ന് മനസിലായതോടെ ചുറ്റും കൂടിയവർ മാതാപിതാക്കളെ കുറ്റപ്പെടുത്തുകയും കുട്ടിയെ കരയിലേക്ക് എടുക്കുകയും ചെയ്തു. എന്നാൽ കുട്ടിയെ വെള്ളത്തിൽ നിന്ന് എടുത്ത് മാറ്റിയവരോട് കുട്ടിയുടെ അമ്മ ദേഷ്യപ്പെടുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലുണ്ട്. പിന്നീട് കുട്ടി മരിച്ചെന്ന് മനസിലായതോടെ ‘എന്റെ മകൻ എഴുന്നേൽക്കും, അത് ഉറപ്പാണ്’ എന്നാണ് മൃതദേഹത്തിനരികിൽ ഇരുന്നുകൊണ്ട് അമ്മ പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്
അതേസമയം കുട്ടി രോഗ ബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു. കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ പ്രതീക്ഷ കൈവിട്ടിരുന്നു. തുടർന്ന് എങ്ങനെയും അസുഖം മാറ്റാൻ കുട്ടിയെ ഗംഗയിൽ മുക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് പൊലീസിനോട് കുടുംബം പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments