തിരുവനന്തപുരം: ഓൺലൈൻ ആംബുലൻസ് സർവീസ് ആരംഭിക്കാൻ ആരോഗ്യവകുപ്പിന്റെ ആലോചന. ‘ഊബർ ടാക്സി’ മാതൃകയിൽ തുടങ്ങാനാണ് ആലോചിക്കുന്നത്. മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി സ്വീകരിച്ചത്.
മെഡിക്കൽ സർവീസ് കോർപ്പറേഷൻ 108 ആംബുലൻസ് സേവനം മെച്ചപ്പെടുത്താനായി സമർപ്പിച്ച മൂന്നു പദ്ധതി നിർദേശങ്ങളിലൊന്നാണ് ‘ഊബർ മാതൃകയിലുള്ള’ ആംബുലൻസ് സർവീസ്. ഇത് കൂടാതെ നിലവിലെ 108 മാതൃക തുടരുക, സ്വകാര്യ സംരംഭകരുടെ പിന്തുണയോടെ കൂടുതൽ ആംബുലൻസുകൾ പ്രവർത്തിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും കോർപറേഷൻ കൈമാറിയിട്ടുണ്ട്.
ഓൺലൈൻ ആംബുലൻസിന്റെ പ്രവർത്തനം ആധുനിക രീതിയിലുള്ള കോൾ സെന്റർ കേന്ദ്രമാക്കിയാകും. ഒരാൾ ആൻഡ്രോയിഡ് ഫോണിലെ ആപ്ലിക്കേഷൻ വഴി കോൾ സെന്ററുമായി ബന്ധപ്പെട്ടാൽ അയാൾ എവിടെയാണോ നിൽക്കുന്നത് അവിടേയ്ക്ക് പരിസരത്തുള്ള ആംബുലൻസ് എത്തും. മാത്രമല്ല മൊബൈലിൽ ഡ്രൈവറുടെ മൊബൈൽ നമ്പർ, വാഹന നമ്പർ എന്നിവയും ലഭ്യമാകും.
അപകടത്തിൽപെട്ടയാൾക്ക് ഫോൺ ചെയ്യാൻ കഴിയാത്ത അവസ്ഥയാണെങ്കിൽ ബന്ധുക്കൾക്കോ തൊട്ടടുത്തുള്ളവർക്കോ മൊബൈൽ ആപ് വഴി കോൾ സെന്ററുമായി ബന്ധപ്പെടാം. 108 എന്ന നമ്പരിലും ഇതോടൊപ്പം സേവനം ലഭ്യമാകും. വാഹനങ്ങൾ എൻആർഎച്ച്എം ഫണ്ട് ഉപയോഗിച്ചു വാങ്ങാനാണ് റിപ്പോർട്ടിലെ ശുപാർശ. പ്രവർത്തന ചുമതല മെഡിക്കൽ സർവീസ് കോർപ്പറേഷനായിരിക്കും.
Post Your Comments