ബറേലി: സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടന്ന കൗമാരക്കാരായ സഹോദരിമാരെ അജ്ഞാതന്‍ തീയിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ബെറേലിയിലാണ് സംഭവം നടന്നത്. അജ്ഞാതന്‍ വീടിനുള്ളില്‍ കടന്നു കയറി ഇവര്‍ ഉറങ്ങിക്കിടന്നിരുന്ന കട്ടിലിലെ കൊതുകുവലയ്ക്ക് തീയിടുകയും പിന്നാലെ സഹോദരിമാരുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയുമായിരുന്നു. സംഭവത്തില്‍ 19 കാരിയായ മൂത്ത പെണ്‍കുട്ടിക്ക് 95 ശതമാനവും 17 കാരിയായ ഇളയവള്‍ക്ക് 60 ശതമാനവും പൊള്ളലേറ്റു.
പെണ്‍കുട്ടിയുടെ കുടുംബം ദേവ്‌റാനിയ ജാഗിറിലെ താമസക്കാരാണ്. കൊതുകുവലയ്ക്ക് തീപിടിച്ചതിനെ തുടര്‍ന്ന ഞെട്ടിയുണര്‍ന്ന സഹോദരിമാര്‍ തീയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ആക്രമണകാരി ഇരുവരുടേയും മുകളിലേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. പെണ്‍കുട്ടികളടെ അലര്‍ച്ച കേട്ട് കുടുംബത്തിലെ മറ്റംഗങ്ങള്‍ ഓടിവരുമ്പോള്‍ തീ വിഴുങ്ങിയ നിലയിലായിരുന്നു ഇരുവരും. രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ അക്രമിയുടെ മുഖം കണ്ടില്ലെന്നാണ് ഒമ്പതാം ക്‌ളാസ്സുകാരിയായ ഇളയ പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. ഇരുവരെയും പെട്ടെന്ന് തന്നെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവരില്‍ 19 കാരിയുടെ നില ഗുരുതരമാണ്.
അതേസമയം ആരുമായും ഒരു വഴക്കും തങ്ങള്‍ക്കില്ലെന്നും അതുകൊണ്ട് തന്നെ ശത്രുക്കള്‍ ഇല്ലെന്നുമാണ് കുടുംബം നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ പ്രദേശത്തെ ചില യുവാക്കള്‍ തങ്ങളെ ശല്യം ചെയ്യാറുണ്ടായിരുന്നതായി ഇളയ പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സ്‌കൂളില്‍ പോകുമ്പോഴും വരുമ്പോഴും ഇവര്‍ തങ്ങളെ ശല്യം ചെയ്യാറുണ്ടായിരുന്നെന്നും പിന്നാലെ വരുമായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. ഇക്കാര്യം ചില ബന്ധുക്കളോട് പറഞ്ഞിട്ടും ശല്യം തുടരുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Post Your Comments