പാലക്കാട്: പലചരക്ക് സാധനങ്ങളുടെ വില കുതിക്കുന്നു. ശരാശരി 10 ശതമാനമാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പലചരക്ക് സാധനങ്ങളുടെ വിലയില്‍ വര്‍ധിച്ചത്. പലചരക്ക് സാധനങ്ങളുടേതടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി നടപ്പാക്കുമ്പോള്‍ നികുതിയീടാക്കത്തതിനാല് വില കുറയുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. പൊതുവിപണിയില്‍ ഉണക്കമുളക്, മല്ലി, മുതിര, ഉഴുന്ന്, കടല, പരിപ്പ് എന്നിവയുടെ വിലയില്‍ ഒരാഴ്ചക്കിടെ മൂന്നുമുതല്‍ അഞ്ചുരൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
പഞ്ചസാര, കടല, ചെറുപയര്‍, ജീരകം തുടങ്ങിയവയുടെ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. അഞ്ച് ശതമാനമാണ് മഞ്ഞള്‍, മല്ലി, മുളക്, വലിയ ജീരകം എന്നിവക്ക് ജി.എസ്.ടിയില്‍ നികുതിയേര്പ്പെടുത്തിയിരിക്കുന്നത്. മറ്റുള്ളവക്ക് നികുതിയീടാക്കുന്നുമില്ല. കഴിഞ്ഞ ആഴ്ച ഒരുകിലോ ഉണക്കമുളകിനു 65 രൂപയായിരുന്ന വില. ഇപ്പോള്‍ 70 രൂപയായി ഉയര്‍ന്നപ്പോള്‍ മുതിരയുടെ വില 10 രൂപ വര്‍ധിച്ച് 80ലെത്തി. പരിപ്പ് അഞ്ചുരൂപ വര്‍ധിച്ച് 65ലെത്തിയപ്പോള്‍ മല്ലിക്ക് എട്ടുരൂപയുടെ വര്‍ധനവാണുണ്ടായത്.
മാത്രമല്ല മഞ്ഞള്‍ വില 90 കടന്നു. ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കിയ അരിയുടെ വിലയിലും കുറവ് വന്നിട്ടില്ല. ലിറ്ററിന് ശരാശരി അഞ്ചുരൂപയുടെ വര്‍ധനവാണ് വെളിച്ചെണ്ണ വിലയില്‍ ഉണ്ടായത്. ഉല്പാദനത്തിലെ കുറവാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് മൊത്ത വ്യാപാരികള്‍ പറയുന്നത്. പച്ചക്കറി വിലയില്‍ സവാളയുടെ വില താഴോട്ടിറങ്ങിയില്ല. തക്കാളി വില 35 രൂപയിലെത്തിയപ്പോള് നേന്ത്രക്കായയാണ് വില കൂടിയ മറ്റൊരിനം.
നേന്ത്രപ്പഴം കിലോക്ക് 60 രൂപ കടന്നു. പലചരക്ക് വിലയിലും ഓണ സീസണ് അടുക്കുന്നതോടെ വര്‍ധനവുണ്ടാകും. ഒഡീഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കാലവര്‍ഷം കനത്തതിനാല്‍ അരി വരവില്‍ കുറവ് വന്നിട്ടുണ്ട്.
Post Your Comments