കൊച്ചി: സംസ്ഥാനത്ത് കാൻസർ തുടക്കത്തിലേ കണ്ടെത്താനും ചികിത്സയ്ക്കും മറ്റുമായി കൂടുതല്‍ സംവിധാനം വേണമെന്ന് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന്റെ സത്യവാങ്മൂലം. എല്ലാ ജില്ലയിലും അര്‍ബുദം നേരത്തേ കണ്ടെത്താനുള്ള കേന്ദ്രങ്ങള്‍ തുടങ്ങണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജിയിലാണിത്.
ഹർജി നൽകിയത് ആലപ്പുഴ വള്ളികുന്നം സ്വദേശിനി ജെ. ബിന്ദ്യയാണ്. ഇതില്‍ കോടതി സംസ്ഥാനസര്‍ക്കാരിന്റെ വിശദീകരണം തേടി. കാന്‍സര്‍ സെന്റര്‍ ചികിത്സാസൗകര്യം മെച്ചപ്പെടുത്താന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ട്. സര്‍ക്കാരാണ് ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. സര്‍ക്കാരിന്റെ തീരുമാനത്തിന് എല്ലാവിധ സഹകരണവും നല്‍കുമെന്നും ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
കാന്‍സര്‍ നേരത്തേ കണ്ടെത്താനുള്ള കേന്ദ്രങ്ങളുള്ളത് എറണാകുളത്തും പാലക്കാട്ടുമാണ്. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഇത്തരം സംവിധാനം മറ്റു ജില്ലകളില്‍ക്കൂടി സര്‍ക്കാരിനു കീഴില്‍ ആവശ്യമുണ്ട്. കൊച്ചിയിലെ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലും മെഡിക്കല്‍ കോളേജുകളിലും കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുകയും വേണം. ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സൈറ്റോപാതോളജി ലാബ് തുടങ്ങണമെന്ന് ഹര്‍ജിക്കാരി ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് ചെലവേറിയ പദ്ധതിയാണെന്ന് ആര്‍.സി.സി. അറിയിച്ചു.
ആര്‍.സി.സി.ക്ക് കാന്‍സര്‍ ചികിത്സാസൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുകയുടെ ആദ്യ ഗഡു കിട്ടിയിട്ടുണ്ട്. അത് കൊച്ചിയിലെയും പാലക്കാട്ടെയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് വിനിയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്.
Post Your Comments