ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഭര്‍ത്താവ് പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ മര്‍ദിച്ച സംഭവം വിവാദത്തിലേയ്ക്ക്
മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പു ദിവസമാണ് സംഭവം നടന്നത്. ദളിത് വിഭാഗത്തില്‍പ്പെട്ട ഡിവൈഎഫ്‌ഐ വനിതാ നേതാവും മട്ടന്നൂര്‍ നഗരസഭാംഗവുമായ യുവതിയാണ് പരാതിക്കാരി. സിപിഎം ഏരിയാ കമ്മിറ്റി അംഗവും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനുമായ ഭാസ്‌കരന്‍ പരസ്യമായി മര്‍ദ്ദിച്ചതായാണ് യുവതി പാര്‍ട്ടിക്ക് പരാതി നല്‍കിയത്.യുവതിയുടെ പരാതിയെത്തുടര്‍ന്ന് ശൈലജയുടെ ഭര്‍ത്താവ് കെ. ഭാസ്‌കരനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടുണ്ട്.
2.ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയ്ക്ക് രാജസ്ഥാനിലെ സര്‍വ്വകലാശാലകള്‍ക്ക് അവധിയില്ല.
രാജസ്ഥാന്‍ ഗവര്‍ണര്‍ ഔദ്യോഗിക അവധിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കലണ്ടറില്‍ ഗാന്ധി ജയന്തി പ്രവൃത്തി ദിവസമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം മുതലാണ് രാജസ്ഥാനില്‍ ഗാന്ധി ജയന്തിയ്ക്ക് നല്‍കി വന്നിരുന്ന അവധി എടുത്തുകളഞ്ഞത്. ഗുരു നാനാക്ക്, ബിആര്‍ അംബേദ്കര്‍,, മഹാറാണ പ്രതാപ് എന്നിവരുടെ ജന്മദിനത്തിന് കലണ്ടറില്‍ അവധി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് മാസങ്ങള്‍ക്കു മുമ്പ് അവധി സംബന്ധിച്ച പട്ടിക 12 സര്‍വ്വകലാശകള്‍ക്ക് രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ കൈമാറിയിരുന്നു.ഇതില്‍ ചില സര്‍വ്വകലാശാലകള്‍ പട്ടിക അംഗീകരിച്ചു. ബാക്കിയുള്ളവ ഔദ്യോഗിക യോഗം ചേര്‍ന്നതിനു ശേഷമായിരിക്കും ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളുക.
3.അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബാല്യകാല വസതി വാടകയ്ക്ക്; ഒരു രാത്രി തങ്ങുന്നതിന് 725 ഡോളര്‍
ട്രംപിന്റെ ന്യൂയോര്‍ക്ക് ക്യൂന്‍സിലെ വസതിയാണ് വാടകയ്ക്ക് കൊടുക്കുന്നത്. ഒരു രാത്രി തങ്ങുന്നതിന് 725 ഡോളറാണ് വാടക നിശ്ചയിച്ചിട്ടുള്ളത്. അതിഥി സല്‍ക്കാര രംഗത്തെ പ്രമുഖരായ എയര്‍ ബിഎന്‍ബിയാണ് വീട് വാടകയ്ക്ക് വെച്ചിരിക്കുന്നത്. അഞ്ചു കിടപ്പുമുറികളും മൂന്നു വിശാലമായ ശുചിമുറികളും ഒരു ചെറിയ ശുചിമുറിയും അടുക്കളയും ആഢംബരപൂര്‍ണമായ വീട്ടുപകരണങ്ങളും ഉള്‍പ്പെട്ടതാണ് വീട്. ഇരുപത് പേര്‍ക്ക് ഇവിടെ സുഖമായി കിടന്നുറങ്ങാം.
4.ബോഫോഴ്‌സ് അഴിമതിക്കേസ് സിബിഐ വീണ്ടും അന്വേഷിക്കുന്നു. പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശം പ്രകാരമാണ് നടപടി
ബോഫോഴ്‌സ് അഴിമതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് അഴിമതിയെ കുറിച്ചും, കരാറിലെ പാളിച്ചകളെ കുറിച്ചും വീണ്ടും അന്വേഷണം നടത്താമെന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് സമിതി സിബിഐക്ക് നിര്‍ദേശം നല്‍കിയത്. കേസില്‍ ആരോപണ വിധേയരായ ഹിന്ദുജ ഗ്രൂപ്പിലെ ശ്രീചന്ദ്, ഗോപീ ചന്ദ്, പ്രകാശ് ചന്ദ്, എന്നിവരെയും ബോഫോഴ്‌സ് കമ്പനിയെയും കുറ്റവിമുക്തമരാക്കിയ കോടതി ഉത്തരവിനെതിരെ സിബിഐ അപ്പീലിനു പോകാത്തതെന്തെന്നും പിഎസി ചോദിച്ചിരുന്നു. യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാലാണ് അപ്പീലിന് പോകാതിരുന്നതെന്നാണ് സിബിഐ നല്‍കിയ മറുപടി.
5.ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ശിവക്ഷേത്രമാണോ ശവകുടീരമാണോ എന്നതില്‍ വ്യക്തത വേണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍.
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ അദ്ദേഹത്തിന്റെ ഭാര്യ മുംതാസിന് സ്‌നേഹോപഹാരമായി പണിതു നല്‍കിയ സ്‌നേഹസൗധമാണ് താജ്മഹലെന്നാണ് ഇതുവരെയുള്ള ചരിത്രം. എന്നാല്‍ താജ്മഹല്‍ മുഗളര്‍ക്ക് അവകാശപ്പെട്ടതല്ലെന്നും അത് ശിവ ക്ഷേത്രമായിരുന്നു എന്നും ചിലര്‍ അവകാശ വാദമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിഷയത്തിലിടപെട്ടിരിക്കുകയാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. താജ്മഹല്‍ ഷാജഹാന്‍ പണികഴിപ്പിച്ചതാണോ അതല്ലെങ്കില്‍ രജപുത്രരാജാവ് മുഗള്‍ ചക്രവര്‍ത്തിക്ക് സമ്മാനിച്ചതാണോ എന്ന സംശയങ്ങള്‍ ദൂരീകരിച്ചു നല്‍കാനാണ് വിവരാവകാശ കമ്മീഷന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1.ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി എം. വെങ്കയ്യ നായിഡു അധികാരമേറ്റു.
2.നടിയെ അക്രമിച്ച കേസില്‍ ദിലീപിന് ഇന്ന് ജാമ്യമില്ല. ദിലീപിന്റെ ജാമ്യാപേക്ഷ അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.
3.ബിജെപി ദേശീയ കൗണ്‍സിലിന്‍റെ നടത്തിപ്പിനായി പണം സമാഹരിക്കുന്നതിന് വ്യാജ രസീത് അച്ചടിച്ച സംഭവത്തിൽ ബിജെപി ദേശീയ നേതൃത്വം അന്വേഷണം ആരംഭിച്ചു
4.ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവം വിദഗ്ധസമിതി അന്വേഷിക്കും. ചികിത്സ നല്‍കുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ചപറ്റിയെന്ന ആരോപണം അന്വേഷിക്കാന്‍ ആരോഗ്യവകുപ്പാണ് വിദഗ്ദ സമിതിയെ നിയോഗിച്ചത്.
5.ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി ബിസിസിഐ
6. അയോധ്യ രാമജന്മഭൂമി കേസില്‍ സുപ്രിംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും
7.പളനിസ്വാമി- പനീര്‍ശെല്‍വം പക്ഷങ്ങള്‍ യോജിച്ച് എൻഡിഎയിലേക്ക്
Post Your Comments