ന്യൂയോര്‍ക്ക് : ലോകത്തെ ഏറ്റവും ആശങ്കപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മദ്യപന്‍മാരുടെ എണ്ണത്തിലെ വര്‍ദ്ധനവും, മദ്യപാനത്തെ തുടര്‍ന്നുള്ള അസുഖങ്ങളും ലോകത്ത് വര്‍ദ്ധിച്ചുവരുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ടുള്ള അമേരിക്കയിലെ പഠന ഗവേഷണ കേന്ദ്രം പറയുന്നു. അമേരിക്കയിലെ റോയല്‍ കോളേജ് ഓഫ് സൈക്കാട്രിസ്റ്റിന്റെ പഠനമനുസരിച്ച് അമേരിക്കയിലെ ദശലക്ഷക്കണക്കിനാളുകള്‍ അവര്‍ക്കാവുന്നതിലും അധികം മദ്യം കഴിക്കുന്നവരാണ്. ഹെറോയിനും കഞ്ചാവും ഉണ്ടാക്കുന്നതിനെക്കാള്‍ ദൂഷ്യം മദ്യം സമൂഹത്തിലുണ്ടാക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ആശുപത്രികളിലെത്തുന്ന സംഭവങ്ങളില്‍ ഒട്ടുമിക്കവയിലും മദ്യം ഒരു വില്ലനായി ഒരുഭാഗത്തുണ്ടാവും.
ഒരാള്‍ക്ക് എത്ര കഴിക്കാമെന്ന് തിരിച്ചറിയുകയാണ് മദ്യപന്‍ ആദ്യം ചെയ്യേണ്ടത്. ഓരോ തരം മദ്യത്തിലെയും ആല്‍ക്കഹോളിന്റെ അംശം വ്യത്യസ്തമായിരിക്കും. അതനുസരിച്ച് അളവില്‍ വ്യത്യാസം ഉണ്ടാവുകയും ചെയ്യും. എ.ബി.വി (ആല്‍ക്കഹോള്‍ ബൈ വോളിയം) എന്നോ വോള്‍ (vol) എന്നോ കുപ്പിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടാവും. ബിയറിലും മറ്റും നാലുമുതല്‍ ഏഴുശതമാനം വരെ ആല്‍ക്കഹോള്‍ ഉണ്ടാവാം. വിസ്‌കിയിലും ബ്രാന്‍ഡിയിലും 40 ശതമാനം മുതല്‍ മുകളിലേക്കാവും. ഇത് ഓരോ രാജ്യത്തിനും വ്യത്യസ്തമായിരിക്കും.
അമേരിക്കയിലെ കണക്കനുസരിച്ച് സാധാരണ ഒരാള്‍ക്ക് ഒരു ദിവസം കഴിക്കാവുന്ന മദ്യത്തിന്റെ അളവ് എത്രയാണ്? ബിയറാണെങ്കില്‍ 12 ഔണ്‍സ് (340 എംഎല്‍) വരെയാകാം. വിസ്‌കി, ജിന്‍, റം, ബ്രാന്‍ഡി, വോഡ്ക തുടങ്ങിയവയാണെങ്കില്‍ ഒന്നര ഔണ്‍സ് (ഏകദേശം മുക്കാല്‍ പെഗ്) വരെ. മദ്യപാനം അതിന്റെ പരിധിവിട്ട് പോകുമ്പോഴാണ് ഒരാള്‍ സ്ഥിരം മദ്യപനായി മാറുക. നന്നായി മദ്യപിക്കുന്ന എല്ലാവരും മദ്യത്തിന് അടിപ്പെടണമെന്നില്ലെന്ന് ഡോ. മൊഹിയുദീന്‍ പറയുന്നു. ചിലര്‍ പെട്ടെന്ന് അതിന് വഴിപ്പെട്ടേക്കാം.
ബ്രിട്ടനിലെയും അമേരിക്കയിലെയും കുടിയന്മാരില്‍ 30 ശതമാനവും അപകടകരമായ തലത്തില്‍ മദ്യപിക്കുന്നവരാണ്. മദ്യമുണ്ടാക്കുന്ന ദൂഷ്യവശങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവരിത് ചെയ്യുന്നത്. വിഷാദരോഗം മുതല്‍ കാന്‍സറും ലിവര്‍ സിറോസിസുമടക്കം മാരകമായ പലരോഗങ്ങള്‍ക്കും മദ്യം വഴിതുറക്കുന്നു. 60-ഓളം രോഗങ്ങള്‍ക്ക് മദ്യം കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും പ്രമേഹത്തിനും മദ്യം കാരണമാകാം.
ചില മുന്നറിയിപ്പുകള്‍ ശരീരം മദ്യത്തിനെതിരേ തരാറുണ്ട്. അത് കാണാതെ പോകരുത്. തലവേദന, ഓര്‍മക്കുറവ്, ഹാങ്ങോവര്‍, മന്ദത തുടങ്ങിയവ തല നല്‍കുന്ന മുന്നറിയിപ്പുകളാണ്. ശ്വാസകോശത്തില്‍ തുടര്‍ച്ചയായി അണുബാധ, ന്യുമോണിയക്കുള്ള സാധ്യത എന്നിവ നെഞ്ചില്‍നിന്ന് കിട്ടും. വിഷാദരോഗം, ഉറക്കമില്ലായ്മ, ആശങ്ക, ദേഷ്യം, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും വഴക്കടിക്കുക തുടങ്ങിയ ഹൃദയത്തിന്റെ മുന്നറിയിപ്പുകളാണ്.
വയറുവേദന, വയറ്റില്‍ രക്തസ്രാവം, ഛര്‍ദി, ക്ഷീണം, വയറിളക്കം, പോഷകക്കുറവ്, അള്‍സര്‍ എന്നിവ വയറ്റിനുള്ളിലുണ്ടാവാം. മദ്യം ചിലരെ ഉണര്‍ത്തുമെന്ന് പറയാറുണ്ടെങ്കിലും ലൈംഗികകാര്യങ്ങളില്‍ ശേഷിക്കുറവാണ് പുരുഷന്മാര്‍ക്ക് മദ്യം സമ്മാനിക്കുന്നത്. സ്ത്രീകളില്‍ വന്ധ്യത, ആര്‍ത്തവക്രമം തെറ്റുക, ഗര്‍ഭിണികളാണെങ്കില്‍ ഗര്‍ഭഛിദ്രം, ചാപിള്ളപിറക്കല്‍, മാസം തെറ്റി പിറക്കല്‍ തുടങ്ങിയവയും സംഭവിക്കാം. കൈകള്‍ക്ക് വിറയല്‍, കാലുകളില്‍ സന്ധിവേദന തുടങ്ങിയവയും മദ്യം സമ്മാനിക്കുന്ന മറ്റു ചില അസ്വസ്ഥതകളാണ്.
Post Your Comments