ന്യൂഡല്‍ഹി: ബ്ലൂവെയില്‍ ഓണ്‍ലൈന്‍ ഗെയിം ചലഞ്ചിനടിമകളായി ആത്മഹത്യയ്ക്ക് ശ്രമിച്ച് രണ്ട് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ സോളാപൂര്‍, മധ്യപ്രദേശിലെ ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തിയത് . ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂണെയിലേക്ക് തനിക്ക് ലഭിച്ച ടാസ്ക് പൂര്‍ത്തിയാക്കാന്‍ ബസില്‍ പോകുകയായിരുന്നു വിദ്യാർത്ഥിയെ കണ്ടെത്തിയത്.
രാജേന്ദ്രനഗറിലെ ചമാലി ദേവി പബ്ലിക് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയെ സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടാന്‍ ശ്രമിച്ചപ്പോഴാണ് കണ്ടെത്തിയത്. സഹപാഠികളായ വിദ്യാര്‍ഥികള്‍ കൃത്യസമയത്ത് പിന്നിലേയ്ക്ക് പിടിച്ചുവലിച്ചതിനാല്‍ താഴേയ്ക്ക് വീഴാതെ ജീവന്‍ രക്ഷിക്കാനായതായി രാജേന്ദ്രനഗര്‍ എഎസ്പി രൂപേഷ് കുമാര്‍ ദ്വിവേദി പറഞ്ഞു. ബ്ലൂവെയില്‍ ഗെയിമിന് കീഴ്പെട്ട് ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് മുംബൈയില്‍ 14 വയസ്സുകാരന്‍ കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. മന്‍പ്രീത് സിങ്ങ് എന്ന വിദ്യാര്‍ഥിയാണ് കിഴക്കന്‍ അന്ധേരിയില്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി മരിച്ചത്.
അപകടകാരിയായ ബ്ലൂ വെയിൽ ഗെയിം നിരവധി പേരുടെ ജീവൻ ഇതിനോടകം തന്നെ എടുത്തുകഴിഞ്ഞു. ഗെയിമിന്റെ ആദ്യ ഘട്ടങ്ങളില്‍ മുറിയില്‍ തനിച്ചിരുന്ന് ഹൊറര്‍ സിനിമകള്‍ കാണുന്ന ചിത്രം അപ് ലോഡ് ചെയ്യാന്‍ അഡ്മിൻ ആവശ്യപ്പെടും. തുടര്‍ന്ന് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയതിന്റെ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്യണം. തുടർന്ന് അമ്പതാം ദിവസം യുവാക്കളോട് ആത്മഹത്യ ചെയ്യാന്‍ നിര്‍ദ്ദേശം ലഭിക്കും. ഗെയിമിന് അടിമകളായവർ അത് അനുസരിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.
Post Your Comments