KeralaLatest NewsNews

മനുഷ്യ ജീവന് വിലയില്ലാതായ മണിക്കൂറുകൾ: മുരുകന്റെ ജീവനായി ഏഴ് മണിക്കൂര്‍ അലഞ്ഞ ദൃക് സാക്ഷിയുടെ വാക്കുകൾ ആരെയും നൊമ്പരപ്പെടുത്തുന്നത്

അപകടത്തില്‍ പെട്ട മുരുകനുമായി ആശുപത്രികളായ ആശുപത്രികള്‍ കയറിയിറങ്ങേണ്ടി വന്ന രക്ഷാപ്രവര്‍ത്തകന്‍ പറയുന്നത് കേട്ടാൽ ആരും ഒരു നിമിഷം സ്പദ്ധരാകും.അപകടത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാന്‍ ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ആംബുലന്‍സില്‍ ഏഴ് മണിക്കൂര്‍ അലഞ്ഞ് ഒടുവിൽ കണ്മുന്നിൽ ആ ജീവൻ പൊലിഞ്ഞതു കണ്ടു നിസഹായനായി നിൽക്കേണ്ടിവന്ന ഒരാൾ ആണ് ഇത് പങ്കുവെച്ചത്. പോലീസ് വിവരം അറിയിച്ചതിനെ തുടർന്നാണ് ഇവർ രക്ഷാ പ്രവർത്തനത്തിനായി എത്തിയത്. പോലീസ് കൊട്ടിയം കിംസ് ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ഒരാള്‍ അപകടവിവരം അറിയിക്കുന്നത്.

വെന്റിലേറ്റര്‍ സൗകര്യമുള്ള ട്രാക്കിന്റെ ( സംഘടനയുടെ ) ആംബുലന്‍സിലേക്ക് പരിക്കേറ്റയാളെ മാറ്റിയിരുന്നു അപ്പോഴേക്ക്.എന്നാല്‍ ന്യൂറോ സര്‍ജനില്ലെന്ന കാര്യം പറഞ്ഞ് അവിടെ നിന്ന് മെഡിട്രീനയിലേക്ക് മാറ്റുകയായിരുന്നു ന്യൂറോസർജൻ ഇല്ലെന്ന കാരണം അവരും പറഞ്ഞു.അവിടെ നിന്ന് മെഡിസിറ്റിയിലെത്തി. കൂട്ടിരിപ്പുകാരന്‍ ഇല്ലാത്തതിനാല്‍ എടുക്കില്ലെന്നായിരുന്നു അവരുടെ ന്യായം. അപ്പോഴേക്കും രണ്ടുമണിക്കൂർ പിന്നിട്ടിരുന്നു. പരിക്കേറ്റ ആളിന്റെ നില വഷളാവുകയും ചെയ്യുന്നു.തലയുടെ പിന്‍ഭാഗത്തുനിന്ന് ചെറുതല്ലാത്ത രീതിയിൽ രക്തം പോകുന്നുണ്ടായിരുന്നു. കൈകാലുകള്‍ ഒടിഞ്ഞിരുന്നു. അബോധാവസ്ഥയിലായതിനാല്‍ മറ്റു വിവരങ്ങള്‍ ചോദിച്ചറിയാനുമായില്ല.

മറ്റു മാര്‍ഗമില്ലാതെ 60 കിലോമീറ്റര്‍ ദൂരമുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിക്കാൻ അവസാനം തീരുമാനിച്ചു.യാത്രക്കിടെ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ട്രാക്ക് സപ്പോര്‍ട്ടേഴ്സ് എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ വിവരം കൈമാറി. ഇതു കണ്ട് മോട്ടോര്‍ വാഹന വകുപ്പില്‍ ഇന്‍സ്പെക്ടർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവരം അറിയിച്ചു.സര്‍ജറി വേണമെന്നും വെന്റിലേറ്റര്‍ ആവശ്യമുണ്ടെന്നും ആശുപത്രിയില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒരുമണിയോടെ മെഡിക്കൽ കോളേജിലെത്തി. ‘കൊല്ലത്തുനിന്ന് വന്നതല്ലേ, പറഞ്ഞിരുന്നു’ എന്ന് കാഷ്വാലിറ്റിയില്‍ നിന്ന് അറിയിപ്പ് കിട്ടി.പക്ഷേ, മൂന്നു മണിക്കൂറോളം കാത്തുകിടക്കേണ്ട ദുരവസ്ഥയായിരുന്നു പിന്നീട്.

രോഗിയുടെ അവസ്ഥ വഷളാവുകയായിരുന്നെങ്കിലും നഴ്സിന്റെ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. എത്ര ക്രിട്ടിക്കലായി വന്നാലും ഒന്നോ രണ്ടോ മണിക്കൂര്‍ കിടന്നാല്‍ വെന്റിലേറ്റര്‍ ലഭ്യമാക്കുന്നതാണ് മെഡിക്കല്‍ കോളേജിലെ പതിവ്.രക്ഷപ്പെടുത്താം എന്നു തന്നെയായിരുന്നു ഞങ്ങളുടെ വിശ്വാസം.നാലുമണിയായിട്ടും ഒന്നും നടക്കില്ലെന്നായപ്പോള്‍ തിരുവനന്തപുരത്തെ മറ്റ് ആശുപത്രികളിലേക്ക് വിളിച്ചു. അനന്തപുരി, കോസ്മോപൊളിറ്റന്‍ എന്നീ ആശുപത്രികളില്‍ വെന്റിലേറ്ററില്ലെന്നായിരുന്നു മറുപടി. പിന്നെ പോങ്ങുംമൂട് എസ്.യു.ടി റോയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ന്യൂറോ സര്‍ജനില്ലെന്നു പറഞ്ഞു.

എങ്ങനെയെങ്കിലും ആശുപത്രിയിലേക്ക് മാറ്റിയേ പറ്റൂ. വെന്റിലേറ്ററുള്‍പ്പെടെ അത്യാധുനിക സംവിധാനമുള്ള ആംബുലന്‍സായതിനാലാണ് ജീവന്‍ നിലനിര്‍ത്താനായത്.പക്ഷെ ആശുപത്രിയിലേക്ക് മാറ്റിയില്ലെങ്കിൽ രോഗി രക്ഷപ്പെടില്ല.മറ്റു ഓപ്ഷനില്ലാതെ മിയ്യണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജില്‍ വിളിക്കുകയും അവര്‍ പറഞ്ഞതനുസരിച്ച്‌ എത്തിക്കുകയും ചെയ്തു.
ആശുപത്രിയിലിറക്കി കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയ ശേഷമാണ് അവര്‍ പറയുന്നത് ന്യൂറോ സര്‍ജനില്ലെന്ന്. അവിടെ നിന്ന് കൊട്ടിയം സി.ഐയെ വിളിച്ച്‌ കാര്യം പറഞ്ഞപ്പോള്‍ മെഡിസിറ്റിയിലേക്ക് കൊണ്ടു പോകാന്‍ പറഞ്ഞു. അപ്പോഴേക്കും ഏകദേശം അഞ്ചുമണിയായി.

അപ്പോഴേക്ക് രോഗിയുടെ നില കൂടുതല്‍ വഷളാവുകയായിരുന്നു. വരുംവഴി ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞിരുന്നു. കൊട്ടിയം കഴിഞ്ഞപ്പോള്‍ നഴ്സ് പറഞ്ഞു, വളരെ ക്രിട്ടിക്കല്‍ ആണെന്ന്.അങ്ങനെയാണ് കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇത്തരം ക്രിട്ടിക്കലായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സൗകര്യമുള്ള ആശുപത്രിയല്ലത്. റഫര്‍ ചെയ്യാന്‍ മാത്രമേ പറ്റൂ. ഡോക്ടറെത്തി ഇ.സി.ജി പരിശോധിച്ചു. അവര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അപ്പോഴേക്ക് ആ അപരിചിതന്‍ ലോകം വിട്ടിരുന്നു.”കൂടെ ആളില്ലാത്തതിനാലാണ് ഇവരെല്ലാം ഇങ്ങനെ ചെയ്തതെന്ന് ഉറപ്പാണ്. ഞങ്ങളുടെ അനുഭവത്തിലാദ്യമായാണ് ഇത്തരത്തില്‍ ഒരു മരണം നടന്നത്. ” ട്രാക്കിലെ രക്ഷാ പ്രവർത്തകൻ മാതൃഭൂമിയോട് പങ്കുവെച്ചതാണ് ഈ വിവരങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button