Latest NewsKerala

റേഷന്‍കാര്‍ഡില്‍ വീടുണ്ടെങ്കില്‍ വീട്ടിലെ മറ്റംഗങ്ങള്‍ക്ക് വീട് അനുവദിക്കില്ല

കോഴിക്കോട്: ലൈഫ്മിഷന്‍ ഭവനപദ്ധതി വഴി വീട് സ്വപ്നം കാണുന്നവർക്ക് തിരിച്ചടിയായി സർക്കാർ തീരുമാനം. ഒരു റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ടവരില്‍ ആര്‍ക്കെങ്കിലും വീടുണ്ടെങ്കില്‍ മറ്റുള്ളവരെ ലൈഫ്മിഷന്‍ ഭവനപദ്ധതിയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍. ഭൂമിയുണ്ടെങ്കിലും സ്വന്തമായി വീടില്ലാത്തവര്‍, വീടും ഭൂമിയും സ്വന്തമായില്ലാത്തവര്‍, ഇവ പാരമ്പര്യസ്വത്തായി ലഭിക്കാനില്ലാത്തവര്‍ എന്നിങ്ങനെയുള്ള കുടുംബങ്ങള്‍ക്കാണ് ലൈഫ് മിഷനില്‍ സര്‍ക്കാര്‍ വീട് നിര്‍മ്മിച്ചുനല്‍കുന്നത്. ഭുമിയുള്ളവര്‍ക്ക് വീടിന് ധനസഹായവും ഭൂമിയും വീടുമില്ലാത്തവര്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ ഭവനസമുച്ചയമുണ്ടാക്കി നല്‍കുന്നതുമാണ് പദ്ധതി.

ലൈഫ്മിഷന്‍ പദ്ധതിയില്‍ ഒരു റേഷന്‍കാര്‍ഡില്‍ പേരുള്ളവരെയെല്ലാം ഒരു കുടുംബമായാണ് കണക്കാക്കുക. റേഷന്‍കാര്‍ഡില്‍ പേരുള്ളവരില്‍ ആര്‍ക്കെങ്കിലും സ്വന്തമായി വീടുണ്ടെങ്കില്‍ മറ്റുള്ളവരെയും ഗുണഭോക്താവായി പരിഗണിക്കില്ലെന്ന് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതിയുടെ മാര്‍ഗരേഖയിലാണ് സര്‍ക്കാര്‍ വ്യക്തിമാക്കിയിട്ടുള്ളത്.

മറ്റു ഭവനപദ്ധതികളിലൊന്നും ഇതുവരെയില്ലാത്ത മാനദണ്ഡമാണിത്. ഈ മാനദണ്ഡപ്രകാരം പിതാവിനോ, മാതാവിനോ ഭൂമിയുണ്ടെങ്കില്‍ അവരുള്‍പ്പെട്ട കാര്‍ഡിലുള്ള മക്കള്‍ക്കു വീട് ലഭിക്കില്ല. കൂട്ടുകുടംബം തുടരുന്നവരുടെയിടയില്‍ സഹോദരന്‍മാരുടെയോ മറ്റോപേരില്‍ വീടുണ്ടെങ്കിലും അപേക്ഷ തിരസ്‌കരിക്കപ്പെടും. ലൈഫ്മിഷന്‍ ഗുണഭോക്താക്കളുടെ പ്രാഥമിക കരടുപട്ടിക തദ്ദേശസ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെടാതെപോയവര്‍ക്ക് 10ാം തീയതിവരെ അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കിയിരിക്കുകയാണ്. പട്ടികയില്‍ ഉള്‍പ്പെടാത്ത നിരവധിപേര്‍ ഓരോ തദ്ദേശസ്ഥാപനങ്ങളിലും അപേക്ഷനല്‍കി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button