കോട്ടയം: റോഡരികിൽ കഞ്ചാവ് ചെടി വളർത്തിയ ആളെ കണ്ടെത്താൻ എക്സൈസ്. കഞ്ചാവ് ചെടി വളർത്തിയ വിരുതനെ കണ്ടെത്താൻ എക്സൈസ് രഹസ്യാന്വേഷണം ആരംഭിച്ചു. കഞ്ചാവ് ചെടി കണ്ടെത്തിയത് മുക്കാലി കൊന്പാറ ഭാഗത്ത് നെടുമാവ്-അരുവിക്കുഴി റോഡിൽ വരിക്കമാക്കൽ പാലത്തിന്റെ കരിങ്കൽ കെട്ടിലാണ്.
78 സെന്റീമീറ്റർ നീളമാണ് മൂന്നു മാസം പ്രായമുള്ള ചെടിക്കുള്ളത്. കഴിഞ്ഞ ദിവസം പാമ്പാടി എക്സൈസ് ഇൻസ്പെക്ടർ വി.പി.അനൂപിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം ഇതുവഴി വന്നപ്പോൾ ഒരു വഴിയാത്രക്കാരനാണ് കഞ്ചാവ് ചെടി സംബന്ധിച്ച വിവരം നല്കിയത്. ഉടനെ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ശരിയാണെന്ന് കണ്ടെത്തി.
തൊണ്ടിമുതലായി കഞ്ചാവ് ചെടി പിഴുത് കസ്റ്റഡിയിലെടുത്തു. ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തു. ഇന്ന് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കഞ്ചാവ് ചെടി ഹാജരാക്കും. എന്നാൽ കഞ്ചാവ് ചെടി വഴിയരികിൽ താനേ മുളയ്ക്കാനുള്ള സാധ്യത തീരെയില്ലെന്ന് എക്സൈസ് വിലയിരുത്തുന്നു.
ആരെങ്കിലും വളർത്തിയതാകാമെന്ന നിഗമനത്തിലാണ് എക്സൈസ്. ഇതേക്കുറിച്ച് നാട്ടിൽ രഹസ്യമായി അന്വേഷണം നടത്തി വരികയാണ്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവരെ നിരീക്ഷിച്ചു വരികയാണ്.
Post Your Comments