ന്യൂഡൽഹി: രാജ്യത്ത് എസ്.യുവികൾക്കും ആഢംബര കാറുകൾക്കും വില കൂടുന്നു. വില കൂടാൻ കാരണം ജി.എസ്.ടി സെസ് ഉയർത്താൻ തീരുമാനിച്ചതാണ്. 15 ശതമാനത്തിൽ നിന്നും 25 ശതമാനമായാണ് കാറുകളുടെ സെസ് വർധിപ്പിച്ചത്. ഇതോടെ എസ്.യു.വികളും ആഢംബരവും ഹൈബ്രിഡും ഉൾപ്പെടെ എല്ലാത്തരം കാറുകൾക്കും വില കൂടിയേക്കും.
കേന്ദ്രധനമന്ത്രി അരുൺ ജെയ്‍റ്റിലിയുടെ അധ്യക്ഷതയിൽ ആഗസ്റ്റ് അഞ്ചിന് നടന്ന 20–ാം ജി.എസ്.ടി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആഢംബര വാഹനങ്ങളുടെ നികുതി സെസ് വർധിപ്പിച്ചതോടെ 53 ശതമാനമാകും. 28 ശതമാനം ജി.എസ്.ടിയും 15 ശതമാനം സെസും ഉള്‍പ്പെടെ 43 ശതമാനമാണ് നിലവില്‍ ഈ ശ്രേണിയില്‍പ്പെട്ട വാഹനങ്ങള്‍ക്ക് നൽകേണ്ട നികുതി. സെസ് 25 ശതമാനമാക്കി വർദ്ധിപ്പിക്കുന്നതോടെ നികുതി 53 ശതമാനമാകും.
സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളോ വലിയ സെഡാനോ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇനി 10 ശതമാനം നികുതി അധികം നൽകണം. 53 ശതമാനം നികുതി നാല് മീറ്ററിലധികം നീളവും 1,500 സിസിയിൽ അധികം എഞ്ചിൻ കരുത്തുള്ള വാഹനങ്ങൾക്കുമാണ് ഈടാക്കുക. 1200 സിസിയുള്ള വാഹനത്തിന് 28 ശതമാനം ജി.എസ്.ടിക്ക് പുറമേ ഒരു ശതമാനം സെസും 1500 സിസി വരെയുള്ള വാഹനത്തിന് 3 ശതമാനം അധിക സെസും എന്ന നില തുടരും.
സാധാരണ കാറുകളുടെ വില 300 മുതൽ 30,000 രൂപ വരെയാണ് ജി.എസ്.ടി വന്നതോടെ കുറഞ്ഞത്. ജി.എസ്.ടി മൂലം ഏറ്റവുമധികം വിലക്കുറവ് ഉണ്ടായത് എസ്.യു.വി വിഭാഗത്തിലാണ്. ആഢംബര കാർ വിപണിയിൽ ലക്ഷങ്ങളുടെ വിലക്കുറവുമുണ്ടായി.
Post Your Comments