ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഭിക്ഷാടനത്തിനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിന്റെ വിവിധഭാഗങ്ങളില്‍നിന്നും കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും ഭിക്ഷാടനം നടത്താനാണെന്ന് സംശയിക്കുന്നതായി ആന്ധ്രാ പോലീസ്. ഈ രണ്ടുസംസ്ഥാനങ്ങളിലും നേരില്‍ച്ചെന്ന് അന്വേഷണം നടത്തുമെന്നും അവര്‍ പറഞ്ഞു.
ആന്ധ്രയിലെ അനന്തപുരം കദ്രിയില്‍നിന്ന് ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ ആറുവയസ്സുവരുന്ന മൂന്ന് ആണ്‍കുട്ടികളെ കാണാതായിരുന്നു. അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് അനന്തപുരത്തുനിന്ന് പ്രത്യേക പോലീസ് സംഘം ഞായറാഴ്ച ചെന്നൈയില്‍ എത്തിയത്. ആന്ധ്രയില്‍നിന്ന് കുട്ടികളെ കടത്തിക്കൊണ്ടുപോയി കേരളത്തിലും തമിഴ്‌നാട്ടിലും ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം നടത്താനാണ് ചെന്നൈയില്‍ എത്തിയതെന്നും പോലീസ് അറിയിച്ചു. ചെന്നൈയില്‍ അന്വേഷണം നടത്തിയശേഷം ചൊവ്വാഴ്ച കേരളത്തിലേക്കു തിരിക്കാനാണ് പദ്ധതി.
”തിരുവനന്തപുരം, കൊച്ചി, കോട്ടയം എന്നിവിടങ്ങളില്‍ അന്വേഷണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ മേഖലകളില്‍ ഭിക്ഷാടനം നടത്തുന്ന കുട്ടികളുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്” -പോലീസ് വ്യക്തമാക്കി. ഭിക്ഷാടനത്തിനല്ലെങ്കില്‍ ഈ കുട്ടികളെ അനധികൃതമായി ദത്തുനല്‍കാനായിരിക്കും കടത്തിയിരിക്കുകയെന്നും ഇവര്‍ സൂചിപ്പിച്ചു. ‘ആണ്‍കുട്ടികളെ ദത്തെടുക്കാന്‍ താത്പര്യവുമായി പലരും രംഗത്തുവരുന്നുണ്ട്. നിയമാനുസൃതമായി ദത്തെടുക്കണമെങ്കില്‍ കടമ്പകളുണ്ട്. എന്നാല്‍, കുട്ടികളെ നല്‍കാന്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം റാക്കറ്റുകളെ കണ്ടെത്തുകകൂടിയാണ് ലക്ഷ്യം” -പോലീസ് അറിയിച്ചു.
Post Your Comments