തിരുവനന്തപുരം: ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഒരു വിഭാഗം പൊലീസുകാര്‍ സര്‍ക്കാരിന് വീടുപണി ചെയ്യുകയാണെന്ന് രാജഗോപാല്‍ ആരോപിച്ചു. സംസ്ഥാനത്തെ പൊലീസിനെ രാഷ്ട്രീയവല്‍ക്കരിച്ചു. പൊലീസിന് പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കാത്തതിനാലാണ് അക്രമം വര്‍ദ്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന ചര്‍ച്ചയെച്ചൊല്ലി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യുന്നതിനിടെ ഒ. രാജഗോപാലിനെ സംസാരിക്കാന്‍ അനുവദിച്ചതിനെച്ചൊല്ലി സഭയില്‍ ബഹളമുണ്ടായിരുന്നു. ഇത്തരമൊരു നടപടി കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്.
അടിയന്തര പ്രമേയം അവതരിപ്പിച്ച് കെ മുരളീധരന്‍ സംസാരിച്ച് കഴിഞ്ഞ ശേഷമാണ് രാജഗോപാലിനെ പ്രസംഗിക്കാനായി സ്പീക്കര്‍ ക്ഷണിച്ചത്. ഇത് തീര്‍ത്തും തെറ്റായ നടപടിയാണെന്നും ഒരുതരത്തിലും അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. ശ്രദ്ധക്ഷണിക്കലിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നതിനാലാണ് രാജഗോപാലിന് അനുമതി നല്‍കിയതെന്നായിരുന്നു വിശദീകരണം. എന്നാല്‍ ബഹളത്തിനൊടുവില്‍ രാജഗോപാലിന് പിന്നീട് അവസരം നല്‍കാന്‍ തീരുമാനമായി.
Post Your Comments