KeralaLatest NewsNewsParayathe VayyaBusinessPrathikarana Vedhi

ജിഎസ്ടിയുടെ പ്രയോജനം ജനങ്ങളിലെത്തിക്കാതെ തടഞ്ഞുവയ്ക്കുന്നവരോട്

രാജ്യം മുഴുവന്‍ ഒരൊറ്റ നികുതി ഘടന എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി. (ചരക്ക് സേവന നികുതി) നടപ്പാക്കിയത്. ഉല്‍പ്പന്നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഏര്‍പ്പെടുത്തിയിരുന്ന പതിനഞ്ചോളം നികുതികള്‍ക്ക് പകരം ഒരൊറ്റ നികുതി നല്‍കിയാല്‍ മതി എന്നുള്ളതാണ് ജി.എസ്.ടി. നടപ്പാക്കിയതിന്റെ നേട്ടം.

എല്ലാ സംസ്ഥാനങ്ങളിലും ഒരേ നികുതിനിരക്ക് വരുന്നത് സംസ്ഥാനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും വലിയ നേട്ടം തന്നെയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ജിഎസ്ടിയെ കുറിച്ച് ജനങ്ങള്‍ക്കുള്ള സംശയങ്ങളും ആശങ്കളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ജിഎസ്ടി വന്നതോടെ സാധനങ്ങള്‍ക്ക് വില കൂടി എന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വില കൂടിയിട്ടുള്ളത് ബ്രാന്റഡ് സാധനങ്ങള്‍ക്ക് മാത്രമാണ്. സാധാരണ കടകളില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങുന്ന ജനങ്ങള്‍ക്ക് ജിഎസ്ടി കൊണ്ട് നഷ്ടങ്ങള്‍ ഒന്നും തന്നെയില്ല.

ജിഎസ്ടി നടപ്പാക്കിയതോടെ വിപണിയിലെ എഴുപത് ശതമാനം ഉല്‍പ്പന്നങ്ങളുടെയും വില കുറയുകയാണ് ചെയ്തത്. സിനിമ, ടൂറിസം, ഓണ്‍ലൈന്‍ കച്ചവടം, കയറ്റുമതി മേഖല, തുടങ്ങി വ്യവസായ വാണിജ്യ മേഖലകള്‍ക്കെല്ലാം തന്നെ ജിഎസ്ടി നേട്ടമാണ് ഉണ്ടാക്കിയത്. മാത്രവുമല്ല , നികുതി ഭാരത്തില്‍ നിന്നും സാധാരണക്കാര്‍ക്ക് മോചനം ലഭിച്ചുവെന്ന നേട്ടം ജിഎസ്ടി നടപ്പാക്കിയതു കൊണ്ട് ലഭിക്കുകയും ചെയ്തു.
സര്‍ക്കാരിനെ പറ്റിച്ച് നികുതി വെട്ടിപ്പ് നടത്തുന്ന വന്‍കിട കച്ചവടക്കാരെ മാത്രമേ ജിഎസ്ടി ദോഷകരമായി ബാധിക്കുന്നുവുള്ളൂ. ഇപ്പോള്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വളരെ ചുരുങ്ങിയ ആയുസ്സ് മാത്രമേ ഉള്ളു. പുതിയ ഒരു നികുതി സമ്പ്രദായത്തിലേക്ക് മാറുമ്പോള്‍ തുടക്കത്തില്‍ ഉണ്ടാകുന്ന സംശയങ്ങളും ആശയക്കുഴപ്പങ്ങളും കാലക്രമേണ ഇല്ലാതാവും.

ജിഎസ്‌ടി നടപ്പാക്കിയത് കൊണ്ട് സർക്കാരിനും വ്യവസായ, വാണിജ്യ മേഖലകൾക്കും ഉപഭോക്‌താക്കൾക്കും നേട്ടം മാത്രമാണ് ഉണ്ടാകുന്നത്. നികുതി സമ്പ്രദായം ഏകീകൃതമാക്കാൻ കഴിയുന്നു എന്നതാണു സർക്കാരിന്റെ പ്രധാനനേട്ടം. നികുതി പിരിവിന്റെ കാര്യത്തിൽ സംസ്‌ഥാനങ്ങൾക്കിടയിലുള്ള അനാരോഗ്യകരമായ മത്സരം ഇല്ലാതാക്കാനാകും. വ്യവസായ, വാണിജ്യ മേഖലകൾക്കു സുഗമമായി പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കാൻ സർക്കാരിനു സാധ്യമാകുന്നതിനു പുറമെ നിക്ഷേപാനുകൂല കാലാവസ്‌ഥ മെച്ചപ്പെടുത്താനും കഴിയും. സങ്കീർണതകളുടെയും സൗകര്യപൂർവമായ വാദങ്ങളുടെയും ഫലമായുണ്ടാകുന്ന നികുതിചോർച്ച ഒഴിവാക്കാമെന്നതും സർക്കാരിനുണ്ടാകുന്ന നേട്ടമാണ്.

വ്യവസായ, വാണിജ്യ മേഖലകൾക്കാണ് ഏറെ നേട്ടം. നികുതി ബാഹുല്യം കുറഞ്ഞുകിട്ടുന്നതുതന്നെയാണ് ഏറ്റവും വലിയ നേട്ടം. ഒരൊറ്റ നികുതി നിലവിൽവരുന്നതു മൂലം അക്കൗണ്ടിങ് ഉൾപ്പെടെ പിൻഭാഗ ജോലികൾ ഗണ്യമായി കുറയും. വിതരണ ശൃംഖല കൂടുതൽ ഫലപ്രദമാകും. ചരക്കുനീക്കവും സംഭരണവും ഉൾപ്പെട്ട ലോജിസ്‌റ്റിക്‌സ് സംവിധാനങ്ങൾക്കു ചെലവു കുറയും. കൈക്കൂലി നൽകാൻ ചിലപ്പോഴെങ്കിലും നിർബന്ധിതമാകുന്ന സാഹചര്യം ഒഴിവായിക്കിട്ടാൻ ഓൺലൈൻ സംവിധാനം, ചെക്പോസ്‌റ്റുകളുടെ തിരോധാനം എന്നിവ സഹായകമാകുമെന്ന നേട്ടവുമുണ്ട്. ചെക്‌പോസ്‌റ്റുകൾ ഇല്ലാതാകുന്നതോടെ ചരക്കുനീക്കത്തിലെ കാലതാമസം ഒഴിവാകുമെന്നതും വലിയ നേട്ടമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button