ന്യൂഡല്‍ഹി: ഹരിയാന ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന്‍ കഴിഞ്ഞ ദിവസം ആക്രമിക്കാന്‍ ശ്രമിച്ച മുന്‍ ഐഎഎസ് ഓഫീസറുടെ മകള്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി വൈസ് പ്രസിഡന്റ് രാംവീര്‍ ഭട്ടി രംഗത്ത്. രാത്രിയില്‍ പെണ്‍കുട്ടി എന്തിനാണ് പുറത്തിറങ്ങിയത് എന്നാണ് ഭട്ടി ചോദിക്കുന്നത്. പെണ്‍കുട്ടികള്‍ അവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണം. രാത്രി സമയങ്ങളില്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങി നടക്കുന്നത് ഒരിക്കലും നന്നായിരിക്കില്ലെന്നുമായിരുന്നു ഭട്ടിയുടെ പ്രതികരണം.
പെണ്‍കുട്ടിയുടെ വീട്ടുകാരെയും ഭട്ടി കുറ്റപ്പെടുത്തി. മകളെ എന്തിനാണ് രാത്രി തനിച്ച് വിട്ടത്. പുറത്തുപോകുന്ന മക്കള്‍ വീട്ടില്‍ തിരിച്ചെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളാണെന്നും ഭട്ടി പറഞ്ഞു. ചണ്ഡിഗണ്ഡില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ബിജെപി നേതാവിന്റെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് പിന്തുടരുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ കാറിന്റെ ഡോര്‍ തുറക്കാനും വാഹനത്തില്‍ ഇടിക്കാനും ശ്രമിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരെ അറസ്റ്റ് ചെയ്‌തെങ്കിലും മണിക്കൂറുകള്‍ക്കകം പോലിസ് ഇവരെ വിട്ടയക്കുകയായിരുന്നു.
Post Your Comments